രാത്രി വെളിച്ചമില്ല; കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായി മടങ്ങുന്നതിനിടെ; കാട്ടാനയാക്രമണം ഒരാള്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ തിരച്ചലില്‍; ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയില്‍; കാട്ടായാനയാക്രമണത്തില്‍ ഇനിയും എത്ര ജീവന്‍വേണം അധികൃതര്‍ക്ക് എന്ന് നാട്ടുകാര്‍; മൃതദേഹം എടുക്കാന്‍ അനുവദിക്കാതെ പ്രതിഷേധം

Update: 2025-04-25 04:02 GMT

വയനാട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൂളക്കുന്ന് സ്വദേശിയും മേപ്പാടിയില്‍ താമസിക്കുകയുമായിരുന്ന അറുമുഖന്‍ (66) ദാരുണമായി കൊല്ലപ്പെട്ടു. രാത്രി ഒന്‍പതു മണിയോടെയായിരുന്നു ദാരുണ സംഭവം. അരിയുമായി മടങ്ങുന്ന വഴിയിലായിരുന്നു ആക്രമണം. നാട്ടുകാരുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയിലായിരുന്നു.

വന്യജീവികളുടെ ശല്യം സ്ഥിരമായിരിയ്ക്കുന്ന ചെമ്പ്ര മലയുടെ താഴ്വരയിലേക്കാണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ എരുമക്കൊല്ലി തോട്ടം മേഖലയാണ് ദുഃഖസംഭവത്തിന്റെ അരങ്ങ്. വെറും രണ്ട് മാസത്തിന് മുമ്പ് അതേ പഞ്ചായത്തിലെ അട്ടമലയില്‍ ബാലകൃഷ്ണനും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കാട്ടാന ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുകയാണ് ഇപ്പോള്‍ നാട്ടുകാര്‍. ''ശാശ്വത പരിഹാരം ഉറപ്പാക്കാതെ മൃതദേഹം മാറ്റാനില്ല'' എന്ന നിലപാടിലാണ് ജനങ്ങള്‍. ഡിഎഫ്ഒ അജിത് കെ. രാമന്‍ സ്ഥലത്തെത്തി, ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമം നടത്തി. അറുമുഖന്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയാണ്. പതിനൊന്നാം വര്‍ഷമായി പൂളക്കുന്നില്‍ താമസിച്ചുവരികയായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: രാജന്‍, സത്യന്‍.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ വിവിധ സ്ഥലങ്ങളിലായി കാട്ടാനകളുടെ ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അതിരപ്പള്ളിയിലും സമാനമായ സാഹചര്യത്തിലാണ് മൂന്നു പേര്‍ ജീവന്‍ നഷ്ടപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയവരാണ് അധികവും ആക്രമണത്തിന് ഇരയായത്.

വന്യജീവി ശല്യത്തെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വനംവകുപ്പ് ഓഫിസുകള്‍ ഉപരോധിച്ചിരിക്കുകയാണ്. കാട്ടാന ആക്രമണങ്ങളില്‍ കയറ്റം വന്നിട്ടും സര്‍ക്കാര്‍ നടപടികളില്ലാതെ മാറിനില്‍ക്കുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിപക്ഷവും ഈ വിഷയം ശക്തമായി ഉയര്‍ത്തിയിട്ടുണ്ട് 'സര്‍ക്കാര്‍ ജനത്തെ ആകസ്മിക മരണം വഴിയേ വിടുകയാണ്,'' എന്നും അവര്‍ കുറ്റപ്പെടുത്തി.

Tags:    

Similar News