ഈസ്റ്റ് ലണ്ടനില്‍ കാര്‍ ബൂട്ടില്‍ 24കാരിയുടെ മൃതദേഹം; കൊലപാതകമെന്ന സൂചനയില്‍ അന്വേഷണം തുടങ്ങി പോലീസ്; പിന്നില്‍ അടപ്പക്കാരെന്ന് സൂചന
ഈസ്റ്റ് ലണ്ടനില്‍ കാര്‍ ബൂട്ടില്‍ 24കാരിയുടെ മൃതദേഹം
ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ കാര്‍ ബൂട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ പേര് പോലീസ് വെളിപ്പെടുത്തി. ഇവരെ പരിചയമുള്ള ഒരാളാണ് ഇവരെ ആക്രമിച്ചതെന്നും പോലീസ് വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ നവംബര്‍ 13 ന് ആയിരുന്നു ഹര്‍ഷിത ബ്രെല്ല എന്ന യുവതിയെ കാണ്മാനില്ല എന്ന് പരാതി ലഭിച്ചത്. തുടര്‍ന്ന് നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് ഈ യുവതിയുടെ കോര്‍ബി, സ്‌കെഗ്‌നെസ്സ് വാക്കിലുള്ള വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ഇല്‍ഫോര്‍ഡ്, ബ്രിസ്‌ബെയ്ന്‍ റോഡില്‍ ഒരു കാറിനുള്ളില്‍ ഈ 24 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ ഇന്നലെ നടത്തിയ ഫൊറെന്‍സിക് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ഇവര്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, പോലീസ് വിശ്വസിക്കുന്നത് ഹരിഷിതയുമായി അടുത്ത് ബന്ധമുള്ള ആരോ ആണ് കൊലയ്ക്ക് പിന്നില്‍ എന്നാണ്. അതേസമയം, മറ്റ് സാധ്യതകള്‍ തള്ളിക്കളഞ്ഞിട്ടുമുല്ല.
മൃതദേഹം അടങ്ങിയ കാര്‍ കണ്ടെത്തിയതിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല എന്നാണ് സൂചന. കൂടുതല്‍ വ്യാപകമായ ഭാഗങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കുകയാണ് ഇപ്പോള്‍ പോലീസ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.