സെര്‍ബിയയില്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; മരിച്ചത് നിരവധി പേര്‍
സെര്‍ബിയയില്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
ബല്‍ഗ്രേഡ്: സെര്‍ബിയയില്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സെര്‍ബിയന്‍ നഗരമായ നൊവിസാദിലാണ് അപകടം നടന്നത്. ബെല്‍ഗ്രേഡില്‍ നിന്ന് 40 മൈല്‍ അകലെയാണ് അപകടം നടന്നത്. 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്്. 115 അടി നീളമാണ് ഇതിനുള്ളത്. രാവിലെ 11 മണിയോടെ വളരെ പെട്ടെന്നാണ് സ്റ്റേഷന്റെ മേല്‍ക്കൂര താഴേക്ക് പതിച്ചത്.
സംഭവത്തില്‍ സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് വ്യൂസ് വിക്ക് നടുക്കം രേഖപ്പെടുത്തി. രാജ്യത്തിന് ഒരു കറുത്ത വെള്ളിയാഴ്ചയാണ് ഇതതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഭവത്തിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പ് നല്‍കി. കെട്ടിടം 60 വര്‍ഷം പഴക്കമുള്ളതാണങ്കിലും അവ കൃത്യ സമയങ്ങളില്‍ പരിശോധന നടത്തി അറ്റകുറ്റപ്പണികള്‍ നടത്താത്ത ഉദ്യോഗസ്ഥന്‍മാര്‍ക്ക് നേരേ നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
എണ്‍പതോളം രക്ഷാപ്രവര്‍ത്തകരാണ് ഇവിടെ അപകടം നടന്ന ഉടന്‍ തന്നെ എത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുയാണോ എന്ന് സംശയമുണ്ട്. എട്ട് മൃതദേഹങ്ങളാണ് ഇതു വരെ കണ്ടെടുത്തത്. നിരവധി ക്രെയിനുകളും ബുള്‍ഡോസറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. വന്‍ തോതില്‍ മെഡിക്കല്‍ സംഘത്തേയും ഇവിടെ എത്തിച്ചിട്ടുണ്ട്.