പാലക്കാടന്‍ കാറ്റ് എങ്ങോട്ട്? യുഡിഎഫ് കോട്ട പൊളിക്കാന്‍ ഇടതിനും ബിജെപിക്കും കഴിയുമോ? ട്രോളി വിവാദവും കള്ളപ്പണ ആരോപണവും ആരെ ബാധിക്കും? അവസാനത്തെ ചിരി രാഹുലിന്റെതോ, ഡോ സരിന്റെതോ, കൃഷ്ണകുമാറിന്റേയോ; മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
പാലക്കാടന്‍ കാറ്റ് എങ്ങോട്ട്? യുഡിഎഫ് കോട്ട പൊളിക്കാന്‍ ഇടതിനും ബിജെപിക്കും കഴിയുമോ?
തിരുവനന്തപുരം: കൂറുമാറ്റവും, കള്ളപ്പണവും, പാതിരാ റെയ്ഡും, വിവാദവും കേസും പുക്കാറുമൊക്കെയായി, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ അനുസ്മരിക്കുന്ന തലത്തിലുള്ള ഒരു രാഷ്ട്രീയ മഹാമഹം! പാലക്കാട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്, ത്രില്ലര്‍ സിനിമകളോട് കിടപിടിക്കുന്ന ട്വിസ്റ്റും സസ്പെന്‍സുമുണ്ട്. അതുകൊണ്ടുതന്നെ 'രാഷ്ട്രീയ മാപിനിയില്‍' ഈ ജനവിധി സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ ഏറെയായിരിക്കും. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഷാഫി പറമ്പില്‍ മൂന്ന് തവണ ജയിച്ച മണ്ഡലത്തില്‍, വടകരയില്‍ ജയിച്ച് ഷാഫി എം പിയായതിനെ തുടര്‍ന്നാണ് ഇടക്കാല ജനവിധി വേണ്ടിവന്നത്.
നവംബര്‍ 7,8 തീയതികളിലായി മറുനാടന്‍ ടീം ഇവിടെ സര്‍വേ നടത്തുമ്പോഴും രാഷ്ട്രീയ വിവാദങ്ങള്‍ ഉച്ചിയില്‍ നില്‍ക്കയാണ്. യങ്ങ് ഇന്ത്യ കോഴിക്കോട് പി ആര്‍ എജന്‍സിയുമായി, മറുനാടന്‍ മലയാളി സഹകരിച്ച് നടത്തിയ റാന്‍ഡം ഫീല്‍സ് സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്.
രാഹുല്‍ രാജാവ്; ബഹുദൂരം മുന്നില്‍
സംസ്ഥാനത്ത് മാറിമറിയുന്ന രാഷ്ട്രീയ ഭൂപടത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി എടുത്തുകാണിക്കാന്‍ സാധിക്കുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലം. നാല് പതിറ്റാണ്ടിലധികമായി ബിജെപിക്കു 10 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലം. സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്കു തുടര്‍ച്ചയായി രണ്ടു തവണ തഴഞ്ഞ വോട്ടര്‍മാരുടെ മണ്ഡലം. ഷാഫി പറമ്പിലെന്ന യുവനേതാവിന്റെ വ്യക്തിപ്രഭാവം കൊണ്ട് സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലം. അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് പാലക്കാടിന്.
ഇത്തവണ യുവനേതാവായ രാഹുല്‍ മാങ്കൂട്ടത്തെയാണ്, കോണ്‍ഗ്രസ് പാലക്കാടാന്‍ കോട്ട പിടിക്കാന്‍ രംഗത്തിറക്കിയത്. ബിജെപി സീനിയര്‍ നേതാവ് സി കൃഷ്ണകുമാറിന്‍െ രംഗത്ത് ഇറക്കിയപ്പോള്‍, കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് വന്ന ഡോ പി സരിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ എല്ലാ വിവാദങ്ങളെയും അതിജീവിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെ ഉജ്ജ്വല വിജയം നേടുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഫലം ഒറ്റനോട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ - യുഡിഎഫ്- 38
സി കൃഷ്ണകുമാര്‍- എന്‍ഡിഎ- 28
ഡോ പി സരിന്‍ - എല്‍ഡിഎഫ്- 26
മറ്റുള്ളവര്‍- 2
നോട്ട-6
രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയുമായി സി കൃഷ്ണകുമാറിനേക്കാളും പത്തുശതമാനം വോട്ടിന്റെ മിന്നുന്ന ലീഡാണ്, രാഹുല്‍ മാങ്കൂട്ടത്തിനുള്ളത്. മിനിമം 15,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന്, ഈ യുവ നേതാവ് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ്, സര്‍വേ സൂചിപ്പിക്കുന്നത്. പതിവു പോലെ ഇവിടെ സിപിഎം മൂന്നാംസ്ഥാനത്താണ്. പക്ഷേ കൃഷ്ണകുമാറിന്റെ തൊട്ടുപിറകെ തന്നെ, ഡോ സരിന്‍ ഓടിയെത്തുന്നുണ്ട്.
