പെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും; തെരുവില്‍, പിണറായി സര്‍ക്കാരിന് എതിരെ വീറോടെ പൊരുതി ചോരയൊലിപ്പിച്ചവര്‍ക്ക് എന്നും പിന്നാമ്പുറത്ത് കിടക്കാം; കെപിസിസി പുന: സംഘടനയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി പി വൈ ഷാജഹാനെ പോലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍; കാര്യമായ അതൃപ്തിയില്ലെന്ന കെപിസിസി അദ്ധ്യക്ഷന്റെ വാക്കുകള്‍ പാഴാകുമ്പോള്‍

പെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും

Update: 2025-10-17 16:24 GMT

കൊച്ചി: കെപിസിസി പുന: സംഘടനയില്‍ അതൃപ്തി കടുക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍ പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഷാഫി പറമ്പിലിന്റെ കമ്മിറ്റിയില്‍ സഹ ഭാരവാഹികളായിരുന്ന ഇരുപത്തിയാറോളം പേര്‍ ഇപ്പോഴും സ്ഥാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയാണ്. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ പരിഗണിക്കാത്തതില്‍ ഇവര്‍ കടുത്ത പ്രതിഷേധത്തിലാണ്.

കോണ്‍ഗ്രസില്‍ ചില നേതാക്കളുടെ പെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരമായി സ്ഥാനമാനങ്ങള്‍ ലഭിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍ കുറ്റപ്പെടുത്തി. സ്ഥാനങ്ങള്‍ ഉണ്ടായിരുന്നവര്‍ തന്നെ വീണ്ടും പരിഗണിക്കപ്പെടുമ്പോള്‍ കേസുകളുമായി കോടതികളും പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങുന്നവര്‍ അവഗണിക്കപ്പെടുകയാണ്. നേതാക്കളുടെ ഗുഡ് ബുക്കില്‍ കയറിയാല്‍ മാത്രമേ പാര്‍ട്ടിയില്‍ പരിഗണിക്കപ്പെടൂ എന്നത് പാര്‍ട്ടിയെ തകര്‍ക്കും. നേതാക്കള്‍ കുറച്ച് കൂടി പക്വത കാണിക്കണം. പാര്‍ട്ടി വെട്ടി പിടിക്കാന്‍ നടക്കുന്ന നേതാക്കള്‍ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അറിയുന്നില്ലെന്നും ഷാജഹാന്‍ പറഞ്ഞു. പരസ്പര വിശ്വാസമില്ലാത്തവരുടെ കൂട്ടായ്മയായി കോണ്‍ഗ്രസിനെ മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുനഃസംഘടനയില്‍ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതിയായവരുമായ നിരവധി യുവജനങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും അതൃപ്തി നിലനില്‍ക്കുന്നുണ്ട്. സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പ്രധാന പരാതി. സംഘടന തെരഞ്ഞെടുപ്പില്‍ നായര്‍-മുസ്ലീം വിഭാഗങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചതായും ഒരു വിഭാഗം ആരോപണമുയര്‍ത്തുന്നു.

ഷാഫി പറമ്പിലിന്റെ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമാരായിരുന്ന റിജില്‍ മാങ്കുറ്റി, റിയാസ് മുക്കോളി, എന്‍.എസ്. നുസൂര്‍, എസ്.എം. ബാലു എന്നിവരെ ഒഴിവാക്കി കെ.എസ്. ശബരിനാഥനെ മാത്രം പരിഗണിച്ചെന്നതാണ് ഒരു പ്രധാന പരാതി. കെപിസിസി ഭാരവാഹികളാകുമെന്ന പ്രതീക്ഷയിലുണ്ടായിരുന്ന ചാണ്ടി ഉമ്മന്റെ അനുകൂലികളും പട്ടികയില്‍ ഇടം കിട്ടാത്തതില്‍ അതൃപ്തരാണ്. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട്റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്റെ പ്രതികരണം ഇതിനോടകം വിവാദമായിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് അപമാനിച്ച് പുറത്താക്കിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയെ തുടര്‍ന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ കെപിസിസി മേഖലാ ജാഥയില്‍ നിന്ന് വിട്ടുനിന്നു. താന്‍ നിര്‍ദ്ദേശിച്ച വ്യക്തിയെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാത്തതിലും, തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ. മുരളീധരനും കടുത്ത അതൃപ്തിയുണ്ട്.

എന്നാല്‍, കാര്യമായ അതൃപ്തി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. കെപിസിസി വൈസ് പ്രസിഡന്റ് അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ചാണ്ടി ഉമ്മന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട്റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയതിന് പിന്നാലെ വന്ന കെപിസിസി ഭാരവാഹി പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. താന്‍ നിര്‍ദ്ദേശിച്ച പേരുകളും പരിഗണിക്കപ്പെട്ടില്ല. പരസ്യമായി പ്രതികരിച്ചില്ലെങ്കിലും, റാന്നിയിലെ കെപിസിസി മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് അദ്ദേഹം പ്രതിഷേധം പ്രകടമാക്കി. ഈ പരിപാടി ചാണ്ടി ഉമ്മന്റെ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. തനിക്കെതിരെ പ്രധാന നേതാക്കള്‍ നീങ്ങുന്നുവെന്നാണ് ചാണ്ടി ഉമ്മന്റെ വിലയിരുത്തല്‍. താന്‍ നിര്‍ദ്ദേശിച്ച കെ.എം. ഹാരിസിനെ ഭാരവാഹിയാക്കിയില്ല. അനുയായിയായ മര്യാപുരം ശ്രീകുമാറിനെയും ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി.

Tags:    

Similar News