നസ്രള്ള കൊല്ലപ്പെട്ടതോടെ മനോവീര്യം ചോര്‍ന്നുപോയെങ്കിലും ഹിസ്ബുള്ള പൂര്‍ണമായി തകരില്ല; ഇസ്രയേല്‍ പ്രഹരത്തില്‍ പത്തി മടക്കിയത് താല്‍ക്കാലികം; നസ്രള്ള രാഷ്ട്രീയമായി വളര്‍ത്തി കൊണ്ടു വന്ന ബന്ധു പിന്‍ഗാമി ആയേക്കും; ഹാഷെം സാഫിയദിന്‍ യുഎസ് ഭീകരനായി മുദ്ര കുത്തിയ നേതാവ്
ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമി ആരായിരിക്കും?
ബെയ്‌റൂട്ട്: ഹിസ്ബുള്ള തലവന്‍ സയദ് ഹസന്‍ നസ്രള്ളയുടെ മരണം തീവ്രഗ്രൂപ്പ് തന്നെ സ്ഥിരീകരിച്ചതോടെ, എന്താകും ഭാവിയെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ഹിസ്ബുള്ളയ്‌ക്കേറ്റ ഏറ്റവും വലിയ പ്രഹരമാണ് 32 വര്‍ഷം ഗ്രൂപ്പിനെ നയിച്ച നസ്രള്ളയുടെ മരണം എന്ന കാര്യത്തില്‍ സംശയമില്ല.
ആരായിരിക്കും പിന്‍ഗാമി?
ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന ചോദ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഏതെങ്കിലും ഒരു നേതാവിനെ പകരം പ്രതിഷ്ഠിക്കാനാവില്ല. ഒരേസമയം, ഹിസ്ബുള്ളയിലെ ആഭ്യന്തര വിഭാഗങ്ങള്‍ക്കും, ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന ഇറാനും സ്വീകാര്യമായ നേതാവിനെയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
ഹസന്‍ നസ്രള്ള ഏതെങ്കിലും സര്‍ക്കാര്‍ പദവി വഹിച്ചിരുന്നില്ലെങ്കിലും ലെബനന്റെ യഥാര്‍ഥ ഭരണാധികാരി അദ്ദേഹം തന്നെയായിരുന്നു. ടെലിവഷനിലൂടെയുള്ള പ്രസംഗങ്ങളിലൂടെയാണ് നസ്രള്ള ഭരിച്ചിരുന്നത്. പ്രസിഡന്റും, പ്രധാനമന്ത്രിയും ഒക്കെയുണ്ടെങ്കിലും നയങ്ങള്‍ എല്ലാം നസ്രള്ളയുടെ വാക്കുകള്‍ ശിരസാ വഹിച്ചുമാത്രം.
ആഗോള ഭീഷണിയായത് നസ്രള്ളയുടെ കാലത്ത്
ലബനനില്‍ ഒതുങ്ങി നിന്ന ഹിസ്ബുള്ള ആഗോള ഭീഷണിയായി മാറിയത് ഹസന്‍ നസറള്ളയുടെ കാലത്താണ്. 1992-ല്‍ മുസാവിയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെയാണ് 32ാം വയസിലാണ് ഹിസ്ബുള്ളയുടെ ഭരണം നസറള്ള ഏറ്റെടുത്തത്. ഹിസ്ബുള്ളയുടെ സായുധ വിഭാഗമായ ജിഹാദ് കൗണ്‍സില്‍ പ്രവര്‍ത്തനവും നസറുള്ള ശക്തമാക്കി. അഞ്ച് വര്‍ഷത്തിന് ശേഷം അമേരിക്ക ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.
ഇസ്രയേലിനെതിരെ നസ്റുള്ളയുടെ ആദ്യത്തെ തിരിച്ചടി വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തിയാണ്. കാര്‍ ബോംബ് ആക്രമണത്തില്‍ തുര്‍ക്കിയിലെ ഇസ്രയേല്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അര്‍ജന്റീനയിലെ ഇസ്രയേല്‍ എംബസിയിലെ മനുഷ്യബോംബ് സ്ഫോടനത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുമായുള്ള ചെറു യുദ്ധത്തില്‍ തെക്കന്‍ ലെബനനില്‍നിന്ന് ഇസ്രയേലിന് പിന്‍മാറേണ്ടി വന്നു. ഇസ്രയേലിന്റെ തിരിച്ചടിയില്‍ നസ്റള്ളയുടെ ഇളയ മകന്‍ കൊല്ലപ്പെട്ടു. മകനെ ഇസ്രായേല്‍ സൈനികര്‍ക്ക് മുന്നില്‍ ഇട്ട് കൊടുത്ത് നസറുള്ള സ്വയം രക്ഷപ്പെട്ടു എന്നും ആരോപണം ഉയര്‍ന്നിരുന്നു. ലെബനന്റെ പഴയ അതിര്‍ത്തികള്‍ പുനഃസ്ഥാപിക്കുമെന്ന് നസ്റുള്ള പ്രഖ്യാപിച്ചു. 2006- ല്‍ ഹിസ്ബുള്ള, ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. 8 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം യുദ്ധമായി വളര്‍ന്നു.