ബിജെപിക്ക് വോട്ട് കുറയുന്നു
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബിജെപിക്ക് വോട്ടുകുറയാനുള്ള സാധ്യതയാണ് മറുനാടന്‍ സര്‍വേയില്‍ കാണുന്നത്. പടലപ്പിണക്കങ്ങളും, വിമതനീക്കങ്ങളും പാര്‍ട്ടിക്ക് പാരയായിട്ടുണ്ട്. ' സന്ദീപ് വാര്യര്‍ വിട്ടുനില്‍ക്കുന്നത് പാലക്കാട് ബിജെപിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ?' എന്ന സര്‍വേയുടെ അനുബന്ധ ചോദ്യത്തിന് 65 ശതമാനം വോട്ടര്‍മാരും അതേ എന്നാണ് ഉത്തരം പറഞ്ഞത്. അതുപോലെ തന്നെ, പാലക്കാട്ട് ഹോട്ടലില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ നേരെയടക്കമുണ്ടായ പാതിരാ റെയ്ഡും പ്രശ്‌നങ്ങളും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. 60 ശതമാനം പേരും ഇത് ഒരു ഇലക്ഷന്‍ വിഷയമായി മാറിയെന്ന് പറയുന്നു. ഫലത്തില്‍ പാതിരാ റെയ്ഡ് ഇടതുമുന്നണിക്കും ബിജെപിക്കും ദോഷം ചെയ്യുകയാണ് ഉണ്ടായത്. അതുപോലെ മെട്രോ മാന്‍ എന്ന നിലയില്‍ ഈ ശ്രീധരന് ഉണ്ടായിരുന്നപോലെയുള്ള ഒരു ഇമേജ് കഴിഞ്ഞ തവണ ബിജെപിക്ക് ഉണ്ടായിരുന്നു. ഈ തവണ ബിജെപിയിലും പാളയത്തില്‍ പടയാണ്.
മറുനാടന്‍ സര്‍വേയില്‍ ചേലക്കരയില്‍ കണ്ടുതുപോലെയുള്ള, നോട്ടയ്ക്ക് വോട്ട്കൂടുതല്‍ വീഴുന്ന ഒരു പ്രവണത, പാലക്കാട്ടും കാണുന്നുണ്ട്. ആറു ശതമാനം വോട്ടുകളാണ് ഇവിടെ നോട്ടക്ക് കാണുന്നത്. ഇതും ശക്തമായ ഭരണവിരുദ്ധ വികാരത്തിന്‍െയോ, പ്രതിഷേധത്തിന്റെയോ സൂചനയാണ്. ചേലക്കരയില്‍ ഇടത്വോട്ടുകളാണ് നോട്ടക്ക് പോവാന്‍ സാധ്യതയെങ്കില്‍ ഇവിടെ ബിജെപി വോട്ടുകളാണ് നോട്ടയായി മാറാന്‍ സാധ്യത കാണുന്നത്.
