അമേരിക്കയില്‍ 67 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ നിര്‍ദേശം; സൈനിക കോപ്റ്റര്‍ എങ്ങനെ യാത്രാവിമാനത്തിന്റെ പാതയിലെത്തി എന്നതിനെക്കുറിച്ചും അന്വേഷിക്കും
വാഷിങ്ടണ്‍: അമേരിക്കയില്‍ 67 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തകര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ജെറ്റ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. അത് പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.
സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച വിമാനം പൊട്ടോമാക് നദിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. നാല്‍പ്പതുപേരുടെ മൃതദേഹം കണ്ടെടുത്തു. സൈനിക കോപ്റ്റര്‍ എങ്ങനെ യാത്രാവിമാനത്തിന്റെ പാതയിലെത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. പരിചയസമ്പന്നരായ രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും അനുവദനീയമായ പരമാവധി ഉയരമായ 200 അടി മറികടന്നിരുന്നോയെന്ന് പരിശോധിക്കുമെന്നും ആര്‍മി ഏവിയേഷന്‍ ചീഫ് ഓഫ് സ്റ്റാഫ് ജോനാഥന്‍ കോസിയോള്‍ പറഞ്ഞു.
അതേസമയം, എയര്‍ട്രാഫിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും യോഗ്യതയില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് യോഗ്യതയില്ലാത്ത പലരേയും നിയമിച്ചു. വിമാനത്തിലുണ്ടായിരുന്നവരായും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
'20 മിനിട്ടില്‍ ലാന്‍ഡ് ചെയ്യും' വാഷിങ്ടണ്‍ 20 മിനുട്ടില്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഹമാദ് റാസ. എന്നാല്‍, കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തം. ഹമാദിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ അസ്ര ഹുസൈന്‍ റാസ സഞ്ചരിച്ച വിമാനമാണ് ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് യുഎസില്‍ തകര്‍ന്നുവീണത്. ''അതായിരുന്നു അവസാന സന്ദേശം.
വിമാനത്താവളത്തില്‍ കാത്തിരുന്ന എനിക്ക് മുന്നിലൂടെ ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും നിരനിരയായി പോകാന്‍ തുടങ്ങി. ട്വിറ്ററില്‍നിന്നാണ് അസ്ര സഞ്ചരിച്ച വിമാനമാണ് തകര്‍ന്നതെന്ന് മനസ്സിലായത്''- വാര്‍ത്തകളില്‍ കാണുന്നതുപോലുള്ള ദുരന്തം നേരിട്ട നടുക്കത്തിലാണ് ഹമാദ്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായ അസ്ര കന്‍സാസില്‍ പോയി മടങ്ങുകയായിരുന്നു.