പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും ബൈസരണിലെ പുല്‍മേട്ടിലേക്ക് യന്ത്രത്തോക്കുകളുമായി ഭീകരര്‍ കടന്നുവന്നപ്പോള്‍ ഒരൊറ്റ സുരക്ഷാ സൈനികനും അവിടെ ഇല്ലാതിരുന്നത് എന്തുകൊണ്ട്; അത് ഗുരുതര വീഴ്ചയല്ലേ? സിന്ധു നദീജലകരാര്‍ റദ്ദാക്കിയത് എന്തിന്? സര്‍വ്വകക്ഷിയോഗത്തില്‍ ചോദ്യങ്ങള്‍ തൊടുത്ത് പ്രതിപക്ഷം; കേന്ദ്രത്തിന്റെ ക്യത്യമായ മറുപടി ഇങ്ങനെ
ബൈസരണില്‍ എന്തുകൊണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു?
ന്യൂഡല്‍ഹി: ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമിലെ ബൈസരണില്‍ എന്തുകൊണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു? ഈ ചോദ്യം സംഭവശേഷം പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍, ഈ ചോദ്യം വീണ്ടും ഉന്നയിക്കുകയും, കൃത്യമായ ഉത്തരം കിട്ടുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, ആഭ്യന്തര മന്ത്രി അമിത്ഷായുമാണ് യോഗം വിളിച്ചുചേര്‍ത്തത്.
ആക്രമണം ഉണ്ടായ മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന ബൈസരണിലെ പുല്‍മേട്ടിലേക്ക് പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നാണ് ഭീകരര്‍ എത്തിയത്. അപ്പോള്‍, അവരെ ചെറുക്കാനും വിനോദസഞ്ചാരികളെ രക്ഷിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. 26 ജീവനുകള്‍ ഒറ്റദിവസം കൊണ്ട് ഇല്ലാതായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ആം ആദ്മി എംപി സഞ്ജയ് സിങ്് എന്നിവരാണ് ചോദ്യം ചോദിച്ചത്.
ജൂണില്‍ ആരംഭിക്കുന്ന വാര്‍ഷിക അമര്‍നാഥ് യാത്രയ്ക്ക് മുമ്പാണ് ബൈസരണില്‍ സുരക്ഷാ സന്നാഹങ്ങള്‍ സാധാരണഗതിയില്‍ ഒരുക്കാറുള്ളത്. ആ സമയത്താണ് ഈ വഴി ഔദ്യോഗികമായി തുറക്കുന്നത്. അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ഇടത്താവളമാണ് ബൈസരണ്‍. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി സുരക്ഷാ സേനയെ നിയോഗിക്കാറുമുണ്ട്.
ഏപ്രില്‍ 20 മുതല്‍ പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മേഖലയിലേക്ക് വിനോദ സഞ്ചാരികളെ അനധികൃതമായി കൊണ്ടുപോയി തുടങ്ങി. അമര്‍നാഥ് തീര്‍ഥാടനത്തിനായി സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വളരെ മുമ്പേ പ്രാദേശിക ഭരണകൂടത്തെ അറിയിക്കാതെയാണ് പോണി സവാരിയും മറ്റും തുടങ്ങിയത്. അതുകൊണ്ട് തന്നെ സേനാസാന്നിധ്യം സ്ഥലത്തുണ്ടായില്ല.
ഇന്ത്യക്ക് സംഭരണശേഷി കുറവാണെങ്കില്‍ എന്തുകൊണ്ടാണ് സിന്ധു നദീജല കരാര്‍ റദ്ദാക്കിയതെന്നും പ്രതിപക്ഷം സര്‍വ്വകക്ഷിയോഗത്തില്‍ ചോദിച്ചു. ഈ നീക്കം ഉടനടി ഫലം കാണാന്‍ ലക്ഷ്യമിട്ടല്ലെന്നും പ്രതീകാത്മകവും, തന്ത്രപ്രധാനവുമായ നടപടിയാണെന്നും സര്‍ക്കാരിലെ ഉന്നതര്‍ വിശദീകരിച്ചു. ' കടുത്ത നടപടി തന്നെ എടുക്കുമെന്ന സര്‍ക്കാര്‍ ഉദ്ദേശ്യം വ്യക്തമാക്കാനാണ് കരാര്‍ മരവിപ്പിച്ചത്. ശക്തമായ സന്ദേശം നല്‍കാനാണ് അങ്ങനെ ചെയ്തത്. ഭാവിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഈ തീരുമാനം വ്യക്തമാക്കുന്നു', ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യത്തെ കുറിച്ചുളള പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വിശകലനത്തോടെയാണ് യോഗം തുടങ്ങിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ഐബി ഡയറക്ടര്‍ തപന്‍ ദേക്കയുടെ അവതരണവും ഉണ്ടായിരുന്നു. ബിജെപി അദ്ധ്യക്ഷനും രാജ്യസഭാ നേതാവുമായ ജെ പി നദ്ദ, എന്‍സിപി-എസ്പിയിലെ സുപ്രിയ സുലെ, എന്‍സിപിയിലെ പ്രഫുല്‍ പട്ടേല്‍, ബിജെഡിയിലെ സസ്മിത് പാത്ര, ശിവസേനയിലെ ശ്രീകാന്ത് ഷിന്‍ഡെ, ആര്‍ജെഡിയിലെ പ്രേംചന്ദ് ഗുപ്ത, ഡിഎംകെയിലെ തിരുച്ചി ശിവ, എസ്പിയിലെ ഗോപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.