പല നിക്ഷേപകരുടെയും മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്ഥ; തട്ടിപ്പിനിരയായ നിക്ഷേപകരും, സ്വര്‍ണാഭരണം പണിക്കൂലിയില്ലാതെ വാങ്ങാന്‍ അഡ്വാന്‍സ് ബുക്ക് ചെയ്തവരും അങ്കലാപ്പില്‍; പാലക്കാട്ടെ ഷോറൂമില്‍ ബഹളം വച്ച് സ്ത്രീകള്‍ അടക്കമുള്ള നിക്ഷേപകര്‍; ഐടി റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന് എതിരെ വന്‍പ്രതിഷേധം
അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന് എതിരെ വന്‍പ്രതിഷേധം
കൊച്ചി: സംസ്ഥാനത്ത് ആദായനികുതി റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ അല്‍മുക്താദിര്‍ ജ്വല്ലറിക്കെതിരെ നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നു. 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്.
പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് പൂജ്യം ശതമാനത്തിന് സ്വര്‍ണാഭരണം വില്‍ക്കുന്നു എന്ന് വമ്പന്‍ പരസ്യങ്ങള്‍ നല്‍കി നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നാണ് അല്‍മുക്തിദിറിന് എതിരെയുള്ള മുഖ്യ ആരോപണം. ഈ ജ്വല്ലറി ശൃംഖലയില്‍ കഴിഞ്ഞ മൂന്നുദിവസമായി ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.
മണിച്ചെയിന്‍ മാതൃകയില്‍ അല്‍മുക്താദിര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇത് വ്യക്തിപരമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്തിയിട്ടില്ല.
പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍ നടന്നത്. മുംബൈയിലെ ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അല്‍മുക്താദിറുമായി നടത്തിയ സ്വര്‍ണക്കച്ചവടത്തില്‍ 400 കോടിയുടെ തിരിമറി കണ്ടെത്തി. ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്.
സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ ഉടമയെ ഇന്നലെ ഉച്ചയ്ക്ക് ശേഷം എറണാകുളം ഷോറൂമില്‍ നിന്ന് അറസ്റ്റ് ചെയ്തു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. അനധികൃതമായി നിക്ഷേപം സ്വീകരിച്ച രേഖകളുടെ പകര്‍പ്പ് ഓരോ ഷോറൂമില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
സ്റ്റോക്ക് രജിസ്റ്ററില്‍ പറയപ്പെടുന്ന സ്വര്‍ണം കടകളിലില്ലാത്തതിനാല്‍ മറ്റൊരു കുറ്റകൃത്യമായി നികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. ഒന്നിനും ഒരു കണക്കും ഇവരുടെ ഒരു ഷോറൂമിലും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഉദ്യോഗസ്ഥരുടെ ഒരു ചോദ്യത്തിനും ഒരു മറുപടിയും ഇവരില്‍ നിന്ന് ലഭിക്കുന്നില്ല. എല്ലാ ഷോറൂമുകളിലെയും മാനേജര്‍മാരുടെ വീടുകളിലും പരിശോധന തുടരുകയാണ്. ഇയാളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെ വീടുകളിലും ആദായ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുകയാണ്. ഇടനിലക്കാര്‍ പലരും ഒളിവിലാണ്.
വന്‍തോതില്‍ നിക്ഷേപം നല്‍കി തട്ടിപ്പിനിരയായവര്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പല നിക്ഷേപകരുടെയും മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്ഥയിലാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിലേറെയായി നിക്ഷേപകര്‍ കൂട്ടത്തോടെ ഇയാളുടെ ഷോറൂമുകളില്‍ സത്യാഗ്രഹം ഇരുന്നതാണ്. മൂന്ന് ദിവസമായി അതിനും കഴിയുന്നില്ല. കടയുടെ അടുത്തേക്ക് വരുന്ന നിക്ഷേപകരെ പോലീസ് അകത്തേക്ക് കയറ്റുന്നില്ല. തട്ടിപ്പിനിരയായ നിക്ഷേപകരും, സ്വര്‍ണാഭരണം പണിക്കൂലിയില്ലാതെ വാങ്ങുന്നതിന് അഡ്വാന്‍സ് ബുക്ക് ചെയ്തവരും അങ്കലാപ്പിലാണ്. നിക്ഷേപകര്‍ പാലക്കാട്ടെ ഷോറൂമില്‍ ബഹളം വയ്ക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
മുന്നറിയിപ്പുകള്‍ അവഗണിച്ചു?
അടുത്തിടെ അല്‍മുക്താദിര്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന ആരോപണവുമായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ രംഗത്തുവന്നിരുന്നു. പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായാണ് ജുവല്ലറി എത്തിയതെന്നാണ് ഉത്തരവാദിത്തപ്പെട്ട അബ്ദുല്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം. അതോടൊപ്പം തന്നെ വ്യാജഹാള്‍ മാര്‍ക്കിംഗ് മുദ്ര ഉപയോഗിച്ചാണ് ഇവര്‍ ആഭരണങ്ങള്‍ വില്‍ക്കുന്നതെന്നും ആരോപിച്ചിരുന്നു.
സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം രേഖപ്പെടുത്തിയത് അനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സ് നടത്തിയ റെയ്ഡും അതിനെ തുടര്‍ന്ന് കണ്ടുകെട്ടിയ ആഭരണങ്ങളും ഇപ്പോഴും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കസ്റ്റഡിയില്‍ തന്നെയാണ്. അതിനു പിന്നാലെയാണ് അല്‍മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിട്ടുള്ളത്.
10 ശതമാനത്തില്‍ അധികം നിക്ഷേപം പലിശ വാഗ്ദാനം ചെയ്യുന്നവര്‍ തട്ടിപ്പ് നടത്താനാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഇല്ലാതെ പോകുന്നതാണ് ഇത്തരക്കാരുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. 30%മുതല്‍ 35 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുമ്പോള്‍ അത് തട്ടിപ്പാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. അങ്ങനെ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയവരുടെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ഹൈറിച്ച്, ക്രെഡിറ്റ് സൊസൈറ്റി തുടങ്ങിയവരുടെ 3000, 3500 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത് എന്ന് ആരോപിച്ച് ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് വിവിധ ജില്ലകളില്‍ ധര്‍ണാസമരം നടത്തിയിരുന്നു. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
ഒട്ടേറെ പേരുടെ കൈകളില്‍ നിന്നും പണം പഴയ സ്വര്‍ണ്ണമായി വരവ് വെച്ച് 100 രൂപ പത്രത്തില്‍ ഒപ്പിട്ടരേഖ നല്‍കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമവ്യവസ്ഥയ്ക്കും എതിരായിട്ടുള്ളതാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നടപടിയായി മാത്രമാണ് ആദായനികുതി വകുപ്പ് ഇതിനെ കാണുന്നത്. ഇത്തരം തട്ടിപ്പുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പരാതി മുഖവിലയ്‌ക്കെടുത്താണ് റെയ്ഡുകള്‍ തുടരുന്നത്.
സ്വര്‍ണം സൂക്ഷിച്ചതിന് കണക്കില്ല
സ്വര്‍ണം സൂക്ഷിച്ചതിന് അടക്കം പലതിനും കണക്കില്ലെന്നാണ് ഇന്‍കംടാക്സ് തിരുവനന്തപുരം യൂണിറ്റിന്റെ കണ്ടെത്തല്‍. അല്‍മുക്താദിറിന് നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടകള്‍ നേരത്ത മറുനാടന്‍ പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ പരാതികളായി പുറത്തു വരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്
ജുവല്ലറിയില്‍ മുന്‍കൂര്‍ പണം സ്വീകരിച്ചുള്ള സ്വര്‍ണ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടനന്നത്. മുന്‍കൂര്‍ പണം വാങ്ങിയ ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. മുന്‍കൂര്‍ ഡിപ്പോസിറ്റ് സ്വീകരിക്കുന്ന മാര്‍ഗ്ഗം ജുവല്ലറിയുടെ ഓരോ ശാഖകളിലും നടക്കുന്നുണ്ട്. ഇങ്ങനെ വന്‍തോതില്‍ പലരില്‍ നിന്നുമായി പണം വാങ്ങിയിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പിന്റെ പിടി വീണത്.
പത്രങ്ങളിലെ പരസ്യം കണ്ട് നിരവധി ഉപഭോക്താക്കള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്നതിന് ഇയാളുടെ ഷോറൂമുകളില്‍ എത്തുന്നവരില്‍ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി സ്വീകരിച്ചിരുന്നു. മൂന്നും,ആറും മാസവും, ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണ്ണം നല്‍കാമെന്ന് ഉറപ്പിന്മേലാണ് ഇങ്ങനെ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നില്ല. പല ഉപഭോക്താക്കളും കടയടപ്പിക്കാതെ രാത്രി വെളുക്കുവോളം അവിടെ തപസ്സിരുന്നു മറ്റു ഷോറൂമുകളില്‍ നിന്നും സ്വര്‍ണം എത്തിച്ച് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രവണതയാണ് ഇപ്പോള്‍ ജുവല്ലറിയില്‍ നടക്കുന്നത് എന്നാണ് അബ്ദുള്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം.
്അടുത്തകാലത്തായി ഐക്യരാഷ്ട്രസഭയുടെ ആഗോള സമാധാന സമിതിയുടെ എക്‌സലന്‍സ് അവാര്‍ഡ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമിന് ലഭിച്ചുവെന്ന വിധത്തില്‍ വലിയ പ്രചരണം ഈ ജുവല്ലറി ഗ്രൂപ്പ് നടത്തിയിരുന്നു. ഇത് തട്ടിപ്പാണെന്ന് പിന്നാലെ വ്യക്തമാകുകയും ചെയ്തിരുന്നു. അതേസമയം അല്‍ മുക്താദിര്‍ സ്ഥാപനങ്ങള്‍ക്ക് എ.കെ.ജി.എസ്.എം.എ എന്ന സംഘടനയും ഉയര്‍ത്തിയ ആരോപണങ്ങള്‍ വ്യാജമെന്നായിരുന്നു അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം പറഞ്ഞത്.