ജൂത വിദ്യാര്‍ത്ഥികള്‍ക്ക് യുകെ കാമ്പസുകളില്‍ പീഡനകാലം; ജൂത വിരുദ്ധത കാമ്പസുകളില്‍ പ്രതിഫലിക്കുന്നതായി റിപ്പോര്‍ട്ട്
ജൂത വിരുദ്ധത കാമ്പസുകളില്‍ പ്രതിഫലിക്കുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രിട്ടീഷുകാരായ യഹൂദ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്സുകളില്‍ കടുത്ത യഹൂദ വിരുദ്ധത അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി യഹൂദ വിരുദ്ധത പ്രതിഫലിക്കുന്ന വിവേചനങ്ങളും പീഢനങ്ങളും റെക്കോര്‍ഡ് ഉയരത്തില്‍ എത്തി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഹൂദവിരുദ്ധതക്കെതിരെ അവബോധമുയര്‍ത്തുന്ന, കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് (സി എസ് ടി) കഴിഞ്ഞ രണ്ട് വിദ്യാഭ്യാസ വര്‍ഷങ്ങളിലായി വിവിധ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ രേഖപ്പെടുത്തിയത് യഹൂദവിരുദ്ധതയുടെ 325 കേസുകളാണ്.
അതിനു മുന്‍പുള്ള രണ്ട് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയത് 117 കേസുകള്‍ മാത്രമാണ്. അതായത്, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം ഇരട്ടിയോളമായി വര്‍ദ്ധിച്ചു എന്ന് സാരം. ഇതില്‍ ഭൂരിഭാഗവും നടന്നത് ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷമായിരുന്നു. കേസുകളില്‍, 10 എണ്ണം യഹൂദ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നെങ്കില്‍, 23 എണ്ണം ഭീഷണി മുഴക്കിയ കേസുകളായിരുന്നു. അതില്‍ വധ ഭീഷണിയും, ജൂതപ്പള്ളിയില്‍ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമൊക്കെ ഉള്‍പ്പെടുന്നു.
സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ യഹൂദ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുട്ടയേറുണ്ടായി. 2023 നവംബറില്‍, മുഖ്യ യഹൂദ പുരോഹിതനുമൊത്തുള്ള ഒരു കൂടിക്കാഴ്ചക്ക് ശേഷം മടങ്ങി വരുന്ന വഴിയാണ് ഇത് സംഭവിച്ചത്. 2024 മെയ് മാസത്തില്‍ പരമ്പരാഗത യഹൂദ വസ്ത്രം ധരിച്ച് ഒരു വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവവും ഉണ്ടായിരുന്നു. 2024 ഏപ്രിലില്‍ സിനഗോഗിന് നേരെ ബോംബ് ഭീഷണിയും ഉണ്ടായി.