ഇടതുമുന്നണിയെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലായി അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട, മണ്ഡലമാണ് പാലക്കാട്. പക്ഷേ ഗ്രാമീണ മേഖലയില്‍ അവര്‍ക്ക് വോട്ടുകള്‍ ഏറെയുണ്ട്. ഡോ സരിനെ മൂന്‍നിര്‍ത്തി അവര്‍ ഒരുപരീക്ഷണമാണ് നടത്തിയത്. പക്ഷേ മറുനാടന്‍ സര്‍വേ പ്രകാരം കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫിന് വോട്ടുകുറയാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷേ, സര്‍വേ പ്രകാരം 28 ശതമാനം വോട്ടുള്ള ബിജെപിയുടെ തൊട്ടുടത്ത്, 26 ശതമാനം വോട്ടുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എത്തിയിട്ടുണ്ട് എന്നത് ഇടത്ക്യാമ്പിന് ആശ്വസിക്കാവുന്നതാണ്. ഇനിയുള്ള ദിവസങ്ങളിലെ വോട്ട് ഷിഫ്റ്റ് ശക്തമായാല്‍ ഡോ സരിന്‍, കൃഷ്ണകുമാറിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയാലും അത്ഭുതമൊന്നുമില്ല.
രാഹുല്‍ ഇഫക്ട്
പാലക്കാടിന്റെ 'പൊന്നോമന'യില്‍ നിന്ന് വടകരയുടെ 'ദത്തുപുത്ര'നായി ഷാഫി മാറിയതോടെയാണ് പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. കോട്ടകാക്കാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് 'വരത്തനായ' രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ്. രാഹുലിന്റെ വരവില്‍ അനിഷ്ടം പരസ്യമാക്കിയ ഡോ. പി. സരിന്‍ മറുകണ്ടം ചാടി എല്‍ഡിഎഫില്‍ എത്തി സ്ഥാനാര്‍ത്ഥിയായത് ചരിത്രം. പക്ഷേ ഈ ചാട്ടം വോട്ടര്‍മാര്‍ക്ക് അത്ര ദഹിച്ചിട്ടില്ലെന്നാണ് മറുനാടന്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ തുടര്‍ന്നുണ്ടായ തുടര്‍ച്ചയാ സംഭവങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിന് അനുകൂലമായിരുന്നു. ട്രോളി വിവാദം അടക്കമുള്ള കാര്യങ്ങള്‍ രാഹുലിന് ശുക്രദശയായി. യുവ സ്ഥാനാര്‍ത്ഥി നല്ല പ്രാസംഗികന്‍ എന്നിവയെല്ലാം രാഹുലിന് ഗുണം ചെയ്യുന്നു.
ഇതോടൊപ്പം യുഡിഎഫിന് വലിയതോതില്‍ ഗുണം ചെയ്തത് ഭരണവിരുദ്ധ വികാരമാണ്. പിണറായി സര്‍ക്കാറിന്റെ ഭരണത്തെ വിലയിരുത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന്, പകുതിപ്പേരും ശരാശരി എന്നാണ് മറുപടി പറഞ്ഞത്. ഈ ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമുണ്ടോ എന്ന ചോദ്യത്തിന് 60 ശതമാനം പേരും അതേ എന്ന ഉത്തരമാണ് നല്‍കിയത്. ഇതെല്ലാം യുഡിഎഫിന് വലിയ രീതിയില്‍ ഗുണം ചെയ്തുവെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഷാഫി പറമ്പിലും എന്‍ഡിഎ. സ്ഥാനാര്‍ഥി ഇ. ശ്രീധരനും എറ്റുമുട്ടിയ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കടുത്ത മത്സരത്തിലാണ് യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത്. 3,859 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് അന്ന് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഷാഫി പറമ്പില്‍ 54,079 വോട്ട് നേടിയപ്പോള്‍, ഇ ശ്രീധരന് 50,220 വോട്ട് ലഭിച്ചു. ഇവിടെ എല്‍ഡിഎഫ്. മൂന്നാംസ്ഥാനത്തായി. എന്നാല്‍, 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭേദപ്പെട്ട ഭൂരിപക്ഷമുണ്ടായിരുന്നു. 17,483 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ഷാഫി പറമ്പിലിന് ലഭിച്ചത്. എന്‍ഡിഎ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനാണ് രണ്ടാമതെത്തിയത്. എല്‍ഡിഎഫ്. സ്ഥാനാര്‍ഥി എന്‍ എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായി. ഇപ്പോള്‍ ഷാഫിയെപ്പോലെ വ്യക്തി പ്രഭാവമുള്ള ഒരു സ്ഥാനാര്‍ത്ഥി വേണമെന്നതിലാണ് രാഹുലിന് നറുക്കുവീണത്. ആ തീരുമാനം ഗുണം ചെയ്തുവെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.