'30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്തൊരു സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം'; സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച; ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവെന്ന് പ്രതികരിച്ചു സന്ദീപ്
സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച
കണ്ണൂര്‍: ബിജെപിയില്‍ നിന്നും വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. തുര്‍ന്നങ്ങോട്ട് കൊലവിളി മുദ്രവാക്യം വിളിയായി മാറുകയാണ്.
പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാര സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താന്‍ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് വ്യക്തമായെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട്, യഥാര്‍ത്ഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
അതേസമയം കൂത്തുപറമ്പില്‍ യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിനും പ്രകോപന മുദ്രാവാക്യം വിളികള്‍ മുഴങ്ങി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പനോളി വത്സനെ തിരെയാണ് പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയത്. സി.പി.എം രക്തസാക്ഷികളുടെ പേരുകള്‍ വിളിച്ചു ഓര്‍മ്മപ്പെടുത്തി അന്തിമ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയായിരുന്നു പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
ചൊക്‌ളി യില്‍ മാമന്‍ വാസുവും പാനൂരില്‍ അഷ്‌റഫും കൊല്ലപ്പെട്ടത് സംഘ് പരിവാര്‍ പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടാണെന്ന് ഓര്‍ക്കണമെന്നും ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം എത്ര കാലം കഴിഞ്ഞാലും തങ്ങള്‍ മറക്കില്ലെന്നുമായിരുന്നു മുദ്രാവാക്യങ്ങള്‍. തൊക്കിലങ്ങാടിയില്‍ നിന്നുമാണ് പ്രകടനം ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ പ്രകടനം തുടങ്ങിയത്. കുത്തുപറമ്പ് മറോളിഘട്ടിലെ പൊതുസമ്മേളന നഗരിയിലാണ് അവസാനിച്ചത്.
പിന്‍ നിരയില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സമയങ്ങളില്‍ നേതാക്കളുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍ മുന്‍നിരയില്‍ എഴുതി തയ്യാറാക്കിയ മുദ്രാവാക്യങ്ങളാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ വിളിച്ചത്. പ്രകടനത്തിന് കൂത്തുപറമ്പ് പൊലിസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. മണ്ഡലം അടിസ്ഥാനത്തില്‍ നടത്തിയ ബലിദാന ദിനാചരണ സമ്മേളനത്തില്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.