നിയമപരമായ വഴികളെല്ലാം അടഞ്ഞു; യെമെന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന്; ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് കിട്ടി; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി; ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുന്നുവെന്ന് സാമുവേല്‍ ജെറോം
യെമെന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന്
ന്യൂഡല്‍ഹി: യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജയിലില്‍ ഉത്തരവെത്തിയത്. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു
യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.
ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.
2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012 ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാല്‍ അബ്ദു മഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.
2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.