ഡാ...ചാടല്ലേടാ..ചാടല്ലേ..!!; കൊച്ചി മെട്രോ പാലത്തിന്റെ താഴെ നിന്ന് അലറിവിളിക്കുന്ന ആളുകൾ; രണ്ടുംകല്പിച്ച് ട്രാക്കിലൂടെ ഓടിയെത്തിയ യുവാവ്; പ്ലാറ്റ്ഫോമിൽ നിന്ന ശേഷം താഴേക്ക് കുതിച്ചുചാടി ദാരുണാന്ത്യം; എല്ലാം നടന്നത് ഒരൊറ്റ മിനുറ്റിൽ; പിന്നിലെ കാരണം അവ്യക്തം; എറണാകുളത്ത് ഉച്ചയോടെ സംഭവിച്ചത്
കൊച്ചി: കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് എടുത്തുചാടി യുവാവിന് ദാരുണാന്ത്യം. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് കുതിച്ചുചാടിയത്. താഴേക്ക് എടുത്തുചാടിയ യുവാവിന് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെയ്ക്കുകയും ചെയ്തു.
മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാൾ താഴേക്ക് എടുത്ത് ചാടുകയായിരുന്നു. യുവാവിനെ ചാടുന്നതിൽ നിന്നും പിന്തിയിരിപ്പിക്കാൻ താഴെ നിന്ന ആളുകൾ പരമാവധി ശ്രമിച്ചു. എന്നിട്ടും യുവാവ് എടുത്തുചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മെട്രോ സ്‌റ്റേഷന്‍ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ശേഷം ഇതിലൂടെ കുറേദൂരം നടക്കുകയും ചെയ്തശേഷമാണ് യുവാവ് താഴേക്ക് എടുത്തു ചാടിയത്.
നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വിഫലമായി. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ സഹിതം ഓഫ് ചെയ്തിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് മെട്രോ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറി. ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്ഫോമിൽ കുറച്ച് സമയം നിന്ന ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, യുവാവ് വഴങ്ങിയിരുന്നില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു.
യുവാവ് ട്രാക്കിലൂടെ ഏറെ ദൂരം നടന്ന് പോവുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴെ റോഡിലേക്ക് ചാടാൻ ശ്രമിക്കുകയുമായിരുന്നു. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലെത്ത് എത്തി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. ഫയർഫോഴ്സ് താഴെ വല വിരിച്ചിരുന്നു. പക്ഷെ, വലയിൽ വീഴാതിരിക്കുന്ന രീതിയിൽ യുവാവ് താഴേക്ക് ചാടുകയായിരുന്നു. യുവാവ് വലയിൽ ആയിരുന്നില്ല വീണത്.
റോഡിൽ വീണ ഇയാൾ ആദ്യം കൈകുത്തിയാണ് വീണതെന്നും പിന്നീട് തലയിടിക്കുകയായിരുന്നെന്നും കണ്ടുനിന്നവർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നിസാറിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നിലെ കാരണം അവ്യക്തമെന്ന് പോലീസ് പറഞ്ഞു.