പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ?
തിരുവനന്തപുരം: 2009-ല്‍ മണ്ഡല രൂപീകരണം തൊട്ട് യുഡിഎഫിന്റെ കോട്ടയായ, വയനാട് ലോക്സഭാ മണ്ഡലം ഇപ്പോള്‍ ഫലത്തില്‍ ഗാന്ധി കുടുംബത്തിന്റെ കുത്തകയാവുകയാണ്. 2019-ലെ പൊതുതിരിഞ്ഞെുടുപ്പില്‍ 4,31,770 വോട്ടിന്റെ ചരിത്ര വിജയവുമായി എം പിയായ രാഹുല്‍ ഗാന്ധി, 2024-ല്‍ 3.64 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ വയനാട് നിലനിര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും മത്സരിച്ച രാഹുല്‍, അവിടെനിന്നും നാലുലക്ഷത്തിലേറെ വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിന് ജയിച്ചു. ഇതേ തുടര്‍ന്നാണ് രാഹുല്‍ വയനാട് എം പി സ്ഥാനം രാജിവെച്ചതും, മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതും. അപ്പോള്‍ കളത്തിലറങ്ങിയതാവട്ടെ രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയും.
അതുകൊണ്ടുതന്നെ ദേശീയതലത്തിലും ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ് വയനാട്ടിലെ ജനവിധി. മറ്റുള്ളിടത്തൊക്കെ ആര് ജയിക്കുമെന്നാണ് ചര്‍ച്ചയെങ്കില്‍ ഇവിടെ പ്രിയങ്കയുടെ ഭൂരിപക്ഷം എത്ര കുറയ്ക്കാം എന്നതാണ്, ഇടത് ക്യാമ്പുകളില്‍പോലും നടക്കുന്ന ചര്‍ച്ച. കോണ്‍ഗ്രസ് പ്രവര്‍ത്തകരാവട്ടെ പ്രിയങ്കാഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കുമെന്ന് പറഞ്ഞാണ് കളത്തിലിറങ്ങിയത്.
പ്രിയങ്ക തന്നെ പ്രിയപ്പെട്ടവള്‍, പക്ഷേ..
മറുനാടന്‍ സര്‍വേ പ്രകാരം, പ്രിയങ്കാഗാന്ധിക്ക് അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ല എന്നാണ് സൂചന. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം കുറയുകയാണ്. പക്ഷേ സര്‍വേ പ്രകാരം, അപ്പോഴും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെക്കാള്‍, 19 ശതമാനം വോട്ടിന്റെ കുറ്റന്‍ ലീഡ് പ്രിയങ്കക്ക് ഉണ്ട്. ഇത് അനുസരിച്ച് നോക്കുമ്പോള്‍ 2 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് പ്രിയങ്കക്ക് പ്രവചിക്കപ്പെടുന്നത്.
വയനാട് സര്‍വേ ഫലം ഒറ്റനോട്ടത്തില്‍
പ്രിയങ്കാഗാന്ധി- യുഡിഎഫ്- 48
സത്യന്‍ മൊകേരി- എല്‍ഡിഎഫ്-27
നവ്യ ഹരിദാസ്-എന്‍ഡിഎ-17
മറ്റുള്ളവര്‍-2
നോട്ട-6
വലിയ രീതിയില്‍ നോട്ടയ്ക്ക് വോട്ട് കിട്ടുന്ന പ്രവണത ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ആറു ശതമാനം പേര്‍ സര്‍വേയില്‍ നോട്ടയെയാണ് പിന്തുണക്കുന്നത്. ഇത്, ഈ ഇലക്ഷന്‍ അനാവശ്യമാണെന്ന ഒരു വികാരം ഒരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിച്ചതിന്റെ സൂചകമാവാം. പോളിങ്് ശതമാനവും കുറയാനുള്ള സാധ്യതയിലേക്കും നോട്ടയുടെ വര്‍ധന വിരല്‍ ചൂണ്ടുന്നുണ്ട്. എല്‍ഡിഎഫില്‍ നിന്ന് സിപിഐ മത്സരിക്കുന്ന സീറ്റില്‍, 2014-ല്‍ ഇവിടെനിന്ന് ഇഞ്ചോടിഞ്ച് പേരാട്ടം കാഴ്ചവവെച്ച, മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയെയാണ് അവര്‍ രംഗത്തിറക്കിയത്. മറുനാടന്‍ സര്‍വേ പ്രകാരം കഴിഞ്ഞ തവണത്തേക്കാള്‍ എല്‍ഡിഎഫിന്റെ വോട്ടുകളില്‍ ചെറിയ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
2008-ലെ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം പിറവി കൊണ്ടതാണ് വയനാട് ലോക്‌സഭ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണിത്. 2009-ലെ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍, സിപിഐ സ്ഥാനാര്‍ഥി എം റഹ്‌മത്തുള്ളയെ 1,53,439 വോട്ടിന് പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് ആണ് ഇവിടെനിന്ന് ആദ്യമായി ഡല്‍ഹിയിലേക്ക് വണ്ടികയറിയത്.
