തൊടലും ഉമ്മ വയ്ക്കലും ഒക്കെ ചെയ്താലും ലൈംഗിക വേഴ്ച്ചയോടടുക്കുമ്പോള്‍ പെണ്‍കുട്ടി എതിര്‍ത്താല്‍ അത് അരുത് എന്നുതന്നെയാണ്; 'നോ എന്നാല്‍ നോ', ഇത് പല പുരുഷന്മാര്‍ക്കും മനസ്സിലാകില്ല; കണ്‍സന്റ് മിക്കപ്പോഴും കണ്‍സന്റ് അല്ല: യുഎന്‍ഡിപി മുന്‍ ഉപദേഷ്ടാവ് പ്രമോദ് കുമാറിന്റെ കുറിപ്പ്

യുഎന്‍ഡിപി മുന്‍ ഉപദേഷ്ടാവ് പ്രമോദ് കുമാറിന്റെ കുറിപ്പ്

Update: 2025-08-22 16:41 GMT

കണ്‍സന്റ്, കണ്‍സന്റ് എന്നു പറയുന്നത് പലപ്പോഴും മാനുഫാക്ചര്‍ഡ് കണ്‍സന്റ് ആയിരിക്കും, അതു കൊണ്ടൊക്കെത്തന്നെയാണ് ഇത്തരം സംഭവങ്ങള്‍ പൊതുമധ്യത്തിലും കോടതികളിലും വരുന്നത്. അധികാരത്തിന്റെയും, വ്യക്തിപ്രഭാവത്തിന്റെയും, കായികബലത്തിന്റെയും ലേബലില്‍ ഉണ്ടാക്കിയെടുക്കുന്ന കണ്‍സന്റ്.

2004-ല്‍ ബോംബെയില്‍ നടന്ന, ഒരു ലക്ഷം പേര്‍ പങ്കെടുത്ത വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ (വേള്‍ഡ് സോഷ്യല്‍ ഫോറം അങ്ങനെയൊരു മാമാങ്കമാണ്) പങ്കെടുത്ത ഒരു പ്രമുഖനായ 53 വയസ്സുകാരന്‍ സൗത്ത് ആഫ്രിക്കന്‍ ജഡ്ജി വേള്‍ഡ് സോഷ്യല്‍ ഫോറം നടക്കുന്ന ദിവസങ്ങളില്‍ ഒരു രാത്രി ചില ഡെലിഗേറ്റുകളുമായി ഒരു നിശാ ക്ലബ്ബില്‍ പോകുന്നു. മൂന്നു മണി വരെ ക്ലബ്ബില്‍ ചെലവഴിച്ച ശേഷം തിരികെ ഹോട്ടലില്‍ വരുമ്പോള്‍ 27-കാരിയായ സൗത്ത് ആഫ്രിക്കയില്‍ നിന്ന് തന്നെയുള്ള ഒരു എയ്ഡ്‌സ് ആക്ടിവിസ്റ്റും ഒപ്പമുണ്ട്, അവരും ആ ഹോട്ടലില്‍ ആണ് താമസം.

രണ്ടു പേരും സൗത്ത് ആഫ്രിക്കക്കാര്‍ എന്നൊക്കെയുള്ള സന്തോഷത്തില്‍ വലിയ കൂട്ടുകാരായി, സംസാരം തുടരാന്‍ അയാളുടെ മുറിയില്‍ എത്തുന്നു. ഇത്തരം കോണ്‍ഫറന്‍സുകളില്‍ ഇതൊക്കെ സാധാരണ സംഭവിക്കാറുള്ളതാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ കുട്ടിയെ തൊടാനും സ്‌നേഹം കാണിക്കാനും ഒക്കെ തുടങ്ങി, ഒരു സ്റ്റേജ് ആയപ്പോള്‍ അയാള്‍ ഒരു പടി കൂടെ കടന്ന് ആ കുട്ടിയെ ഉമ്മ വയ്ക്കാനും തുടങ്ങി. ഒരു പക്ഷെ ആ കുട്ടിയും തിരികെ ഉമ്മ വച്ചിട്ടുണ്ടാവണം, പക്ഷെ ഉടനെ തന്നെ സ്വയം നിയന്ത്രിച്ച് കുട്ടി അയാളോട് നിറുത്താന്‍ ആവശ്യപ്പെട്ടു, അയാള്‍ ചെയ്തില്ല, കുട്ടിയെ ബലം പ്രയോഗിച്ചു റേപ്പ് ചെയ്തു.

ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ആ കുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'There was a lot of kissing and holding and there was a point where I wanted him to back off but he continued. There was a definite 'no'. The result was that there was sex without consent.' ഈ അക്രമം കഴിഞ്ഞ ഉടനെ തന്നെ കുട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി കേസ് ഫയല്‍ ചെയ്തു. കുട്ടിയുടെ കാര്യത്തില്‍ നടന്നത് വളരെ ക്ലിയര്‍ ആയിരുന്നു. തൊടലും, പിടിക്കലും ഉമ്മ വയ്ക്കലും ഒക്കെ നടന്നിട്ടുണ്ടാകാം, പക്ഷെ അയാള്‍ ലൈംഗിക ബന്ധത്തിനുള്ള ശ്രമം നടത്തിയപ്പോള്‍ അവള്‍ പറഞ്ഞത് 'നോ' എന്നായിരുന്നു.

അമിതാഭ് ബച്ചന്‍ 'പിങ്ക്' എന്ന സിനിമയിലെ കോടതിയില്‍ പറഞ്ഞ പോലെ 'നോ എന്നാല്‍ നോ'. ഇത് പല പുരുഷന്മാര്‍ക്കും മനസ്സിലാകില്ല. ഇവിടം വരെയൊക്കെ ആയല്ലോ, ഇത് സെക്‌സിനുള്ള ഗ്രീന്‍ സിഗ്‌നല്‍ ആണ് എന്നാണ് അവര്‍ കരുതുക. നടക്കുന്നതോ, റേപ്പും.

പക്ഷെ ഈ കേസില്‍ നടന്ന വിചിത്രമായ ഒരു കാര്യം, അയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയൊക്കെ ചെയ്തുവെങ്കിലും, കേസ് കോടതിയില്‍ എത്തിയപ്പോള്‍ അയാളെ വെറുതെ വിട്ടു. എന്താണ് കാര്യം എന്നറിയാമോ, ഈ ലൈംഗിക ബന്ധത്തില്‍ condom ഉപയോഗിച്ചിരുന്നു, അത് ആ പെണ്‍കുട്ടി കൊടുത്തതാണ്, forced entry-യുടെ തെളിവുകള്‍ ഒന്നും ഇല്ലായിരുന്നു എന്നൊക്കെയുള്ള കാരണം പറഞ്ഞ്. റേപ്പില്‍ എങ്ങനെ condom വന്നു എന്നല്ലേ? അത് കോടതിക്കും, പൊതു ജനത്തിനും മനസ്സിലായില്ല, മനസ്സിലാകില്ല.

അക്കാലത്ത് സൗത്ത് ആഫ്രിക്കയില്‍ എയ്ഡ്‌സ് 30 ശതമാനം ജനങ്ങളിലും വ്യാപിച്ചിരുന്നു സമയമാണ്. അതായത് ശരാശരി മൂന്നില്‍ ഒരാളിന് HIV ഉണ്ടാവാം, ഒപ്പം സൗത്ത് ആഫ്രിക്കയിലെ വലിയ ഒരു സാമൂഹ്യ പ്രശ്‌നവുമായിരുന്നു റേപ്പ്. ധാരാളം പേര്‍ക്ക് റേപ്പിലൂടെ HIV ബാധിച്ചിരുന്ന സ്ഥലമാണ്. അതു കൊണ്ട് പെണ്‍കുട്ടികള്‍ക്ക് എയ്ഡ്‌സ് വിരുദ്ധ ലൈഫ്സ്‌കില്‍ പരിശീലനം നല്‍കുമ്പോള്‍ കൊടുത്തിരുന്ന ഒരു പരിശീലനം ആയിരുന്നു 'condom negotiation'. അതായത് റേപ്പ് തടയാന്‍ ഒരു പെണ്‍കുട്ടിയ്ക്ക് സാധിച്ചില്ലെങ്കില്‍ കുറഞ്ഞ പക്ഷം റേപ്പിസ്റ്റിനെ പറഞ്ഞു മനസ്സിലാക്കി condom ധരിപ്പിക്കുക. അറ്റ് ലീസ്റ്റ് എയ്ഡ്‌സ് -ല്‍ നിന്നെങ്കിലും രക്ഷ നേടാം. ഈ പെണ്‍കുട്ടിയും ചെയ്തത് അതാണ്, ജഡ്ജ് തന്നെ കീഴ്‌പ്പെടുത്തും എന്നുറപ്പായപ്പോള്‍ കുട്ടി തന്നെ പറഞ്ഞു, condom ധരിക്കൂ. അയാളുടെ ആക്രമം കഴിഞ്ഞ ശേഷം കുട്ടി തന്നെ ആ condom എടുത്തു കൊണ്ട് പോയി തന്റെ മുറിയില്‍ തെളിവായി സൂക്ഷിച്ചു, ഉടനെ തന്നെ പോലീസില്‍ പോവുകയും ചെയ്തു.

