'ഹോട്ട് ഗേള്‍സ് ഫോര്‍ സൊഹ്‌റാന്‍' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു സുന്ദരിമാര്‍; ബരാക് ഒബാമയുമായി താരതമ്യം ചെയ്തും പ്രചരണം; 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്ന് ട്രംപ് വിശേഷിപ്പിച്ച സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവി ഉറപ്പിച്ചു മുന്നേറുന്നു; മംദാനി വിജയിച്ചാല്‍ രാജ്യം വിടാന്‍ ആലോചിക്കുന്നതായി എതിര്‍ക്കുന്ന 26 ശതമാനം പേര്‍

'ഹോട്ട് ഗേള്‍സ് ഫോര്‍ സൊഹ്‌റാന്‍' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു സുന്ദരിമാര്‍

Update: 2025-11-01 08:08 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് വിളിക്കുന്ന വ്യക്തി ന്യൂയോര്‍ക്കിലെ മേയര്‍ ആകാന്‍ പോകുന്നു. സൊഹ്‌റാന്‍ മംദാനിയാണ് ഈ വ്യക്തി. മുതലാളിത്തത്തെ മോഷണം എന്നും പോലീസിനെ തിന്മ എന്നുമാണ് മംദാനി വിശേഷിപ്പിക്കുന്നത്. അടുത്തയാഴ്ചയാണ് ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 34 വയസാണ് മംദാനിയുടെ പ്രായം. ക്രിക്കറ്റിനെയും ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ്ബിനെയും സ്നേഹിക്കുന്ന, എന്നാല്‍ ഇസ്രയേലിനെയും ശതകോടീശ്വരന്മാരെയും അത്രയധികം സ്നേഹിക്കാത്ത സൊഹ്‌റാന്‍ മംദാനിയെ കുറിച്ചുള്ള ടിക്ടോക് വീഡിയോകള്‍ പലതും വന്‍ വൈറലായി മാറിയിരുന്നു.

അഭിപ്രായ വോട്ടടെുപ്പുകളില്‍ മംദാനി വളരെ മുന്നിലാണ്. 90,000 വോളണ്ടിയര്‍മാരാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്. യുവ വോട്ടര്‍മാരെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് നേട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂപ്പര്‍ മോഡലായ എമിലി ററ്റാജ്‌കോവ്‌സ്‌കി പോലുള്ളയുള്ളവര്‍ 'ഹോട്ട് ഗേള്‍സ് ഫോര്‍ സൊഹ്‌റാന്‍' ടീ-ഷര്‍ട്ടുകള്‍ ധരിച്ച്് പ്രചാരണത്തിനായി എത്തിയിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികളായ മുന്‍ ഡെമോക്രാറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കര്‍ട്ടിസ് സ്ലീവ എന്നിവരെ പരാജയപ്പെടുത്തും എന്നാണ് കരുതപ്പെടുന്നത്. പലരും മംദാനിയെ ബരാക് ഒബാമയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. എണ്‍പത്തിയഞ്ച് ലക്ഷമാണ് ന്യൂയോര്‍ക്ക് നഗരത്തിലെ ജനസംഖ്യ. കഴിഞ്ഞ ആഴ്ച നടത്തിയ ഒരു വോട്ടെടുപ്പില്‍, ന്യൂയോര്‍ക്ക് നിവാസികളില്‍ 26 ശതമാനം പേര്‍ മംദാനി വിജയിച്ചാല്‍ രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വ്യക്തമാക്കി.

മംദാനിയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ നഗരത്തിലെ ജനസംഖ്യയില്‍ 12ശതമാനത്തിലധികം വരുന്ന ജൂതന്‍മാരെ അലോസരപ്പെടുത്തുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മംദാനി തിരഞ്ഞെടുപ്പിനെ 'ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടം' എന്നാണ് വിശേഷിപ്പിച്ചത്. 2021 ല്‍ നിരവധി ലൈംഗിക പീഡന ആരോപണങ്ങളെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ആന്‍ഡ്രൂ ക്യൂമോ മംദാനിയുടെ ഉയര്‍ച്ച ഡെമോക്രാറ്റുകളുടെ ഇടയില്‍ ഒരു നിശബ്ദ ആഭ്യന്തരയുദ്ധത്തിന്' കാരണമായെന്ന് സമ്മതിച്ചിരുന്നു.

കൂടാതെ ട്രംപുമായി നിരന്തരം ഏറ്റുമുട്ടുന്ന വ്യക്തി ന്യൂയോര്‍ക്ക് മേയര്‍ ആയാല്‍ യാതൊരു ആനുകൂല്യങ്ങളും അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കില്ലെന്നാണ് ചിലര്‍ ഭയക്കുന്നത്. പ്രശസ്ത സംവിധായിക മീരാ നയ്യാരുടെ മകനാണ് മംദാനി. പിതാവ് കൊളംബിയ സര്‍വ്വകലാശാലയിലെ അധ്യാപകനായ ഇടതുപക്ഷ ചിന്തകനാണ്. സിറിയന്‍ വംശജയായ ചിത്രകാരി രാമ ദുവാജിയാണ് മംദാനിയുടെ ഭാര്യ.

Tags:    

Similar News