2014-ല്‍ ഷാനവാസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ സത്യന്‍ മൊകേരിക്കെതിരെ വെറും 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അന്ന് ഒരു ഘട്ടത്തില്‍ വയനാട്ടില്‍ അട്ടിമറിയുണ്ടാവുമെന്ന് വരെ സംശയം ഉണ്ടായിരുന്നു. അന്ന് സ്വതന്ത്രനായി നിന്ന് പി വി അന്‍വര്‍ പിടിച്ച വോട്ടില്ലായിരുന്നെങ്കില്‍ സത്യന്‍ മൊകേരി ജയിക്കുമായിരുന്നുവെന്നും വിലയിരുത്തലുകള്‍ വന്നു. 2018-ല്‍ ഷാനവാസ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പക്ഷേ പാര്‍ലമെന്റ് കാലാവധി കഴിയാറായതോടെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയായിരുന്നു. 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യം ഒന്നടങ്കം വയനാട്ടിലേക്ക് ഉറ്റുനോക്കി. രാഹുല്‍ ഗാന്ധിയുടെ മത്സരത്തോടെ വയനാട് സ്റ്റാറായി. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടുകൂടി (4,31,770) രാഹുല്‍ വിജയിച്ചു. പക്ഷേ 2024-ല്‍ രാഹുലിന്റെ ഭൂരിപക്ഷം 3.64 ലക്ഷമായി. 67,000 ത്തോളം വോട്ടിന്റെ കുറവുണ്ടായി. അതിനേക്കാള്‍ കുറവ് ഭൂരിപക്ഷമാണ് പ്രിയങ്കക്ക് കിട്ടാന്‍ സാധ്യതയെന്നാണ് മറുനാടന്‍ സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പ്രിയങ്കയെ വോട്ടര്‍മാര്‍ അവിശ്വസിക്കുന്നുമില്ല. സര്‍വേയുടെ അനുബന്ധമായി ചോദിച്ച 'ഈ നാട്ടുകാരിയല്ലാത്ത, പ്രിയങ്കാഗാന്ധി ഒരു പാര്‍ട്ട് ടൈം എം പി മാത്രമാവുമെന്ന് തോനുന്നുണ്ടോ? ഇത് കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെയാണോ എടുത്തുകാണിക്കുന്നത്' എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ല എന്നാണ് ഭൂരിഭാഗം പേരും ഉത്തരം നല്‍കിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഭരണവും മോശമെന്നാണ് വയനാട്ടിലെ ഭൂരിഭാഗം വോട്ടര്‍മാരുടെയും വിലയിരുത്തല്‍. നോട്ടക്ക് വോട്ടുകൂടാനുള്ള കാരണങ്ങളും ഇതൊക്കെയാവാം.