പറഞ്ഞു വന്നത് കണ്‍സന്റ് മിക്കപ്പോഴും കണ്‍സന്റ് അല്ല എന്നതു തന്നെ. പ്രത്യേകിച്ചും നമുക്ക് ആരാധനയോ, സ്‌നേഹമോ ഉള്ള, നമ്മളെ പ്രേമിക്കുന്നു എന്ന് നമ്മള്‍ കരുതുന്നതോ ആയ ഒരാള്‍ നമ്മളോട് അങ്ങനെ പെരുമാറുമ്പോള്‍. തൊടലും ഉമ്മ വയ്ക്കലും ഒക്കെയായ പെരിഫെറല്‍ ആയ കാര്യങ്ങള്‍ ഒക്കെ ചെയ്യും, പക്ഷെ ലൈംഗിക വേഴ്ച്ചയോടടുക്കുമ്പോള്‍ എതിര്‍ക്കും, പക്ഷെ ആജ്ഞാശക്തിയുള്ള പൗരുഷം അത് കേള്‍ക്കില്ല, പെണ്‍കുട്ടി മാനസികമായും ശാരീരികമായും ഉള്ള നിസ്സഹായതയില്‍ വീണു പോവുകയും ചെയ്യും. മുകളില്‍ പറഞ്ഞ കേസില്‍ സൗത്ത് ആഫ്രിക്കന്‍ പെണ്‍കുട്ടി പോലീസിനോടും കോടതിയിലും പറഞ്ഞത് 'ഞാന്‍ വെറുതെ മലര്‍ന്നു കിടക്കുകയായിരുന്നു' എന്നാണ്..

തൊണ്ണൂറുകളില്‍ ബോംബയില്‍ യൂണിസെഫ് പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ എങ്ങനെ കാമുകന്മാരെ തന്ത്രപരമായി ഇത്തരം സന്ദര്‍ഭങ്ങളില്‍ തടയാം എന്നതിനുള്ള ലൈഫ്സ്‌കില്‍ ട്രെയിനിങ് നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നു പറഞ്ഞു കേള്‍ക്കുന്ന 'ഗുഡ് ടച്ച്, ബാഡ് ടച്ച്' ഒക്കെ ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അത്തരം ലൈഫ്സ്‌കില്‍സ് ട്രെയിനിങ് നല്‍കണം, വീട്ടിലും, നാട്ടിലും, സ്‌കൂളിലും. അത്യാവശ്യമാണ്. എത്രയെത്ര കേസുകളാണ് നമ്മള്‍ ഇങ്ങനെ കേള്‍ക്കുന്നത്. കുറ്റബോധത്തിലും, സ്വയം അടിച്ചേല്‍പ്പിക്കുന്ന അവമതിപ്പിലും, നിരാശയിലും പെട്ട് എത്ര പേരാണ് ആത്മഹത്യ ചെയ്യുന്നത്. ജീവിതം മുഴുവന്‍ നിരാശയിലും പാപബോധത്തിലും പെട്ട് ഡിപ്രെഷന്‍ ബാധിക്കുന്നവര്‍?

യുവ നേതാവിനെക്കുറിച്ച് അറിവുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ എഴുതിപ്പോയതാണ്. ഞാന്‍ കരുതിയതിനേക്കാള്‍ ക്രിമിനല്‍ വൃത്തികേടുള്ള ഒരാളാണെന്നാണ് കേട്ടിട്ട് തോന്നുന്നത്. ആ ഇരകളായ പെണ്‍കുട്ടികളെ ഓര്‍ത്ത് ശരിക്കും മനസ്സ് തേങ്ങുന്നുണ്ട്. ഒരു പക്ഷെ എന്റെ മക്കളുടെ പ്രായമുള്ള സന്തോഷത്തോടെ ഓടിച്ചാടി നടക്കേണ്ട കുട്ടികളാണ്. അവര്‍ അദൃശ്യരാണെങ്കിലും എല്ലാവരും അവരോടൊപ്പം നില്‍ക്കണം. കമ്മികളെയും സംഘികളേയും ഇക്കാര്യത്തില്‍ വിശ്വസിക്കുകയും അരുത്, കാരണം അവര്‍ക്ക് ഇത് വെറുമൊരു രാഷ്ട്രീയ അവസരമാണ്.

Tags:    

Similar News