വാടക നല്‍കി ഖജനാവ് മുടിക്കണോ? എന്തുകൊണ്ട് കേരളത്തിന് സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടാ? ഓരോ സംസ്ഥാനത്തും ഓരോ വാടക; ചിപ്സണ്‍ ഏവിയേഷന്‍ നടത്തുന്ന 'ആകാശക്കളി'യില്‍ ദുരൂഹത; ആംബുലന്‍സ് റോഡില്‍ മരണപാച്ചില്‍ നടത്തുമ്പോള്‍ ലക്ഷങ്ങള്‍ വാങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പൊരുത്തക്കേടുകള്‍ ഇങ്ങനെ
എന്തുകൊണ്ട് കേരളത്തിന് സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടാ?
തിരുവനന്തപുരം: മാസം 80 ലക്ഷം രൂപ വാടക നല്‍കി കേരള സര്‍ക്കാര്‍ പോറ്റുന്ന ഹെലികോപ്റ്റര്‍ എവിടെ? കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആലിന്‍ ഷെറിന്‍ എന്ന പിഞ്ചുകുഞ്ഞിന്റെ ഹൃദയവുമായി ജയനീഷും ശരത്തും ആംബുലന്‍സില്‍ മരണപ്പാച്ചില്‍ നടത്തുമ്പോള്‍, ആകാശത്ത് 'എയര്‍ ആംബുലന്‍സ്' ആയി പറക്കേണ്ട ഹെലികോപ്റ്റര്‍ എവിടെയായിരുന്നു?
തീരദേശ നിരീക്ഷണത്തിനും വിഐപി യാത്രകള്‍ക്കുമൊപ്പം 'എയര്‍ ആംബുലന്‍സ്', 'അവയവ കൈമാറ്റം' എന്നിവയ്ക്കായി മാസം 15 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നാണ് ചിപ്‌സണ്‍ ഏവിയേഷനുമായുള്ള കരാറിലുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ ഡിജിപിക്ക് അധികാരവുമുണ്ട്. എന്നിട്ടും 227 കിലോമീറ്റര്‍ ദൂരം മൂന്നേമുക്കാല്‍ മണിക്കൂര്‍ എടുത്ത് റോഡ് മാര്‍ഗ്ഗം താണ്ടേണ്ടി വന്നു.
വാടക 80 ലക്ഷം; ഉപയോഗം അതീവ രഹസ്യം!
ഹെലികോപ്റ്റര്‍ വാടകയെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും ചോദിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന് മൗനമാണ്. മന്ത്രിമാരും കുടുംബാംഗങ്ങളും എത്ര തവണ പറന്നു എന്ന ചോദ്യത്തിന് മറുപടിയില്ല. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്; അവയവങ്ങള്‍ കൊണ്ടുപോകാന്‍ അഞ്ചുവര്‍ഷത്തിനിടെ വെറും ആറു തവണ മാത്രമാണ് ഈ സേവനം ഉപയോഗിച്ചത്. സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുമ്പോള്‍, ലക്ഷങ്ങള്‍ വാടക നല്‍കുന്ന ഹെലികോപ്റ്റര്‍ ആര്‍ക്കുവേണ്ടിയാണ് വിശ്രമിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനിടെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഹെലികോപ്റ്റര്‍ വാടകയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഒരേ ഇനം ഹെലിക്കോപ്റ്ററുകള്‍ക്ക് നല്‍കുന്ന വാടകയില്‍ വലിയ പൊരുത്തക്കേടുകളാണ് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. കേരളം ചിപ്സന്‍ ഏവിയേഷന്റെ ആറു സീറ്റുള്ള ഹെലിക്കോപ്റ്ററിന് 25 മണിക്കൂര്‍ പറക്കാന്‍ പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കുമ്പോള്‍, സമാനമായ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഹെലിക്കോപ്റ്ററിന് 20 മണിക്കൂര്‍ പറക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ സ്യാന്ദന്‍ ഏവിയേഷന് നല്‍കുന്നത് 1.06 കോടി രൂപയും നികുതിയുമാണ്. എന്നാല്‍ ഗുജറാത്തിലാകട്ടെ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹംസില്‍ നിന്ന് 25 മണിക്കൂര്‍ സേവനത്തിനായി പ്രതിമാസം 2.69 കോടി രൂപയാണ് ഈടാക്കുന്നത്. ഒരേ ഇനം ഹെലിക്കോപ്റ്ററുകള്‍ക്ക് (Airbus H135 പോലുള്ളവ) ഓരോ സംസ്ഥാനത്തും ഇത്രയധികം വാടക വ്യത്യാസം വരുന്നത് കരാറുകളിലെ സുതാര്യതയെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഹെലികോപ്ടര്‍ എന്തുകൊണ്ട് സ്വന്തമായി വാങ്ങിക്കൂടാ?
