മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ശസ്ത്രക്രിയ; ബഞ്ചമിന്‍ നെതന്യാഹു സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്; ആശുപത്രിയില്‍ കനത്ത സുരക്ഷ
ബഞ്ചമിന്‍ നെതന്യാഹു സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്
ടെല്‍ അവീവ്: ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനായ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. പ്രോസ്ര്ടേറ്റ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. ജെറുസലേമിലെ ദദ്ദാസാ മെഡിക്കല്‍ സെന്റില്‍ ആയിരുന്നു ശസ്ത്രക്രിയ നടന്നത്. നെതന്യാഹുവിനെ ആശുപത്രിയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
ശസ്ത്രക്രിയയില്‍ യാതൊരു തരത്തിലുമുള്ള സങ്കീര്‍ണതകള്‍ ഇല്ലായിരുന്നു എന്നും നെതന്യാഹു ഇപ്പോള്‍ പൂര്‍ണമായി ബോധവാന്‍ ആണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ കൂടി നെതന്യാഹു ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് സൂചന. അതേ സമയം പശ്ചിമേഷ്യയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നെത്യന്യാഹുവിന് വേണ്ടി കനത്ത സുരക്ഷാ സംവിധനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നെതന്യാഹുവിന്റെ മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡോക്ടര്‍മാര്‍ നെതന്യാഹുവിന്റെ ശരീരത്തില്‍ പേസ്‌മേക്കറും ഘടിപ്പിച്ചിരുന്നു.
ഇന്നലെ നടത്തിയ ശസ്ത്രക്രിയ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. നെതന്യാഹു വീണ്ടും ഓഫീസിലെത്തി ചുമതലകള്‍ ഏറ്റെടുക്കുന്നത് വരെ നിയമകാര്യ മന്ത്രിയായ യാരിവ് ലെവിന്‍ പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുമെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
സെക്യൂരിറ്റി ക്യാബിനറ്റ് വിളിച്ചു ചേര്‍ക്കേണ്ട ആവശ്യം വന്നാല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇസ്രയേലില്‍ ഏററവും ദീര്‍ഘകാലം പ്രധാനമന്ത്രി ആയിരിക്കുന്ന വ്യക്തിയാണ് നെതന്യാഹു. ദിവസവും 18 മണിക്കൂര്‍ വരെ അദ്ദേഹം ജോലി ചെയ്യുന്നു എന്നാണ് അനുയായികള്‍ പറയുന്നത്.