കുവൈത്തിലെ നാടുകടത്തല്‍ കനക്കുന്നു; പ്രതിമാസം 3000 പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്

പ്രതിമാസം 3000 പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്

Update: 2025-03-20 12:54 GMT
കുവൈത്തിലെ നാടുകടത്തല്‍ കനക്കുന്നു; പ്രതിമാസം 3000 പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്
  • whatsapp icon

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിമാസം ശരാശരി 3000 പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവുകളുടെയും ക്രിമിനല്‍ കേസുകളില്‍ ശിക്ഷ ലഭിച്ചവരെ സംബന്ധിച്ചുള്ള ജുഡീഷ്യല്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് നാടുകടത്തല്‍ നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാടുകടത്തല്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍നോട്ടത്തില്‍ ആഭ്യന്തര മന്ത്രാലയം ഭരണ-സുരക്ഷാ മേഖലകളില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ നടപടികളുടെ ഭാഗമായി നാടുകടത്തല്‍ സംവിധാനം ആധുനികവല്‍ക്കരിക്കുകയും പുതിയ നാടുകടത്തല്‍ കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പ്രതിമാസം 3000 പേരെ നാടുകടത്താന്‍ കഴിയുന്നതായും അധികൃതര്‍ അറിയിച്ചു.

സ്പോണ്‍സറോ, നാടുകടത്തപ്പെടുന്നയാളോ യാത്രാടിക്കറ്റ് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, നാടുകടത്തല്‍ വിഭാഗം കെട്ടിടത്തിനുള്ളിലുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി ആഭ്യന്തര മന്ത്രാലയം ടിക്കറ്റ് എടുക്കും. പിന്നീട് പ്രസ്തുത ചെലവ് സ്പോണ്‍സറില്‍നിന്ന് മന്ത്രാലയം ഈടാക്കുമെന്നും വ്യക്തമാക്കി. നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ ശരാശരി മൂന്നുദിവസംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കും.

എന്നാല്‍, സാധുവായ പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാകാന്‍ താമസമെടുക്കുന്ന വേളയില്‍ അവരുടെ എംബസികള്‍ മുഖേനെ നേരിട്ട് ബന്ധപ്പെട്ട് ഇവ എത്രയും പെട്ടെന്ന് ലഭ്യമാക്കാനും പ്രത്യേക ഓഫീസ് ഒരുക്കിയിട്ടുണ്ട്. നാടുകടത്തല്‍ നടപടികള്‍ മുഴുവന്‍ മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കിയാണ് നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News