റിയാദ് മെട്രോ സമയം പുനഃക്രമീകരിച്ചു; രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ടുവരെ, വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍
റിയാദ് മെട്രോ സമയം പുനഃക്രമീകരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-03-01 12:11 GMT
റിയാദ്: റമദാന് എത്തുന്നതോടെ നഗരവാസികളുടെ ദിനചര്യക്കുണ്ടാവുന്ന മാറ്റം കണക്കിലെടുത്ത് റിയാദ് മെട്രോ ട്രെയിന്‍ സര്‍വിസുകളുടെ സമയം പുനഃക്രമീകരിച്ചു. ട്രെയിനിന്റെ പുതിയ ദൈനംദിന പ്രവര്‍ത്തനസമയം റിയാദ് പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു.
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ടുവരെയായിരിക്കും സര്‍വിസ്. നിലവില്‍ ഇത് രാവിലെ ആറ് മുതല്‍ രാത്രി 12.30 വരെയായിരുന്നു.
പുതിയ സമയക്രമമനുസരിച്ച് വെള്ളിയാഴ്ച രാവിലെ സര്‍വിസുണ്ടാവില്ല. ഉച്ചക്ക് 12 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ആയിരിക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെയായിരിക്കും. മെട്രോയോട് അനുബന്ധിച്ചുള്ള റിയാദ് ബസുകള്‍ ദിവസവും രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ സര്‍വിസ് നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.