പെറുവിൽ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്
ലിമ: ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഉണ്ടായ അപകടത്തിൽ താരത്തിന് ദാരുണാന്ത്യം. പെറുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പരിക്കേറ്റ അഞ്ച് കളിക്കാർ ചികിത്സയിൽ കഴിയുകയാണ്.
പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. ഡിഫൻഡറായ ഹ്യൂഗോ ഡി ലാ ക്രൂസാണ് (39) അപകടത്തിൽ മരിച്ചത്.
ശക്തമായ മിന്നൽ അടിക്കുന്നതും തീഗോളമാകുന്നതിന്റെയും ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗോൾകീപ്പർ ജുവാൻ ചോക്ക ലാക്ടയ്ക്ക് (40) വളരെ ഗുരുതരമായി പൊള്ളലേറ്റു.മത്സരത്തിന്റെ 22-ാം മിനിട്ടിലാണ് അപകടം നടന്നത്.
ശക്തമായ മഴ കാരണം മത്സരം നിറുത്തിവയ്ക്കുകയും താരങ്ങൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയും ചെയ്യുമ്പോഴായിരുന്നു സംഭവം നടന്നത്. പെട്ടെന്ന് ശക്തമായ മിന്നലടിക്കുകയും താരങ്ങൾ കൂട്ടത്തോടെ നിലത്ത് പതിക്കുകയും ചെയ്തു. ഹ്യൂഗോ ഡി ലാ ക്രൂസിന് തീപിടിക്കുന്നതും പുക ഉയരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മിന്നലേറ്റ് ഉടൻ തന്നെ അദ്ദേഹം മരിച്ചു. പരിക്കേറ്റവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.