ഫോട്ടോകൾ എടുത്തുകൊണ്ട് പിന്നിലേക്ക് നടന്നു; വിമാനത്തിന്റെ കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലറിൽ തട്ടി അപകടം; യുവതിക്ക് ദാരുണാന്ത്യം
കൻസാസ്: വിമാനത്തിലെ പ്രൊപ്പല്ലറിൽ തട്ടി ഫോട്ടോഗ്രാഫറായ യുവതി മരിച്ചു. കൻസാസിലാണ് അപകടം നടന്നത്. വിമാനത്തിൽ കയറുന്നവരുടെയും പുറത്തിറങ്ങുന്നവരുടെയും ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. 37കാരിയായ അമാൻഡ ഗല്ലഗെർ ആണ് ദാരുണ അപകടത്തിൽ മരിച്ചത്. അമേരിക്കയിലെ കൻസാസിലാണ് സംഭവം നടന്നത്.
കൻസാസ് ആസ്ഥാനമായുള്ള 'സ്കൈ ഡൈവിംഗ്' കമ്പനിയായ എയർ ക്യാപിറ്റൽ ഡ്രോപ്പ് സോണിനായി ഫോട്ടോകൾ എടുക്കാൻ എത്തിയതായിരുന്നു അമാൻഡ എന്ന യുവതി. ഫോട്ടോകൾ എടുത്തുകൊണ്ട് പിന്നിലേക്ക് നടക്കുമ്പോൾ, കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലറിൽ തട്ടിയാണ് യുവതിക്ക് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സ്കൈ ഡൈവിംഗ് നടത്താനുള്ള അടുത്ത ഒരു സംഘം വിമാനത്തിൽ കയറുമ്പോഴാണ് അപകടം നടന്നത്. അടിസ്ഥാന സുരക്ഷാ നടപടി ക്രമങ്ങൾ ലംഘിച്ചാണ് അമാൻഡ പ്രൊപ്പല്ലറിന് സമീപത്തേക്ക് നീങ്ങിയതെന്ന് സ്കൈ ഡൈവിംഗ് കമ്പനി വ്യക്തമാക്കി. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി ചേർന്ന് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.