മ്യൂണിക്കില്‍ വീണും ഭീകരാക്രമണമോ? രണ്ടു പേരെ കുത്തിയ മുപ്പതുകാരി യുവതിയെ വെടിവച്ച് കൊന്ന് പോലീസ്
മ്യൂണിക്: മ്യൂണിക്കിലെ പ്രശസ്തമായ ഓക്ടൊബെര്ഫെസ്റ്റ് ചത്വരത്തില്‍ രണ്ട് പേരെ കുത്തി പരിക്കേല്‍പ്പിച്ച സ്ത്രീയെ പോലീസ് വെടിവെച്ചു കൊന്നു. 30 കാരിയായ യുവതി ആദ്യം 56 വയസ്സുള്ള ഒരു പുരുഷനെയായിരുന്നു കത്തികൊണ്ട് ആക്രമിച്ചത്. അതിനു ശേഷം ബവേറിയന്‍ ഭാഗത്ത് പോയി ഒരു 25 കാരിയേയും അവര്‍ ആക്രമിച്ചു. മ്യൂണിക്കിലെ, ലോക പ്രശസ്തമായ ഒക്ടൊബര് ഫെസ്റ്റ് നടക്കുന്ന സ്ഥലത്തിനടുത്ത് വെച്ചായിരുന്നു പോലീസ് അവര്‍ക്ക് നേരെ നിറയൊഴിച്ചത്.
വെടിവെച്ച് വീഴ്ത്തിയ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ച് അവര്‍ മരണമടഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. അക്രമിക്ക്, അക്രമിക്കപ്പെട്ട രണ്ടു പെരുമായും നേരിട്ട് പരിചയമില്ല എന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തിന് സമീപത്ത് തന്നെ താമസിച്ചിരുന്ന അക്രമിയുടെ ആക്രമിച്ചതിനു പിന്നിലെ ഉദ്ദേശമെന്തെന്നും ഇപ്പോള്‍ വെളിവായിട്ടില്ല.
പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് കത്തിക്കുത്ത് നടന്ന രണ്ടിടങ്ങളും വേലി കെട്ടി തിരിച്ചിട്ടുണ്ട്. ഫൊറെന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. യുവതിയെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അക്രമാസക്തയായതിനാലാണ് വെടി ഉതിര്‍ക്കേണ്ടി വന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഏതായാലും പോലീസ് വെടിവെപ്പിനെ കുറിച്ച് ഒരു ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.