അമ്മയുടെ ഓര്‍മ്മയ്ക്കായുള്ള സ്വര്‍ണം സൂക്ഷിച്ചിരുന്നത് സാരിക്കുള്ളില്‍; പഴയ വസ്ത്രങ്ങള്‍ ചോദിച്ച് നാടോടി സ്ത്രീകള്‍ക്ക് സ്വര്‍ണത്തിന്റെ കാര്യം ഓര്‍ക്കാതെ ആ സാരിയും എടുത്ത് നല്‍കി; സ്വര്‍ണം നഷ്ടമായെന്ന് അറിഞ്ഞ് അവരെ തപ്പി വനജ; ഒടുവില്‍ സാരിക്കുള്ളില്‍ നിന്ന് സ്വര്‍ണം ലഭിച്ചു; നാടോടി സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞ് വനജ; കൂടെ സ്വര്‍ണം തിരികെ ലഭിച്ചതിന്റെ ആശ്വാസവും
മലപ്പുറം: സ്വര്‍ണത്തിന്റെ വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തിന് അടുത്തായി ഗ്രാമിന്റെ വില. ഒരു പവന്‍ സ്വര്‍ണം എടുക്കണമെങ്കില്‍ ഒരു ലക്ഷത്തിന് മുകളില്‍ പണം നല്‍കേണ്ടി വരും. അതിന്റെ ജിഎസ്ടിയും പണിക്കൂലിയും എല്ലാം കൂടി ചേര്‍ത്ത്. അപ്പോള്‍ നമ്മുടെ കൈവശമുള്ള സ്വര്‍ണം എത്രയും വിലപ്പെട്ടതാണെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. ഈ വില കൂടി ഇരിക്കണ സമയത്താണ് കുറുമ്പലങ്ങോട് സ്വദേശിനി വനജയ്ക്ക് അമ്മയുടെ ഓര്‍മ്മയായി സൂക്ഷിച്ചിരുന്ന നാലു പവനോളം സ്വര്‍ണം കാണാതാകുന്നത്. പക്ഷേ എന്തോ ഭാഗ്യം എന്ന് പറയട്ടെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ സ്വര്‍ണം വനജയെ തേടി തിരികെ വീട്ടില്‍ തന്നെ എത്തി.
സെപ്റ്റംബര്‍ പത്തിനാണ് പഴയ വസ്ത്രങ്ങള്‍ ചോദിച്ച് കര്‍ണാടക സ്വദേശികളായ കുറച്ച് നാടോടി സ്ത്രീകള്‍ വനജയുടെ വീട്ടില്‍ എത്തുന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന സാരിയും വനജ ഇവര്‍ക്ക് അറിയാതെ എടുത്ത് നല്‍കി. എന്നാല്‍ കൊടുക്കുമ്പോഴും വനജയ്ക്ക് സ്വര്‍ണത്തിനെ പറ്റി ഓര്‍മ്മ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഭര്‍ത്താവ് സേതുവിന് സ്വര്‍ണം പോയ വിവരം മനസ്സിലാകുന്നത്. തുടര്‍ന്ന് അദ്ദേഹം എടക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെകട്ര്‍ എം അസൈനാരെയാണ് കാര്യങ്ങള്‍ അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹം നാടോടി സ്ത്രീകള്‍ താമസിക്കുന്ന സ്ഥലങ്ങളും താമസിക്കുന്ന രീതിയെക്കുറിച്ചുമെല്ലാം ആ പോലീസ് ഉദ്യേഗസ്ഥന്‍ പറഞ്ഞുകൊടുത്തു. ശേഷം സേതുവും ഭാര്യ വനജയും കൂടി നാടോടികള്‍ താമസിക്കുന്ന എടക്കര കാട്ടിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സിലെത്തി. തുടര്‍ന്ന് ഇവരോട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ ഇവര്‍ സാരി അടിക്കിവെച്ചിരിക്കുന്ന സ്ഥലത്തേക്ക് എത്തി. അതില്‍ തിരയാന്‍ തുടങ്ങി.
പരിശോധനയില്‍ സാരി അവര്‍ക്ക് ലഭിക്കുകയും സ്വര്‍ണം സാരിക്കുള്ളില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു. നാടോടികള്‍ക്ക് പരിതോഷികം കൊടുത്താണ് സ്വര്‍ണവുമായി അവര്‍ മടങ്ങിയത്. കുറച്ച് ദിവസം കൂടി താമസിച്ചിരുന്നുവെങ്കില്‍ ഈ നാടോടികള്‍ ആ തുണിത്തരങ്ങളുമായി നാട് വിട്ടേനെ. പിന്നീട് അവര്‍ക്ക് കണ്ടെത്താന്‍ പോലും സാധിക്കുമായിരുന്നില്ല.