പുലർച്ചെ ഉഗ്ര ശബ്ദം കേട്ട് പാതി ഉറക്കത്തിൽ നിന്ന് ആളുകൾ നിലവിളിച്ചോടി; യുക്രെയിനെ വിറപ്പിച്ച് വീണ്ടും റഷ്യൻ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; എല്ലാം നിരീക്ഷിച്ച് ഭരണകൂടം
കീവ്: യുക്രെയ്‌ന് നേരെ റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു. തെക്കൻ ഒഡേസ മേഖല, സപ്പോറിഷ്യ, ഡൊണെറ്റ്സ്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങളുണ്ടായത്. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ രൂക്ഷമായ ഡ്രോൺ ആക്രമണമാണ് കാർഖീവ് നഗരത്തിലുണ്ടായത്. അഞ്ച് നിലകളുള്ള ഒരു കെട്ടിടസമുച്ചയം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, കെട്ടിടത്തിന്റെ മൂന്നു നിലകളിൽ തീപിടുത്തമുണ്ടായി. ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യൻ അതിർത്തിയോട് ചേർന്ന നഗരത്തിന് നേരെ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 11 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സപ്പോറിഷ്യ മേഖലയിൽ നടന്ന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൊണെറ്റ്സ്ക് മേഖലയിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. തെക്കൻ ഒഡേസ മേഖലയിലും റഷ്യ ആക്രമണം നടത്തിയതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിക്കുന്നു.
അതേസമയം, യുക്രെയ്ൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപുമായി ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് റഷ്യയുടെ ഈ ശക്തമായ ആക്രമണങ്ങൾ നടക്കുന്നത്. ഇത് യുദ്ധം കൂടുതൽ രൂക്ഷമാകാനുള്ള സൂചന നൽകുന്നു.