കൈയ്യിൽ ആണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല; അതുകൊണ്ട് വേണ്ട; സ്വന്തം വളർത്തുമൃഗത്തെ തിരികെ ലഭിക്കാനുള്ള നിയമപോരാട്ടം അവസാനിപ്പിച്ച് ന്യൂയോർക്ക് സ്വദേശി

Update: 2026-04-13 10:19 GMT

ന്യൂയോർക്ക്: തന്റെ പ്രിയപ്പെട്ട വളർത്തു മുതലയായ 'ആൽബർട്ടി'നെ തിരികെ ലഭിക്കാനായി രണ്ട് വർഷമായി നടത്തിവന്ന നിയമപോരാട്ടം 66-കാരനായ ടോണി കവല്ലാരോ ഉപേക്ഷിച്ചു. കേസ് തുടരുന്നതിലൂടെയുണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

 ന്യൂയോർക്കിലെ ഹാമ്പർട്ടണിലുള്ള തന്റെ വീടിനുള്ളിലെ ഇൻഡോർ സ്വിമ്മിംഗ് പൂളിൽ 30 വർഷത്തിലേറെയായി കവല്ലാരോ ആൽബർട്ടിനെ വളർത്തുകയായിരുന്നു. ഏകദേശം 12 അടി നീളവും 750 പൗണ്ട് ഭാരവുമുള്ള ഒരു ഭീമൻ മുതലയാണ് ആൽബർട്ട്.

2024 മാർച്ചിലാണ് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷൻ (DEC) അധികൃതർ ആൽബർട്ടിനെ പിടിച്ചെടുത്തത്. കവല്ലാരോയുടെ പെർമിറ്റ് 2021-ൽ അവസാനിച്ചതും, സുരക്ഷിതമല്ലാത്ത രീതിയിൽ ആളുകളെ മുതലയ്‌ക്കൊപ്പം പൂളിൽ ഇറങ്ങാൻ അനുവദിച്ചതും നിയമലംഘനമായി ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

പിടിച്ചെടുത്ത ശേഷം ആൽബർട്ടിനെ ടെക്സാസിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആൽബർട്ടിനെ തിരികെ കിട്ടാൻ കവല്ലാരോ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അധികൃതർ അതിന് വഴങ്ങുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് ഇനിയും മുന്നോട്ട് കൊണ്ടുപോകുന്നത് കുടുംബത്തിനും തനിക്കും വലിയ ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. "അവർ ആൽബർട്ടിനെ എനിക്ക് തിരികെ തരുമെന്ന് തോന്നുന്നില്ല. ഇനിയും ഒന്നര വർഷമെങ്കിലും ഇതിനായി ചിലവഴിക്കുന്നത് വലിയ മാനസിക സമ്മർദ്ദമാണ്," കവല്ലാരോ ദുഃഖത്തോടെ വ്യക്തമാക്കി.

യാതൊരു അപകടവുമുണ്ടാക്കാതെ മൂന്ന് പതിറ്റാണ്ടോളം കൂടെയുണ്ടായിരുന്ന മൃഗത്തെ പെട്ടെന്ന് കൊണ്ടുപോയത് കവല്ലാരോയെ വല്ലാതെ തളർത്തിയിട്ടുണ്ട്. നിയമപരമായ നൂലാമാലകളും ഫലമില്ലാത്ത കാത്തിരിപ്പും കണക്കിലെടുത്ത് ആൽബർട്ടുമായുള്ള ഓർമ്മകൾ മാത്രം ബാക്കിയാക്കി അദ്ദേഹം കേസ് പിൻവലിക്കുകയായിരുന്നു.

Tags:    

Similar News