ട്രക്ക് ഇടിച്ചു കയറ്റി ജ്വല്ലറിയുടെ ഭിത്തി തകർത്തു; കടയിലേക്ക് ഓടിക്കയറിയ മുഖംമൂടി ധരിച്ച സംഘം 50 സെക്കന്റിനുള്ളിൽ ആഭരണങ്ങളുമായ് കടന്നു; തടയാൻ ശ്രമിച്ച കടയുടമയെ ആക്രമിച്ചു; വൈറലായി വീഡിയോ
സാൻ ജോസ്: കാലിഫോർണിയയിലെ സാൻ ജോസ് നഗരത്തിൽ പട്ടാപ്പകൽ നടന്ന ഞെട്ടിപ്പിക്കുന്ന ജ്വല്ലറി മോഷണത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മുഖംമൂടി ധരിച്ച ഒരു സംഘം ട്രക്ക് ഉപയോഗിച്ച് ജ്വല്ലറിയുടെ ഭിത്തി ഇടിച്ചുതകർത്ത് അകത്തുകയറി ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കിം ഹംഗ് ജ്വല്ലറിയിൽ ഈ സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങളിൽ, ഒരു ട്രക്ക് ജ്വല്ലറിയുടെ മുൻഭാഗത്തേക്ക് അതിവേഗത്തിൽ ഇടിച്ചു കയറുന്നത് കാണാം. പിന്നാലെ, പത്തോളം മുഖംമൂടി ധരിച്ച കവർച്ചക്കാർ കടയിലേക്ക് ഓടിക്കയറുന്നു. കടയുടമയായ 88-കാരൻ്റെയും ഒരു ജീവനക്കാരൻ്റെയും മുന്നിൽ വെച്ചാണ് സംഘം ആഭരണങ്ങൾ വാരിയെടുക്കുന്നത്. ഇവരിൽ ഒരാളുടെ കൈവശം തോക്കും മറ്റുള്ളവരുടെ കൈവശം ചുറ്റിക പോലുള്ള ആയുധങ്ങളും ഉണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു.
കവർച്ചാ ശ്രമത്തെ ചെറുക്കാൻ ശ്രമിച്ച കടയുടമയെ സംഘം തള്ളിയിട്ട് പരിക്കേൽപ്പിച്ചു. തുടർന്ന്, വലിയൊരു ശബ്ദത്തോടെ വാഹനം പാർക്ക് ചെയ്ത ശേഷം പ്രതികൾ വേഗത്തിൽ കടന്നുകളയുകയായിരുന്നു. ഏകദേശം 50 സെക്കൻഡിനുള്ളിൽ കവർച്ച പൂർത്തിയാക്കി സംഘം രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം കടയുടമയ്ക്ക് പക്ഷാഘാതം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. കുറ്റവാളികളെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.