നൈജീരിയയില്‍ ആക്രമണം: 46 പേര്‍ കൊല്ലപ്പെട്ടു; 38 മൃതദേഹങ്ങള്‍ കണ്ടെത്തിയത് വെടിയേറ്റും കഴുത്തറുത്ത നിലയിലും
നൈജീരിയയില്‍ ആക്രമണം: 46 പേര്‍ കൊല്ലപ്പെട്ടു; 38 മൃതദേഹങ്ങള്‍ കണ്ടെത്തിയത് വെടിയേറ്റും കഴുത്തറുത്ത നിലയിലും
അബുജ: മധ്യ- വടക്കന്‍ നൈജീരിയന്‍ പ്രദേശങ്ങളില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ഗ്രാമങ്ങളിലായി നടന്ന ആക്രമണത്തില്‍ നിരവധിയാളുകളെ തട്ടിക്കൊണ്ടു പോയതായും പൊലീസ് പറഞ്ഞു. നൈജര്‍ സംസ്ഥാനത്തെ ബോര്‍ഗു പ്രദേശത്തുള്ള തുംഗ-മകേരി, കോണ്‍കോസോ, പിസ്സ എന്നിവിടങ്ങളിലായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
തുംഗ-മാക്കേരിയിലെ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചുവെന്ന് നൈജര്‍ സംസ്ഥാന പൊലീസ് വക്താവ് വാസിയു അബിയോഡന്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ എണ്ണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോണ്‍കോസോ ഗ്രാമത്തില്‍ മാത്രം 38 മൃതദേഹങ്ങള്‍ വെടിയേറ്റും കഴുത്തറുത്ത നിലയിലും കണ്ടെത്തിയതായാണ് വിവരം. ഗ്രാമത്തിലെ വീടുകളും അക്രമികള്‍ തീയിട്ടിരുന്നു. ഇൗ മേഖലയില്‍ ഐഎസിന്റെയും അക്രമിസംഘങ്ങളുടെയും സ്വാധീനം വര്‍ധിച്ചു വരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന തോക്കുധാരികളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു കത്തോലിക്കാ പുരോഹിതന്‍ ഉള്‍പ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. ജനുവരിയില്‍ കടുനയിലെ മറ്റൊരു ഭാഗത്തുള്ള മൂന്ന് പള്ളികളില്‍ നിന്ന് 150ലധികം പേരെ തട്ടിക്കൊണ്ടുപോയിരുന്നു.
ഈ മാസം ആദ്യം പടിഞ്ഞാറന്‍ ക്വാറ സംസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ 160-ലധികം പേര്‍ കൊല്ലപ്പെട്ടു. വോറോ, നുകു ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ 162 പേരാണ് കൊല്ലപ്പെട്ടത്.