കൂട്ട നാടുകടത്തലിനെ അപലപിച്ച ഹോളിവുഡ് നടിക്ക് നഷ്ടമായത് എട്ട് ലക്ഷത്തോളം ഫോളോവേഴ്സ്; ട്രംപിനെ വിമര്‍ശിച്ച സെലീന ഗോമസിന് സംഭവിച്ചത്
കൂട്ട നാടുകടത്തലിനെ അപലപിച്ച ഹോളിവുഡ് നടിക്ക് നഷ്ടമായത് എട്ട് ലക്ഷത്തോളം ഫോളോവേഴ്സ്
വാഷിങ്ടണ്‍: ഇന്‍സ്റ്റാഗ്രാമിലെ ഏറ്റവും അധികം ഫോളോ ചെയ്യപ്പെടുന്ന വനിത എന്ന നിലയിലേക്ക് എത്തിയ അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസിന് വന്‍ തിരിച്ചടി കിട്ടിയത് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ അത്യന്തം വികാരഭരിതയായി പ്രതികരിച്ചതിന്. 2023 മാര്‍ച്ച് 27 ന് ആയിരുന്നു 422 മില്യന്‍ ഫോളോവേഴ്സുമായി, കെയ്ലി ജെന്നെറിനെ മറികടന്ന് ഇന്‍സ്റ്റയില്‍ ഏറ്റവും അധികം പേര്‍ ഫോളോ ചെയ്യുന്ന വനിതയായി സലീന ഗോമസ് മാറിയത്. എന്നാല്‍, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപിന്റെ നയത്തിനെതിരെ വികാരഭരിതയായി ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറയാന്‍ തുടങ്ങിയത്.
പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം 7,07,880 ഫോളോവേഴ്സാണ് ഇവരെ അണ്‍ഫോളോ ചെയ്തത്. ഇതോടെ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള വനിത എന്ന സ്ഥാനവും ഇവര്‍ക്ക് നഷ്ടമായി. 2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്, രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ താമസിക്കുന്ന വിദേശികളെ നാടുകടത്തും എന്ന കാര്യം. ഇതിനെതിരെയായിരുന്നു നടി പ്രതികരിച്ചത്.
അപകടം മനസ്സിലാക്കിയ നടി വീഡിയോ ഉടനടി പിന്‍വലിച്ചെങ്കിലും അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗൈന്‍ (മാഗ) പ്രവര്‍ത്തകര്‍ക്കിടയിലും കോപത്തിനിടയാക്കി. മെക്സിക്കന്‍ വംശജ കൂടിയായ നടി നുണ പറയുകയാണെന്നും, അവരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് സെനറ്റ് സ്ഥാനാര്‍ത്ഥി സാം പാര്‍ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. തിങ്കളാഴ്ച ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലിറ്റ് ചെയ്യുകയും ചെയ്തതിനിടയില്‍ തന്നെ അവര്‍ക്ക് 1,16,833 ഫോളോവേഴ്സിനെ നഷ്ടമായി.