പൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടു പോകുന്നുവെന്ന രൂക്ഷ വിമര്‍ശനം കത്ത് പുറത്തു വന്നത് സര്‍ക്കാരിനെതിരായ ഗൂഡാലോചന; ഫയര്‍ഫോഴ്‌സ് മേധാവിയുടെ 'പാഠം പഠിപ്പിക്കാന്‍' ചീഫ് സെക്രട്ടറി തല അന്വേഷണം; യോഗേഷ് ഗുപ്തയെ 'ചെല്‍പ്പടിക്ക്' കൊണ്ടു വരുമോ പിണറായി? ഐപിഎസുകാരുടെ നേതാവിനെതിരെയും അന്വേഷണം
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത ഐപിഎസിനെതിരെ ചീഫ് സെക്രട്ടറി തല അന്വേഷണം വരും. സംസ്ഥാനത്തെ പൊലീസ് മേധാവിക്കെതിരെ യോഗേഷ് ഗുപ്ത രംഗത്തു വന്നത് സര്‍ക്കാരും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. പൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന യോഗേഷ് ഗുപ്തയുടെ രൂക്ഷ വിമര്‍ശനം അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നത്. കത്ത് പുറത്തു വന്നതും എഴുതിയതും എല്ലാം സര്‍ക്കാരിനെതിരായ ഗൂഡാലോചനയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഐപിഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് യോഗേഷ് ഗുപ്ത.
യോഗേഷ് ഗുപ്തയ്‌ക്കെതിരായ ഉന്നതതല അന്വേഷണത്തില്‍ ചീഫ് സെക്രട്ടറി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. വിജിലന്‍സ് ഡയറക്ടറായിരിക്കെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷന് തടയിടാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ അനുവാദം ഇല്ലാതെ സ്വന്തം താല്പര്യം പ്രകാരം അന്വേഷണങ്ങള്‍ നടത്തി. ഡിജിപി റവാഡയ്ക്ക് കത്ത് അയച്ചത് അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരുമോ എന്നും പരിശോധിക്കുന്നുണ്ട്. കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗേഷ് ഗുപ്തയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.
വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. രഹസ്യസ്വഭാവമുള്ള കാര്യമായതിനാല്‍ മറുപടി പൊലിസ് ആസ്ഥാനം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് യോഗേഷ് ഗുപ്ത റവാഡ ചന്ദ്രശേഖറിന് കത്ത് നല്‍കിയത്. ഈ കത്ത് ചോര്‍ന്നത് എങ്ങനെയെന്നതാകും സര്‍ക്കാര്‍ പരിശോധിക്കുക. ഐപിഎസുകാരില്‍ യോഗേഷിനേക്കാള്‍ സീനിയറാണ് റവാഡ. ആ സാഹചര്യത്തില്‍ ഔദ്യോഗിക സ്വഭാവമുള്ള കത്ത് ചോര്‍ന്നത് ഗൗരവത്തോടെ സര്‍ക്കാര്‍ എടുക്കുന്നു. യോഗേഷ് ഗുപ്തയ്‌ക്കെതിരായ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് ഇത് പുതുമാനം നല്‍കും.
കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുള്ള വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിന് എതിരെ യോഗേഷ് ഗുപ്ത സംസ്ഥാന സര്‍ക്കാരിനെതിരെ നിയമപോരാട്ടം തുടങ്ങി കഴിഞ്ഞു. ഇതിനിടെയാണ് സര്‍ക്കാരിന്റെ മറുനീക്കം. ഇത്തരത്തില്‍ നടപടി വന്നാല്‍ അതും യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യും. കേന്ദ്ര സര്‍വീസില്‍ സേവനമനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂര്‍വം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണു സംസ്ഥാനം പ്രവര്‍ത്തിച്ചതെന്ന് കാട്ടിയാണ് നിലവില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ യോഗേഷ് സമീപിച്ചത്.
ആ സാഹചര്യത്തില്‍ കൂടിയാണ് കത്ത് ചോര്‍ച്ച സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നത്. കുറച്ച് നാളുകളായി യോഗേഷ് ഗുപ്ത സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും അപേക്ഷ നല്‍കിയിരുന്നു. ഇതുകൂടാതെ നേരിട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നൊരു കത്ത് മുന്‍ സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദര്‍വേഷ് സാഹിബിന് ലഭിച്ചു. വിജിലന്‍സ് ക്ലിയറന്‍സ് പോലീസ് മേധാവി നല്‍കണം എന്നുള്ളതായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
ക്ലിയറന്‍സ് നല്‍കാന്‍ കഴിയില്ല എന്ന് പൊലീസ് ആസ്ഥാനത്ത് തീരുമാനമെടുത്തു. ഈ സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയോട് വിവരാവകാശ പ്രകാരം യോഗേഷ് ഗുപ്ത വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇത് രഹസ്യ ബ്രാഞ്ചില്‍ ഉള്‍പ്പെടുന്ന കാര്യമായതിനാല്‍ തനിക്ക് തരാന്‍ കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി വിവരാവകാശ ഓഫീസര്‍ മറുപടി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താറുമാറാകുകയാണ് എന്ന് യോഗേഷ് ഗുപ്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഈ കത്തിലെ വിവരമാണ് പുറത്തു വന്നത്.
റിപ്പോര്‍ട്ട് കൈമാറില്ലെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തിലാണ് ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ യോഗേഷ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനു പുറമേ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍വീസില്‍ ഡിജിപിയായി എംപാനല്‍ ചെയ്യുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ കത്തും ഇമെയിലും വഴി 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നും ഉദ്യോഗസ്ഥനെന്ന നിലയിലുള്ള വളര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടാണിതെന്നും അദ്ദേഹം ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ചൊല്‍പ്പടിക്ക് നില്‍കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും യോഗേഷ് ഗുപ്ത ആരോപിക്കുന്നു.