ബിഹാറില്‍ ബിജെപിക്ക് എന്തുകൊണ്ട് ഇത്രയും ഏകപക്ഷീയ വിജയം? എന്താണ് ഈ അമ്പരപ്പിനും ആശ്വാസത്തിനും കാരണം? കേന്ദ്രസര്‍ക്കാരിന്റെ വികസന നയം എന്നാണ് ഉത്തരം; വടക്കേ ഇന്ത്യയില്‍ ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ അവസരങ്ങള്‍ വോട്ടായി മാറും: സംരംഭകനായ ബ്രിജിത്ത് കൃഷ്ണ എഴുതുന്നു
ബിഹാറില്‍ ബിജെപിക്ക് എന്തുകൊണ്ട് ഇത്രയും ഏകപക്ഷീയ വിജയം?
ബ്രിജിത്ത് കൃഷ്ണ
ബീഹാറിലെ ബിജെപിയുടെ വിജയത്തെ വിലയിരുത്തുമ്പോള്‍ എന്തുകൊണ്ട് ഇത്രയും ഏകപക്ഷീയമായ വിജയം ബിജെപിക്ക് ഉണ്ടാകുന്നു എന്ന അമ്പരപ്പാണ് ചിലര്‍ക്ക്, ഇതൊന്നും കേരളത്തില്‍ ഇത് പ്രതിഫലിക്കില്ല എന്ന തരത്തിലുള്ള ആശ്വാസമാണ് ചില വിദഗ്ധര്‍ക്ക്. ശരിയാണ് എന്താണ് ഈ അമ്പരപ്പിനും ആശ്വാസത്തിനും കാരണം.
ഞാന്‍ ഇപ്പോള്‍ നടത്തുന്ന ഭക്ഷ്യ സംസ്‌കരണ സംരംഭത്തിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ, 2022 ല്‍ രാഷ്ട്രീയ കൃഷിവികാസ് യോജന(RKVY) എന്ന പദ്ധതികളുമായി ബന്ധപ്പെട്ട് മുളപ്പിച്ച കശുവണ്ടിയുടെ മൂല്യ വര്‍ദ്ധന നടത്തുവാനായി കേന്ദ്രസര്‍ക്കാറിന്റെ ഗ്രാന്‍ഡ് കിട്ടി.
തിരിച്ചടക്കേണ്ടതായിട്ടില്ലാത്ത ഗ്രാന്‍ഡ് ആയ 25 ലക്ഷം രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വഴി ലഭിക്കുകയും തുടര്‍ന്ന് ഞാനൊരു കാര്‍ഷിക സംരംഭകനായതും നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയാമല്ലോ. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫ്‌ലാഷ് ഷിപ്പ് പരിപാടിയായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ (AlF) യാതൊരുവിധ ഈടുമില്ലാതെ രണ്ടുവര്‍ഷത്തെ മൊറട്ടോറിയത്തോടപ്പം സൗജന്യ പലിശനിരക്കോടും കൂടി 1 കോടി 87 ലക്ഷം രൂപ എനിക്ക് ലോണ്‍ ലഭ്യമായി. തുടര്‍ന്ന് ലോക നിലവാരത്തിലുള്ള ISO:220002018 സര്‍ട്ടിഫൈഡ് ആയിട്ടുള്ള ഒരു ഭക്ഷ്യ സംസ്‌കരണ സംരംഭം സ്ഥാപിച്ചു. ഈ സ്ഥാപനത്തില്‍ നേരിട്ട് തന്നെ 18 ഓളം പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്.
അതില്‍, 4 സ്ത്രീകളും ഞാന്‍ ഉള്‍പ്പെടെ നാല് പുരുഷന്മാരുമാണ്. ജോലിക്കാരില്‍ ഭൂരിപക്ഷം പേരും മറ്റു ജോലികള്‍ ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന വനിതകള്‍ ആയിരുന്നു.അതായത് അവര്‍ക്ക് ഒരു പുതിയ അവസരമായിരുന്നു, മിക്കവാറും എല്ലാവര്‍ക്കും തന്നെ വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരുമാണ്. നേരിട്ട് അല്ലാതെ സ്ഥാപനവുമായി ബന്ധപ്പെട്ട് വേറെയും വ്യക്തികളും സ്ഥാപനങ്ങളും ധാരാളം കര്‍ഷകരും എന്റെ പ്രസ്ഥാനത്തിന്റെ ഗുണഭോക്താക്കളാണ്. ഇവര്‍ക്കെല്ലാം തന്നെ സാമ്പത്തിക അഭിവൃദ്ധിയും എന്റെ സ്ഥാപനം കൊണ്ടു ഉണ്ടായിട്ടുണ്ട്.
