ചേലക്കരയില്‍ അട്ടിമറിയോ? പാലക്കാട് ആര്‍ക്കൊപ്പം, വയനാട്ടില്‍ എന്ത് സംഭവിക്കും? ഭരണവിരുദ്ധവികാരം ശക്തമോ? കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലെ പിഴയ്ക്കാത്ത കൃത്യതയുമായി മറുനാടന്‍ മലയാളി സംഘം ഇത്തവണയും; ഉപ തിരഞ്ഞെടുപ്പിലെ അഭിപ്രായ സര്‍വേഫലം തിങ്കളാഴ്ച
ഉപതിരഞ്ഞെടുപ്പ്: മറുനാടന്‍ അഭിപ്രായ സര്‍വേഫലം തിങ്കളാഴ്ച
കോഴിക്കോട്: ചേലക്കര, പാലക്കാട് നിയമസഭാമണ്ഡലങ്ങളുടെയും, വയനാട് ലോക്സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാഷ്ട്രീയ കേരളം. മൂന്ന് മുന്നണികള്‍ക്കും, ഏറെ നിര്‍ണ്ണായകമായ ഈ തിരഞ്ഞെടുപ്പിലെ ജനമനസ്സ് അറിയുവാനുള്ള വിപുലമായ അഭിപ്രായ സര്‍വേയുമായി മറുനാടന്‍ മലയാളി എത്തുന്നു. യങ് ന്ത്യ കോഴിക്കോട് പി ആര്‍ എജന്‍സിയുമായി സഹകരിച്ച് ഈ മാസം 7,8, 9 തീയതികളിലായി നടത്തിയ റാന്‍ഡം ഫീല്‍സ് സര്‍വേയുടെ ഫലം തിങ്കളാഴ്ച മറുനാടന്‍ മലയാളിയിലൂടെയും മറുനാടന്‍ ടിവിയിലുടെയും അറിയാം. തിങ്കളാഴ്ച രാവിലെ 10 നും, 12നും ഉച്ചകഴിഞ്ഞ് 2 മണിക്കുമായാണ് ഫലം പുറത്തുവിടുന്നത്. 10 മണിക്ക് ചേലക്കരയുടെയും 12 മണിക്ക് പാലക്കാടിന്റെയും രണ്ടുമണിക്ക് വയനാടിന്റെയും ഫലം പുറത്തുവിടും.
കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ എല്ലാംതന്നെ അഭിപ്രായ സര്‍വേകളും, എക്സിറ്റ്പോളുകളുമൊക്കെ നടത്താറുണ്ടെങ്കിലും, അവര്‍ ആരും തന്നെ വോട്ടമാരുടെ അടുത്ത് നേരിട്ട് എത്തുന്നതായി കണ്ടിട്ടില്ല. എന്നാല്‍ മറുനാടന്‍ വാര്‍ത്ത്ാ സംഘം ജനങ്ങളെ നേരിട്ട് കണ്ട്, അഭിപ്രായം എടുക്കുകയും അതിന്റെ വീഡിയോ ചിത്രീകരിക്കാറുമുണ്ട്. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ രീതിയായ, ഡബിള്‍ ബ്ലൈന്‍ഡ് റാന്‍ഡം സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡു തന്നെയാണ് മറുനാടന്‍ ടീമും അവലംബിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തിനല്ലാതെ, റാന്‍ഡമായി ആളുകൂടുന്ന സ്ഥലങ്ങളിലാണ് സര്‍വേ നടത്തിയത്. ജാതി മതഭേദമന്യേ- പ്രായ, ലിംഗഭേദമില്ലാതെ ജനം ഇടപെടുന്ന ഇത്തരം സ്ഥലങ്ങളില്‍ ിന്ന് ഉയരുന്ന അഭിപ്രായ പ്രകടനം ഒരു സമൂഹത്തിന്റെ പരിച്ഛേദം ആവാനിടയിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡുകളിലും, റെയില്‍വേ സ്റ്റേഷനിലും, ചന്തകളിലും, പാര്‍ക്കുകളിലും, ബീച്ചിലും, നഗരചത്വരങ്ങളിലും, ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തില്‍ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. വയോധികരുടെയും, സ്ത്രീകളുടെയും അഭിപ്രായം അറിയാന്‍ വീടുകളില്‍ നേരിട്ട് ചെന്നും സര്‍വേ നടത്തിയിട്ടുണ്ട്. അതുപോലെ തെരഞ്ഞെടുക്കപ്പെട്ട കോളജുകളിലും സര്‍വേ നടന്നു. ഓണ്‍ലൈന്‍ -ഓഫ് ലൈന്‍ സര്‍വേകളുടെ ഭാഗമായി ഒരു മണ്ഡലത്തിലെ പതിനായിരത്തോളം വോട്ടര്‍മാരിലേക്ക് മറുനാടന്‍ ജനഹിതം ആരായുന്നുണ്ട്. പ്രമുഖരായ ഇലക്ഷന്‍ അനലിസ്റ്റുകളും സര്‍വേ ടീമിന്റെ ഭാഗമാവുന്നുണ്ട്.
മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടന്‍ സര്‍വേയെ വേറിട്ട് നിര്‍ത്തുന്നത്. കഴിഞ്ഞ എട്ടു തിരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ഏറെക്കുറെ കൃത്യമായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയവും, 2021-ലെ തുടര്‍ ഭരണവും മറുനാടന്‍ സര്‍വേയിലൂടെ കൃത്യമായി പ്രവചിച്ചതാണ്. അതുപോലെ 2019-ലെയും 2024-ലെയും ലോക്സഭാ ഇലക്ഷനിലെ യുഡിഎഫിന്റെ കുതിപ്പും, മറുനാടന്‍ സര്‍വേകളില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. പാല, തൃക്കാക്കര അടക്കമുള്ള നിരവധി ഉപതിരഞ്ഞെടുപ്പിലും മറുനാടന്‍ സര്‍വേ ഫലം ശരിയായിരുന്നു.
ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സര്‍വേയാണെന്നാണ്. മറുനാടന്‍ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സര്‍വേക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല എത് സര്‍വേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് ഇലക്ഷന്‍ നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സര്‍വേകളില്‍ പത്തു ശതമാനം വരെ മനുഷ്യസഹജമായ തെറ്റുകളും ( ഹ്യൂമന്‍ എറര്‍) വരാം. ഇന്ത്യയിലും കേരളത്തിലും വിദേശ രാഷ്ട്രങ്ങളിലുമൊക്കെ എക്സിറ്റ്‌പോളുകള്‍ പോലും പല തവണ മാറിമറഞ്ഞ സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സര്‍വേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്.