ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈഴവ സമുദായങ്ങള്‍ അകന്നെന്ന് തിരിച്ചറിവ്; സമുദായത്തിലെ മരണ വീടുകളിലും മുദ്രാവാക്യം വിളിയുമായി സിപിഎം കളംപിടിക്കുന്നെന്ന് ആരോപണം; ഗുരു സ്‌തോത്രങ്ങളേക്കാള്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു; ഈഴവ മരണവീടുകളിലെ സിപിഎം ശൈലിക്കെതിരെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം

ഈഴവ മരണവീടുകളിലെ സിപിഎം ശൈലിക്കെതിരെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം

Update: 2025-01-28 08:43 GMT

തിരുവനന്തപുരം: ഈഴവ ഭവനങ്ങളില്‍ മരണം നടന്നാല്‍ അവിടെ ആചാര പ്രകാരം മരണാനന്തര കര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിക്കാതെ സിപിഎം മുദ്രാവാക്യം വിളികളുമായി രംഗത്തു വരുന്നുവെന്ന ആരോപണവുമായി എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദം. യോഗനാദത്തിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിപിഎ ഈഴവ മരണവീടുകളില്‍ കടന്നുകയറുന്നു എന്ന ആരോപണം ഉയര്‍ത്തുന്നത്. 'മരണ വീടുകളിലോ മുദ്രാവാക്യം വിളി' എന്ന തലക്കെട്ടില്‍ തലക്കെട്ടില്‍ സി വിമല്‍കുമാറാണ് സിപിഎമ്മിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓരോ മതത്തിനും സമുദായത്തിനും അവരുടേതായ ആചാരാനുഷ്ടാനങ്ങളുണ്ട്. ക്ഷേത്രാചാരങ്ങള്‍, ഉത്സവം, വിവാഹം മരണാനന്തര കര്‍മ്മങ്ങള്‍ തുടങ്ങിയവത് ആചാരപരമായി പിന്തുടരുന്നതാണ് രീതി. എന്നാല്‍, മരണാനന്തര കര്‍മ്മങ്ങളെ രാഷ്ട്രീയവുമായി കൂട്ടിയിണക്കി ചിലര്‍ രാഷ്ട്രീയ അധിനിവേശത്തിന്റെ വേദിയാക്കി മാറ്റുന്നുവെന്ന പരാതി ഉയരുന്നുണ്ടെന്നാണ് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നത്. കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിനെ ഉദാഹരണാക്കി എടുത്താണ് യോഗനാദം സിപിഎം വിമര്‍ശനം ഉന്നയിക്കുന്നത്.

സിപിഎം ബന്ധമുള്ള ഈഴവരിലെ പ്രമുഖരുടെ മരണവീടുകളില്‍ സിപിഎം ഇടപെടുകളിലാണ് വിമര്‍ശനം. ഒരു വീട്ടില്‍ മരണം നടന്നാല്‍ മരിച്ചയാളുടെ അന്ത്യകര്‍മ്മകള്‍ ഏത് രീതിയില്‍ ഏത്, ആചാരപ്രകാരം നടത്തണമെന്നത് അവരുടെ ഉറ്റ ബന്ധുക്കളാണ് തീരുമാനിക്കുന്നത്. ഈഴവ സമുദായത്തില്‍ മഞ്ഞ വസ്ത്രം ഇടുകയും ഗുരുസ്‌തോത്രങ്ങള്‍ ചൊല്ലുകയോ ചെയ്യുക എന്നതാണ് ആചാരക്രമം. ഇക്കാര്യങ്ങള്‍ സമുദായത്തില്‍ നിക്ഷിപ്തമാണ് എന്നിരിക്കവേ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ മരണമടയുമ്പോള്‍ നടത്തുന്ന രീതിയില്‍ ബലാക്താരമായി പാര്‍ട്ടി നിര്‍ദേശ പ്രകാരം ചടങ്ങുകള്‍ ചെയ്യുന്നു എന്നാണ് ആക്ഷേപം.


 



മരണ വീടുകളില്‍ വേണ്ട നിശബ്ധതക്ക് പകരം, ഇന്‍ക്വിലാബ് സിന്ദാബാദ്, രക്തസാക്ഷി മരിക്കുന്നില്ല, ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങുന്നത്. ഇതിനെതിരെ നേരത്തെയും പ്രദേശത്തെ എസ്എന്‍ഡിപി പ്രതികരിച്ചിരുന്നതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 'അന്ത്യയാത്രയില്‍ അശാന്തി അരുത്' എന്ന പേരില്‍ പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ഈഴവ ഭവനങ്ങളിലെ സിപിഎം ഇടപെടല്‍ ആസൂത്രിതമാണെന്നാണ് യോഗനാദം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിമ്മിനുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഈഴവ സമുദായത്തിലെ ആചാരങ്ങളിലേക്ക് കടന്നു കയറാനും മരണാനന്തര കര്‍മ്മങ്ങളില്‍ പോലും അമിതാധികാരം കാട്ടാനും പാര്‍ട്ടി ശ്രമം തുടരുകയാണെന്നുമാണ് ആരോപണം.

കാലങ്ങളായി പാര്‍ട്ടിക്ക് ലഭിച്ചു കൊണ്ടിരുന്ന ഈഴവ വോട്ട് ബിജെപിയിലേക്ക് പോയി. ഇതില്‍ എസ്എന്‍ഡിപി യോഗത്തിനും പങ്കുണ്ടെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഇത് തുറന്നു കാട്ടാനും ചെറുക്കാനും സിപിഎം സംസ്ഥാന കമ്മറ്റികള്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് എസ്എന്‍ഡിപി ശാഖകളിലും സമുദായത്തിന്റെ ആചാരനുഷ്ടാനങ്ങളില്‍ പോലും സിപിഎം ഇടപെടല്‍ നടത്തുന്നത്. സമുദായത്തിന്റെ ആചാരാനുഷ്ടാനങ്ങളില്‍ പോലും കൈകടത്തുന്ന ദൃഷ്ടാന്തമാണ് മണ്‍റോയില്‍ അരങ്ങേറുന്നതെന്നും യോഗനാദം ആരോപിക്കുന്നത്.




 


Tags:    

Similar News