തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷം; വെടിനിര്‍ത്താന്‍ തീരുമാനം; മലേഷ്യയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച വിജയം
തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷം; വെടിനിര്‍ത്താന്‍ തീരുമാനം; മലേഷ്യയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച വിജയം
ക്വലാലംപുര്‍: അതിര്‍ത്തിയില്‍ ഏറ്റുമുട്ടുന്ന തായ്ലന്‍ഡും കംബോഡിയയും അടിയന്തരവും നിരുപാധികവുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. മലേഷ്യയിലെ പുത്രജയയില്‍ നടന്ന മാധ്യസ്ഥ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ തീരുമാനം. അന്‍വര്‍ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും തായ്ലന്‍ഡ് ആക്ടിങ് പ്രധാനമന്ത്രി ഫുംതാം വെച്ചയാചൈയും മലേഷ്യയിലെ ചൈനീസ്, യുഎസ് അംബാസഡര്‍മാരും പങ്കെടുത്തു.
നാല് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടു. 260,000 പേര്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി മേഖലകളില്‍നിന്ന് പലായനം ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ മലേഷ്യയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. ഇരുരാജ്യങ്ങളുടെയും തലവന്‍മാരുമായി ഫോണില്‍ സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ തായ്ലന്‍ഡും കംബോഡിയയും 800 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിര്‍ത്തിയെചൊല്ലിയുള്ള സംഘര്‍ഷങ്ങളാണ് വീണ്ടും ഏറ്റുമുട്ടലിലേക്ക് നയിച്ചത്. കഴിഞ്ഞ മേയില്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്.