ബിജെപി വോട്ടുയര്‍ത്തിയേക്കും
പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കുന്നതിനായി ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള പ്രമുഖ വനിതാ നേതാക്കളുടെ പേര് ബിജെപിയില്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ നുറുക്കുവീണത്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസിനാണ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നവ്യ, കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ച് മികച്ച പ്രകടനമാണ് നവ്യ കാഴ്ചവെച്ചത്.
ഏറിയും കുറഞ്ഞും പോവുന്ന ഒരു ഗ്രാഫാണ് മണ്ഡലത്തില്‍ ബിജെപിയുടേത്. 2019- ല്‍ വയനാട് മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി, തുഷാര്‍ വെള്ളാപ്പള്ളിയാണ് രംഗത്തുണ്ടായിരുന്നത്. വെറും 78,000 വോട്ടുകളാണ് തുഷാര്‍ നേടിയത്. പോള്‍ ചെയ്ത വോട്ടിന്റെ 7.2 ശതമാനം മാത്രമായിരുന്നു ഇത്. 2014- ല്‍ പിആര്‍ രശ്മില്‍നാഥ് മത്സരിച്ചപ്പോള്‍ നേടി 80,752 വോട്ടുകള്‍ പോലും നേടാന്‍ തുഷാറിനായില്ല. എന്നാല്‍ 2024-ല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതം, 13 ശതമാനമായി ഉയര്‍ന്നു. ഒറ്റയടിക്ക് 5.8 ശതമാനം വര്‍ധന. ഇക്കുറി നവ്യ വോട്ടുയര്‍ത്തിയാല്‍ അത്ഭുതപ്പെടാന്‍ ഇല്ലെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്ന കാര്യം. 17 ശതമാനം വരെ വോട്ട് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചേക്കാം. ഇതിന് കാരണമാകുന്നത് മുനമ്പം അടക്കമുള്ള വിഷയങ്ങളാണ്.
അതേസമയം ഇത്തവണയും വയനാട്ടില്‍ യുഡിഎഫിന് ഈസി വാക്കോവറാണ് ഉണ്ടാവുന്നത്. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയതിനെക്കാള്‍ അധികം പ്രിയങ്ക വയനാട്ടില്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെയോ എല്‍ഡിഎഫിനെയോ കാര്യമായി ഇവര്‍ തൊട്ടിട്ടില്ല. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാണ് പ്രിയങ്കാഗാന്ധി കലാശക്കൊട്ടിന് എത്തുന്നത്. പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണം തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. 2019-ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
പ്രിയങ്ക വൈകാരികത വെടിഞ്ഞ് രാഷ്ട്രീയം പറയണമെന്ന് എപ്പോഴും എല്‍ഡിഎഫ് നേതാക്കാള്‍ ആവര്‍ത്തിക്കുന്നത്. പ്രചാരണത്തില്‍ ഉടനീളം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടായ സാഹചര്യം വിശദീകരിച്ചായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയുടെയും വോട്ട് തേടല്‍. എന്നാല്‍ വയനാട്ടില്‍ ഇന്ത്യ സഖ്യവും എന്‍ഡിഎയും തമ്മിലാണ് മത്സരം എന്നാണ് ബിജെപി ആരോപിക്കുന്നത്. ഒപ്പം സംസ്ഥാന സര്‍ക്കാറിനെതിരെ ഉണ്ടാവുന്ന വിവാദങ്ങളും ബിജെപി പ്രചാരണ ആയുധമാക്കുന്നുണ്ട്.
മണ്ഡലത്തിലെ തിരുവമ്പാടി, നിലമ്പുര്‍, മാനന്തവാടി, എന്നീ മുന്ന് അസംബ്ലി സീറ്റുകള്‍ എല്‍ഡിഎഫിനും, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഏറനാട്, വണ്ടൂര്‍ എന്നീ നാല് മണ്ഡലങ്ങള്‍ യുഡിഎഫിനുമാണ്. ഇതില്‍ മുസ്ലീംലീഗിന് മേല്‍ക്കെയുള്ള മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍നിന്നാണ് യുഡിഎഫിന്് കൂറ്റന്‍ ലീഡ് കിട്ടാറുള്ളത്.