ഇന്ത്യയുമായി കൊമ്പുകോർക്കാൻ നിന്ന ട്രൂഡോയ്ക്ക് പണി കിട്ടി; ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം; തെരഞ്ഞെടുപ്പിന് നിൽക്കരുത്; രാജിവെയ്ക്കണമെന്ന് മുന്നറിയിപ്പ്; മൗനം പാലിച്ച് ട്രൂഡോ
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വൻ തിരിച്ചടി. അദ്ദേഹത്തിനെതിരെ സ്വന്തം പാളയത്തിൽ തന്നെ പടയൊരുക്കമെന്ന് റിപ്പോർട്ടുകൾ. ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ലിബറൽ പാർട്ടിയിലെ അംഗങ്ങൾ ട്രൂഡോയ്ക്ക് ഒക്ടോബർ 28 വരെ സമയം അനുവദിച്ചതായാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ശേഷം 28ന് മുമ്പ് രാജി വെച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ലിബറൽ എംപിമാർ മുന്നറിയിപ്പ് നൽകി.
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ ലിബറൽ പാർട്ടിയിൽ നിന്നുള്ള 20-ലധികം എംപിമാർ ഒപ്പുവെച്ചു. ഇവരിൽ മൂന്ന് പേർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
പാർലമെൻ്റിലെ ലിബറൽ അംഗങ്ങളുമായി ട്രൂഡോ മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ വീണ്ടും മത്സരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ട്രൂഡോ ഈ യോഗത്തിന് ശേഷം പിന്നെ മൗനത്തിലാണ്.
അതേസമയം, ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി തുടരുകയാണ്. ഇതിലും ട്രൂഡോയ്ക്കെതിരെ വിമർശനം ഉണ്ട്.