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തമായി വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സ്വന്തമാക്കിയിട്ടുണ്ട്. വര്‍ഷം തോറും കോടിക്കണക്കിന് രൂപ വാടകയിനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ലാഭകരം സര്‍ക്കാര്‍ സ്വന്തമായി ഒരെണ്ണം വാങ്ങുന്നതല്ലേ? ഖജനാവില്‍ നിന്ന് പണം ചോരുമ്പോഴും എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ സുതാര്യമായ ഒരു നയം സര്‍ക്കാര്‍ സ്വീകരിക്കാത്തത്?വാടക കരാറുകളിലെ ഈ അന്തര്‍സംസ്ഥാന വ്യത്യാസങ്ങളെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്തിയാല്‍ മാത്രമേ ഭരണകൂടത്തിന്റെ നിസ്സംഗതയ്ക്കും ഖജനാവ് ചോര്‍ത്തലിനും പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവരൂ എന്നും ജേക്കബ് കെ ഫിലിപ്പ് നിരീക്ഷിക്കുന്നു.
ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം:
കേരള സര്‍ക്കാര്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലിക്കോപ്ടറിന്റെ ഉപയോഗം, വാടക എന്നിവ വീണ്ടും വാര്‍ത്തയാകുമ്പോള്‍, ഇന്ത്യയില്‍ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളെപ്പറ്റി ശ്രദ്ധയില്‍പ്പെട്ട കുറച്ചു കാര്യങ്ങള്‍-
ഒരു മാസം 25 മണിക്കൂര്‍ ഉപയോഗിക്കാന്‍, കേരളം, ചിപ്സന്‍ ഏവിയേഷന്റെ ആറു സീറ്റുള്ള എയര്‍ബസ് എച്ച്135 ഹെലിക്കോപ്ടറിന് 80 ലക്ഷം രൂപ (ജിഎസ്ടി ഉള്‍പ്പെടെ) വാടക നല്‍കുമ്പോള്‍ ആറു സീറ്റുതന്നെയുള്ള ഒരു ഹെലികോപ്ടര്‍ 20 മണിക്കൂര്‍ പറത്തുന്നതിന് ബിഹാര്‍ സര്‍ക്കാര്‍ സ്യാന്ദന്‍ ഏവിയേഷന്‍ എന്ന കമ്പനിക്ക് മാസം നല്‍കുന്നത് ഒരു കോടി ആറുലക്ഷത്തിഎണ്പതിനായിരം രൂപയും നികുതിയുമാണ് (ഹെലികോപടര്‍ വിട്ടു നല്‍കുന്നതിന് മാസം 87 ലക്ഷം രൂപ നിശ്ചിത തുകയും പറക്കുന്ന ഓരോ മണിക്കൂറിനും 99,000 രൂപ വീതവും).
ഗുജറാത്ത് സര്‍ക്കാരിന്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹംസ്, മാസം 25 മണിക്കൂറെന്ന വ്യവസ്ഥയില്‍ ഹെലികോപ്ടര്‍ നല്‍കുന്നത് രണ്ടുകോടി അറുപത്തിയൊന്‍പതുലക്ഷത്തി അന്‍പതിനായിരും രൂപയ്ക്കും. ഹെലികോപ്ടര്‍ എത്ര സീറ്റുള്ളതാണെന്ന് വ്യക്തമല്ല- എട്ടു സീറ്റാകാനാണ് സാധ്യത.
കേരളത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടിയ തുകയ്ക്കാണ്, നിലവില്‍ ആന്ധ്രപ്രദേശ്, ഒഡീഷ, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്റ്റേറ്റുകള്‍ക്ക് ഹെലികോപ്ടറുകള്‍ വാടകയ്ക്ക് കൊടുക്കുന്നത് എന്നാണ് ചിപ്സന്‍ ഏവിയേഷന്‍ തന്നെ പറയുന്നതും.
ഹെലികോപ്ടറ്റര്‍ വാടകയില്‍ (അതും മിക്കപ്പോഴും ഒരേ ഇനം ഹെലിക്കോപ്ടര്‍) ഇങ്ങിനെ സംസ്ഥാനം തോറും ഇത്രയും വ്യത്യാസം വരുന്നതെന്തുകൊണ്ടായിരിക്കും?
നമ്മുടെ മാധ്യമങ്ങള്‍ക്ക് ചെറിയൊരു സംസ്ഥാനാന്തര അന്വേഷണം തീര്‍ച്ചയായും നടത്താവുന്നതാണ്. മറ്റൊരു കാര്യം (ചോദ്യം) കൂടി-
നിലവില്‍, മഹാരാഷ്ട്രയക്കും ഉത്തര്‍ പ്രദേശിനും ഗുജറാത്തിനും, മധ്യപ്രദേസിനും ഹരിയാനയ്ക്കും സ്വന്തമായി വിമാനമുള്ളപ്പോള്‍ എന്തുകൊണ്ട്, കേരളത്തിനും ഒരു പ്രൈവറ്റ് ജെറ്റോ ഹെലിക്കോപ്ടറോ സ്വന്തമായി വാങ്ങിക്കൂടാ?
