നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത

റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കി

Update: 2025-02-06 12:55 GMT

തിരുവനന്തപുരം: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട യുവാവ് നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പ (24)യാണ് മരിച്ചത്. തൊഴില്‍ തട്ടിപ്പിന് ഇരയായാണ് ഇയാള്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയത്. ഡേവിഡിനെ ഇന്ന് രാവിലെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊഴിയൂര്‍ സ്വദേശിയായ ഇയാള്‍ നെയ്യാറ്റിന്‍കരയിലെ ഒരു ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തിരുന്നു. ഇന്ന് രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

സൂപ്പര്‍ മാര്‍ക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ വേതനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് 2023 ഒക്ടോബറില്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഡല്‍ഹിയിലെ ഏജന്റ് മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയില്‍ എത്തിച്ചത്. റഷ്യന്‍ പൗരത്വമുള്ള മലയാളിയായ അലക്‌സ് എന്നയാളാണ് വിമാനത്താവളത്തില്‍ നിന്ന് ഡേവിഡിനെ പട്ടാള ക്യാംപില്‍ എത്തിച്ചത്. ക്യാംപില്‍ എത്തിയപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ പരിശീലനത്തിന് ശേഷം യുെ്രൈകന്‍ അതിര്‍ത്തിയില്‍ യുദ്ധ മേഖലയില്‍ എത്തിച്ചു.

യുദ്ധത്തില്‍ പങ്കെടുത്തതോടെയാണ് ഏജന്റിന്റെ ചതി ഡേവിഡിനു ബോധ്യമായത്. മറ്റ് വഴിയില്ലാതായതോടെ എല്ലാം സഹിച്ച് ജീവിച്ചു. ഡിസംബര്‍ 25ന് രാത്രി റോണക്‌സ് മേഖലയില്‍ രാത്രി നടത്തത്തിന് പോകുമ്പോള്‍ ഡ്രോണില്‍ എത്തിയ ബോംബ് പൊട്ടി കാലിന് ഗുരുതര പരിക്കേറ്റു. വേണ്ട ചികിത്സ പോലും നല്‍കാതെ ദുരിതാവസ്ഥയില്‍ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണ് ദുരിതം പുറത്തറിയുന്നത്.

മാധ്യമ വാര്‍ത്ത കണ്ട അന്നത്തെ കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, എന്നിവരും ശശി തരൂര്‍ എംപിയും വിഷയത്തില്‍ ഇടപെട്ടാണ് കഴിഞ്ഞ വര്‍ഷം ഇയാളെ നാട്ടിലെത്തിച്ചത്. കടം വാങ്ങിയാണ് ഏജന്റിന് പണം നല്‍കിയത്. പല തവണ പണം ആവശ്യപ്പെട്ട് ഏജന്റിനെ സമീപിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതില്‍ മാനസിക വിഷമത്തിലായിരുന്നു ഡേവിഡ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.


Tags:    

Similar News