'ലോക വേദിയിൽ കൈത്തറി ശ്രദ്ധ നേടുന്നതിൽ അഭിമാനം'; കൈത്തറിയെ പ്രശംസിച്ച് മുഖ്യമന്ത്രിയുടെയും, വ്യവസായ മന്ത്രിയുടെയും കുറിപ്പെത്തിയിട്ട് രണ്ട് മാസം പിന്നിടുമ്പോൾ കൈത്തറി തൊഴിലാളികളും ജീവനക്കാരും ശമ്പളമില്ലാത്ത ആറാംമാസത്തിലേക്ക്; സംയുക്ത സമര സമിതിയുണ്ടാക്കി പ്രതിഷേധത്തിനൊരുങ്ങി തൊഴിലാളികൾ
തിരുവനന്തപുരം: ശമ്പളവും ആനുകൂലങ്ങളും മുടങ്ങിയതോടെ പ്രതിസന്ധിയിലായി ഹാൻവീവ് കൈത്തറി തൊഴിലാളികൾ. 6 മാസത്തോളമായി ജീവനക്കാരുടെ ശമ്പളവും ആനുകൂലിനകളും മുടങ്ങിയിരിക്കുകയാണ്. വിരമിച്ച ജീവനക്കാരുടെ പെൻഷനും, നെയ്ത്ത് തൊഴിലാളികളുടെ കൂലിയും വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുകയാണ്. സർക്കാരിന്റെ അവഗണക്കെതിരെ സംയുക്ത സമര സമിതിയുണ്ടാക്കി ശക്തമായി മുന്നോട്ട് പോകാനാണ് ജീവക്കാരുടെ തീരുമാനം. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഒരുറപ്പും നൽകാൻ മേലധികാരികൾക്കും കഴിഞ്ഞിട്ടില്ല. ഇതോടെ വലിയ പ്രതിസന്ധിയാണ് ജീവനക്കാരും, നെയ്ത്ത് തൊഴിലാളികളും നേരിടുന്നത്.
ജോലി ഉപേക്ഷിച്ച് പോകാൻ പോലും ജീവനക്കാർ ആലോചിക്കുന്നതായും ജീവനക്കാർ പറയുന്നത്. 72 ഓളം ജീവനക്കാർക്ക് 6 മാസത്തോളമായി ശമ്പളം മുടങ്ങിയിരിക്കുന്നത്. ഇതോടെ നിത്യ ചെലവുകൾക്കും, വായ്‌പ്പ അടവുകൾ അടക്കാൻ പോലും തൊഴിലാളികൾ കഷ്ടപ്പെടുകയാണ്. കഴിഞ്ഞ ജനുവരിയിൽ ഡ്രൈവർ തസ്തികയിൽ ജോലിക്ക് കയറിയവർക്കും 2 മാസത്തെ ശമ്പളം മുടങ്ങിയിരുന്നു. പിന്നീട് നടന്ന സമരത്തെ തുടർന്നാണ് ഇവർക്കും ശമ്പളം നൽകിയത്. 2016 മുതൽ ഹാൻവീവിൽ ശമ്പളം മുടങ്ങുന്നത് പതിവാണെന്നാണ് ജീവനക്കാർ പറയുന്നത്. കുടിശ്ശികയുടെ മാസങ്ങള്‍ കൂടുമ്പോള്‍ ജീവനക്കാര്‍ സമരത്തിനിറങ്ങും.
സംഘടനയോ സര്‍ക്കാറോ നടത്തുന്ന ഒത്തുതീര്‍പ്പില്‍ ഇവര്‍ പിന്‍വാങ്ങും. വീണ്ടും ഇത് ആവര്‍ത്തിക്കും. നാനൂറിലധികം ജീവനക്കാരുണ്ടായിരുന്നത് 170 ആയും, നൂറിലധികം ഷോറൂമുകള്‍ ഉണ്ടായിരുന്നത് നാല്‍പ്പതായും ഇക്കാലയളവില്‍ ചുരുങ്ങിയിട്ടുണ്ട്. 1,500ഓളം വരുന്ന നെയ്ത്ത് തൊഴിലാളികൾക്കും കൂലി മുടങ്ങിയയിട്ട് 6 മാസത്തോളമായെന്നാണ് തൊഴിലാളികൾ പറയുന്നത്. ശമ്പള പരിഷ്ക്കരണം പോലും നടന്നിട്ട് വർഷങ്ങളായി. എന്നാൽ ശമ്പളമെങ്കിലും കൃത്യസമയത്ത് നൽകാമെന്നാണ് ജീവനക്കാരുടെ ആവശ്യം. സ്ഥാപനത്തിൽ നിന്നും വിരമിച്ച ആളുകൾക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. പിഎഫ് വിഹിതം പോലും കോർപറേഷൻ അടക്കാത്തതിനാൽ ജീവിതം തന്നെ വഴി മുട്ടിയ അവസ്ഥയിലാണ് ജീവനക്കാർ.
കഴിഞ്ഞ ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ നടി അനന്യ ഷാന്‍ഭാഗ് കൈത്തറി വസ്ത്രം ധരിച്ചെത്തിയതില്‍ അതിന്റെ ഡിസൈനറായ പൂര്‍ണിമ ഇന്ദ്രജിത്തിനേയും അവരുടെ പ്രാണ എന്ന സ്വകാര്യ ഡിസൈനിങ് സ്ഥാപനത്തേയും പ്രകീര്‍ത്തിച്ചുകൊണ്ട് വ്യവസായമന്ത്രി പി. രാജീവും മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. നമ്മുടെ കൈത്തറി, ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിലുള്ള ആഹ്ലാദവും അഭിമാനവുമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്ക് വെച്ചത്.
ലോകമാകെ പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നത്. ഒപ്പം ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തുള്‍പ്പെടെ കേരളത്തില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും വ്യവസായ സൗഹൃദ കേരളത്തില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തയാണ് എന്നായിരുന്നു പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാര്‍ച്ച് ആദ്യവാരമായിരുന്നു ഇവര്‍ ഈ കുറിപ്പിട്ടത്. എന്നാൽ കൈത്തറിയെ പ്രകീർത്തിച്ച് കൊണ്ട് കുറിപ്പിട്ട് രണ്ട് മാസം പിന്നിടുമ്പോഴും കേരളത്തില്‍ സര്‍ക്കാറിനു കീഴിലുള്ള കൈത്തറി തൊഴിലാളികളും ജീവനക്കാരും ശമ്പളമില്ലാത്ത ആറാംമാസത്തിലേയ്ക്ക് കടക്കുകയാണ്.