ഈ സ്ഥാപനത്തിന്റെ നിര്‍മ്മാണ ഘട്ടം മുതല്‍ ഇപ്പോഴും പലതരത്തിലുള്ള തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ നിരന്തരം പല ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുന്നു. മിഷനറി, കെട്ടിട നിര്‍മ്മാണ മേഖല, ചരക്കു കൈകാര്യവും കൈമാറ്റവും, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, അസംസ്‌കൃത വസ്തുക്കള്‍ പാക്കിങ് സാധനങ്ങള്‍ തുടങ്ങി മറ്റു പല സര്‍വീസുകളും ആയി ദിവസവും പലരും ബന്ധപ്പെടുന്നു. എന്റെ സ്ഥാപനവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന ഗുണഭോക്താക്കള്‍ 99% വ്യക്തികളും ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ള
വരാണ്.
ഞാന്‍ ഇത്തരമൊരു സംരംഭം തുടങ്ങാനുള്ളതും മുന്നോട്ടുപോകാന്‍ ഉള്ളതും കാരണം കേന്ദ്രസര്‍ക്കാറിന്റെ വികസനനയമാണ്. യൂറോപ്പിലേക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കിയതും ജിഎസ്ടി കുത്തനെ കുറച്ചും സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജ്ജമായി. കേന്ദ്രസര്‍ക്കാറിന്റെ നയത്തിന്റെ നേരിട്ട് ഗുണഭോക്താക്കളായ ഒരു വ്യക്തി പോലും അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിയുടെ പേരില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ കേരളത്തില്‍ തയ്യാറാവുകയില്ല.
എന്നാല്‍ രാഷ്ട്രീയ സാക്ഷരത കുറവ് ഉണ്ടെന്ന് പ്രബുദ്ധരായ നമ്മള്‍ അധിക്ഷേപിക്കുന്ന വടക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ അവസരങ്ങള്‍ അത് വോട്ടായി മാറും. എന്റെ സ്ഥാപനത്തിലെ ഒന്ന് രണ്ട് പേരുടെ രാഷ്ട്രീയം എനിക്ക് പിടിയില്ല. മറ്റു രണ്ടുപേര്‍ രണ്ട് പേര്‍ കോണ്‍ഗ്രസുകാരാണ.് ബാക്കിയെല്ലാവരും എല്ലാവരും സിപിഎം സഹയാത്രികരോ പാര്‍ട്ടി മെമ്പര്‍മാര്‍ വരെയാണ്.
അഞ്ചക്ക ശമ്പളം വാങ്ങാത്ത ഒരൊറ്റ സ്റ്റാഫും സ്ഥാപനത്തില്‍ ഇല്ല. എനിക്ക് വോട്ടുള്ള വാര്‍ഡില്‍ തന്നെ വോട്ടര്‍മാരായ ആള്‍ക്കാരാണ് മിക്കവരും, ഞാന്‍ സ്ഥാനാര്‍ത്ഥിയായാല്‍ എനിക്ക് ഇവരുടെ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കില്ല പിന്നെയല്ലേ ബിജെപിക്ക്.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഭാരതത്തിലെ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനവും അവരവരുടെ രാഷ്ട്രീയ സാക്ഷരത തെളിയിച്ചതാണ്, കേരളം ഇപ്പോഴും അവിടെ തന്നെ നില്‍ക്കുന്നു എന്നതാണ് ഞാന്‍ ആദ്യം ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം. അടുത്ത ചോദ്യത്തിന്റെ ഉത്തരമാണ് വിവേകാനന്ദ സ്വാമികള്‍ കേരളത്തെ നോക്കി പറഞ്ഞത്, സംഘടിത ജാതിമത മാടമ്പിമാരുടെ ചട്ടുകമായ വിഭാഗങ്ങളും രാഷ്ട്രീയ അടിമത്തവും ജാതി വിവേചനവും സമൂഹത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുകയും അത് സ്ഥാനാര്‍ത്ഥനിര്‍ണയം മുതല്‍ വോട്ടിംഗ് വരെ പ്രതിഫലിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയില്‍ നിന്ന് നാം ബീഹാറിനെ സമീപിച്ചാല്‍ ബിജെപിയുടെ വിജയങ്ങള്‍ നമുക്ക് ഒരിക്കലും ഉത്തരം കിട്ടാത്ത സമസ്യകള്‍ ആയിരിക്കും.
ബ്രിജിത്ത്കൃഷ്ണ
