'നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാണ്'; ട്രംപിന്റെ മുന്‍മരുമകള്‍ വനേസയുമായി പ്രണയത്തില്‍; അഭ്യൂഹങ്ങള്‍ ശരിവെച്ച് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്

ട്രംപിന്റെ മുന്‍മരുമകള്‍ വനേസയുമായി പ്രണയത്തില്‍; അഭ്യൂഹങ്ങള്‍ ശരിവെച്ച് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്

Update: 2025-03-24 05:16 GMT

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍മരുമകള്‍ വനേസയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്സ്. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ടൈഗര്‍ വുഡ്സ് ബന്ധം വെളിപ്പെടുത്തിയത്. വനേസയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. 'നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാണെ'ന്ന് ടൈഗര്‍ വൂഡ്സ് എക്സില്‍ കുറിച്ചു.

2005ലാണ് വനേസയും ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും വിവാഹിതരായത്. 2018-ല്‍ ബന്ധം വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും അഞ്ചുമക്കളാണ് ഉള്ളത്. 17-കാരിയായ മൂത്ത മകള്‍ കയ് മാഡിസണ്‍ ട്രംപ് ഗോള്‍ഫ് താരം കൂടിയാണ്. ടൈഗര്‍ വുഡ്സിന്റെ രണ്ടുമക്കളായ സാമും ചാര്‍ളിയും പഠിക്കുന്ന അതേ സ്‌കൂളിലാണ് കയ്യും.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വൂഡ്സിനേയും വനേസയേയും ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൂഡ്സ് ശരിവെച്ചിരിക്കുന്നത്. സമാനമായൊരു പോസ്റ്റിലാണ് 2013-ല്‍ ലിന്‍ഡ്സി വോണുമായി ഡേറ്റിങ്ങിലാണെന്ന കാര്യം വുഡ്സ് അറിയിച്ചത്. ഈ ബന്ധം മൂന്നുവര്‍ഷത്തിന് ശേഷം പിരിഞ്ഞു.

സ്വീഡിഷ് മോഡലായ എലിന്‍ നോഡ്രഗ്രിന്‍ ആണ് വൂഡ്സിന്റെ ആദ്യഭാര്യ. 2004-ല്‍ വിവാഹിതരായ ഇരുവരും 2010-ല്‍ പിരിഞ്ഞു. ഈ ബന്ധത്തിലുള്ള മക്കളാണ് സാമും ചാര്‍ളിയും.

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് മകനും പ്രശസ്തിയിലേക്കുയര്‍ന്നത്. യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് ജൂനിയറിന് അറിയാമായിരുന്നുവെന്ന വിവരം അടക്കം അന്ന് വാര്‍ത്തകളില്‍ പുറത്തു വന്നിരുന്നു.

Tags:    

Similar News