യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ഇറങ്ങിച്ചെന്ന് തര്‍ക്കിച്ച് ആരോഗ്യമന്ത്രി; അഞ്ചു പേരേയുള്ളോയെന്ന് പരിഹാരം; സെക്രട്ടറിയേറ്റിന മുന്നിലെ സമരപ്പന്തലില്‍ ഇങ്ങനെ ചെല്ലാന്‍ ധൈര്യമുണ്ടോയെന്ന് തിരിച്ചടിച്ച് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍; പോലീസിടപെട്ട് തണുപ്പിച്ചു

യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ഇറങ്ങിച്ചെന്ന് തര്‍ക്കിച്ച് ആരോഗ്യമന്ത്രി

Update: 2025-02-23 15:58 GMT

റാന്നി: ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരുമായി വാഹനത്തില്‍ നിന്നു ചാടി ഇറങ്ങി തര്‍ക്കമുന്നയിച്ച് മന്ത്രി വീണാ ജോര്‍ജ്. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഞായറാഴ്ച വൈകുന്നേരം 5.15 ഓടെ പിഎം റോഡില്‍ റാന്നി മിനര്‍വപ്പടിക്കു സമീപമാണ് സംഭവം. റാന്നി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം കഴിഞ്ഞു വെച്ചൂച്ചിറയിലേക്കു പോകവേയാണ് മന്ത്രി വീണാ ജോര്‍ജിന്റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്.

പ്രതിഷേധം കണ്ട് മന്ത്രി കാര്‍ നിര്‍ത്തി ക്ഷോഭത്തോടെ പുറത്തിറങ്ങി. പോലീസിനോടു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട മന്ത്രി താന്‍ കൈകാര്യം ചെയ്യാമെന്ന നിലപാടിലായി. തുടര്‍ന്ന് പ്രവര്‍ത്തകരുമായി വാക്കേറ്റമായി. നിങ്ങള്‍ അഞ്ചുപേര്‍ മാത്രമേയുള്ളൂവോയെന്നു ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മന്ത്രി ചൊടിപ്പിച്ചു. നിങ്ങള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും മന്ത്രി ആരാഞ്ഞു.

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണെന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ആയിരം രൂപയല്ലേ കൊടുത്തതെന്ന് മന്ത്രി വീണാജോര്‍ജ് തിരിച്ചു പറഞ്ഞു. ഇവിടെ നടത്തുന്ന ഷോയൊക്കെ അവിടെ സമരപന്തലില്‍ കാണിക്കാമോയെന്ന് മന്ത്രിയോടു പ്രവര്‍ത്തകര്‍. അഞ്ചു മിനിട്ടോളം നടുറോഡില്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ തര്‍ക്കിച്ചു. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷമായി.

യൂത്ത് കോണ്‍ഗ്രസുകാരെ ഇവര്‍ കൈയേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയതോടെ പോലീസ് ഇടപെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് സ്ഥലത്തു നിന്ന് നീക്കി. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസുകാരെ റിമാന്‍ഡ് ചെയ്യാന്‍ ജില്ലാ പോലീസ് ഇടപെട്ടതായി ആരോപണമുണ്ടായി.

ആന്റോ ആന്റണി എംപിയും മറ്റൊരു പരിപാടിക്ക് ജില്ലയിലുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഇടപെട്ടതിനേ തുടര്‍ന്നാണ് വിട്ടയച്ചത്. മന്ത്രിയുമായി തര്‍ക്കം നടന്നപ്പോള്‍ ഏതാനും പോലീസുകാര്‍ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നള്ളു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പില്‍, ഭാരവാഹികളായ ആരോണ്‍ ബിജിലി പനവേലില്‍, ജെറിന്‍ പ്ലാച്ചേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News