34 ദിവസത്തെ യുദ്ധത്തില്‍ 1,125 ലെബനന്‍കാരും 119 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. നസ്റള്ളയുടെ വീട് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമിട്ടെങ്കിലും രക്ഷപ്പെട്ടു. 2009-ല്‍ ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി നസ്റുള്ള മാനിഫെസ്റ്റോ പുറത്തിറക്കി. നാലു വര്‍ഷത്തിനുശേഷം സംഘടന പുതിയ മേഖലകളിലേക്ക് കടന്നു. ഇറാന് പിന്തുണയുമായി സിറിയയിലേക്ക് പോരാളികളെ അയച്ചു. സിറിയയിലേക്ക് യുദ്ധത്തിന് പോരാളികളെ അയച്ചതിനെ എതിര്‍ത്ത് ലെബനനിലെ സുന്നി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
2000-ല്‍, ഹിബ്ബുള്ളയുടെ നിരന്തര ആക്രമണങ്ങള്‍ കാരണം, തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങിയതോടെ അറബ് ലോകത്ത് നസറുള്ളയുടെ പ്രശസ്തി വര്‍ദ്ധിച്ചു. ഇതോടെ ഹിസ്ബുള്ളയുടെ സ്വന്തം റേഡിയോയിലും സാറ്റലൈറ്റ് ടിവി സ്റ്റേഷനിലും ആളുകളെ അഭിസംബോധന ചെയ്യുന്നതും സ്ഥിരം പരിപാടിയായി. 2021-ല്‍ 10 ലക്ഷം 'പോരാളികള്‍' തങ്ങള്‍ക്കുണ്ടെന്നാണ് നസറള്ള അവകാശപ്പെട്ടത്. ഹിസ്ബുള്ള ലെബനന് ഉള്ളില്‍ സ്വന്തം രാജ്യം സ്ഥാപിച്ചുവെന്നുവേണം പറയാന്‍.
മുസാവിയുടെ സ്വപ്നം കണ്ടതിലും കൂടുതല്‍ മനുഷ്യത്വ രഹിതമായി ഹിസ്ബുള്ളയെ മാറ്റിയത് നസറള്ളയാണ്. ഇക്കാര്യം ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടെല്ലെന്നു വേണം പറയാന്‍. ഇതിനിടെ ഹിസ്ബുള്ള ലെബനനിലെ സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്തു. 2006-ലെ ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം രഹസ്യജീവിതം നയിക്കുന്ന നസറുള്ളയെ പിന്നീട് കൂറ്റന്‍ സ്‌ക്രീനുകളിലെ പ്രസംഗങ്ങളിലൂടെ മാത്രമേ പുറംലോകം കണ്ടിട്ടുള്ളൂ. സെപ്തംബര്‍ 19- ന് ലെബനനിലെ പേജര്‍ സ്ഫോടനങ്ങളെ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമെന്ന് വിളിച്ചുള്ള സ്‌ക്രീന്‍ പ്രസംഗമാണ് ഇതില്‍ ഏറ്റവും ലേറ്റസ്റ്റ്.
നേതൃത്വത്തിലെ ശൂന്യത
നേതൃത്വത്തില്‍ ശൂന്യത ഉണ്ടെന്ന് തോന്നാമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. നസ്രള്ളയുടെ കസിനായ ഹാഷെം സാഫിയദിന്‍ എന്ന നേതാവ് പിന്‍ഗാമിയാകും എന്നാണ് സൂചന. ഇപ്പോള്‍ ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും ജിഹാദ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
സാഫിയദിനെ തന്റെ പിന്‍ഗാമിയായി നസ്രള്ള വളര്‍ത്തി കൊണ്ടുവരികയായിരുന്നു. സംഘടനയിലെ വിവിധ പദവികള്‍ നല്‍കി പടിപടിയായുള്ള വളര്‍ച്ച. കുടുംബ ബന്ധം, നസ്രള്ളയോടുള്ള ശാരീരിക സാമ്യം, മതപുരോഹിത പാരമ്പര്യം എല്ലാം പിന്‍ഗാമിയാകാനുള്ള യോഗ്യതകള്‍ കൂട്ടുന്നു.
അമേരിക്ക ഭീകരനായി മുദ്ര കുത്തിയ നേതാവ്
2017 ല്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് സാഫിയദിനെ ഭീകരനായി മുദ്ര കുത്തിയിരുന്നു. മറ്റു പ്രമുഖ ഹിസ്ബുള്ള നേതാക്കളുടെ മരണത്തിന് പിന്നാലെ ഇസ്രയേലിനോട് പക വീട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു സാഫിയദിന്‍.
നസ്രള്ളയ്ക്ക് പകരം ഹിസ്ബുളളയുടെ നേതൃസ്ഥാനം ഏറ്റെടുക്കുക വലിയ വെല്ലുവിളിയാണ്. ഹിസ്ബുള്ളയുടെ നേതൃശ്രേണിയെ തന്നെ ഇസ്രയേന്‍ സൈന്യം തകര്‍ത്തുതരിപ്പണമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. നിരവധി കമാന്‍ഡര്‍മാരുടെ മരണം, പേജര്‍ സ്‌ഫോടനം, ഹിസ്ബുള്ള ആസ്ഥാനത്തിന് നേരേയുള്ള വ്യോമാക്രമണം എല്ലാം ഹിസ്ബുള്ളയെ അടിമുടി ഉലച്ചുകളഞ്ഞു. നസ്രള്ള കൊല്ലപ്പെട്ടാലും ഹിസ്ബുള്ള പൂര്‍ണമായി തകരില്ലെങ്കിലും അദ്ദേഹത്തിന്റെ അഭാവം തീര്‍ച്ചയായും ഗ്രൂപ്പിന്റെ മനോവീര്യത്തെ ബാധിക്കും. ഇസ്രയേലിന്റെ സൈനിക-സുരക്ഷാ മേല്‍ക്കൈക്ക് അടിവരയിടുന്നത് കൂടിയാണ് സമീപകാല സംഭവങ്ങള്‍.