സ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്‍ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ മകന്‍ തന്നെ; ജോസ് കെ മാണിയുടെ 'കേരളാ കോണ്‍ഗ്രസിനെ' കുത്തി തുടക്കം; മാണി സാറിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം; പിജെയുടെ നീക്കം തൊടുപുഴ കുടുംബത്തിന് സുഭദ്രമാക്കാന്‍; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപു മന്ത്രിയാകും

Update: 2025-01-08 04:20 GMT

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയാണ് അപു. പിജെ ജോസഫിന്റെ മകന്‍ പാര്‍ട്ടിയുടെ സംസ്ഥാന കോഓര്‍ഡിനേറ്ററാകുന്നു. തന്റെ ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണെന്നാണ് അപു പറഞ്ഞത്. രാഷ്ട്രീയ നേതാവിന്റെ മകന്‍ ആയതുകൊണ്ട് രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ലെന്നത് ശരിയല്ലെന്ന് അപു ജോസഫ് പറയുന്നു. പുതുതായി ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ത്ഥയോടെ നിര്‍വഹിക്കും. തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്നത് പാര്‍ട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ യുഡിഎഫിലെ കക്ഷികള്‍ പ്രവര്‍ത്തനം ശക്തമാക്കണം. ഓരോ ഘടകകക്ഷിയും അവരവരുടെ കേന്ദ്രങ്ങളില്‍ അടിത്തറ ഉറപ്പിക്കണമെന്ന് അപു പറഞ്ഞു. ജോസ് കെ. മാണി പോയത് യുഡിഎഫിന് ക്ഷീണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പാര്‍ട്ടിയിലുള്ള അണികള്‍ ഉടന്‍ കൂട്ടത്തോടെ യുഡിഎഫിലെത്തും. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസുകാര്‍ ഇടതുമുന്നണിയില്‍ അസംതൃപ്തരാണ്. പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം ചര്‍ച്ചയാക്കുന്നത്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ ആ പാര്‍ട്ടിയില്‍ ഉളളവരുടെ ബോധപൂര്‍വമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി യുഡിഎഫില്‍ വരുമെന്നും അപു പറഞ്ഞു. മാണി സാറിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇടതുമുന്നണിയില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് അപു പറയുന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് വരണമെന്ന് പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ വിവിധ തലത്തില്‍ പ്രവര്‍ത്തിച്ചാണ് ഹൈപവര്‍ കമ്മിറ്റിയില്‍ എത്തിയതെന്നും അപു ജോസഫ് കൂട്ടിച്ചേര്‍ത്തു.

താന്‍ മക്കള്‍രാഷ്ട്രീയത്തിന്റെ ഉല്‍പന്നമല്ലെന്നും പാര്‍ട്ടി സംവിധാനങ്ങള്‍ ഹൈടെക് ആക്കുകയാണു ലക്ഷ്യമെന്നും അപു പറയുന്നു. 'രണ്ടു പതിറ്റാണ്ടോളമായി പാര്‍ട്ടിയിലുണ്ട്. താഴെത്തട്ടില്‍ നിന്നു പ്രവര്‍ത്തിച്ചു മികവു തെളിയിച്ചാല്‍ മാത്രം മുകളിലേക്കു വരാം എന്നായിരുന്നു അച്ഛന്റെ നിലപാട്. അങ്ങനെ തന്നെയാണു വന്നതെന്നും അപു പറഞ്ഞു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിടെക് നേടിയ അപു 15 വര്‍ഷം ടെക്‌നോപാര്‍ക്കിലും പിന്നീടു സ്വിറ്റ്സര്‍ലന്‍ഡിലും ജോലി ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റിയറിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ഐടി ആന്‍ഡ് പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും യൂത്ത് ഫ്രണ്ടിന്റെ ചുമതലയുള്ള പാര്‍ട്ടി ഉന്നതാധികാര സമിതിയംഗവുമായിരുന്നു, കഴിഞ്ഞ ദിവസമാണ് അപുവിനെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കോ ഓഡിനേറ്ററാക്കിയത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ആകെയുള്ള പ്രവര്‍ത്തനമാണു നിര്‍ദേശിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. പാര്‍ട്ടി അംഗങ്ങളുടെ പൂര്‍ണമായ ഡേറ്റബേസ് തയാറാക്കുകയാണ്. പാര്‍ട്ടി അംഗത്വത്തിനുള്ള വെബ്‌സൈറ്റ് തയാറാണെന്നും അപു പറയുന്നു. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി യോഗം അപുവിന് പാര്‍ട്ടിയിലെ ഉന്നതസ്ഥാനങ്ങള്‍ നല്‍കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന കോഓഡിനേറ്ററായി നിയമിച്ച അപുവിനെ ഹൈപവര്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. എന്‍.സി.പി വിട്ട് കേരള കോണ്‍ഗ്രസില്‍ എത്തിയ റെജി ചെറിയാനെയും കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫിനെയും വൈസ് ചെയര്‍മാന്മാരാക്കി. ഇതോടെ പാര്‍ട്ടിയില്‍ ജോസഫിന്റെ കുടുംബം നിര്‍ണ്ണായക സ്വാധീനം നേടുകയാണ്.

പുതിയ നിയമനത്തിലൂടെ പാര്‍ട്ടിയിലെ ആദ്യത്തെ അഞ്ച് പ്രധാനികളിലൊരാളായി അപു മാറി. മക്കള്‍ രാഷ്ട്രീയത്തിന് ഏറെ വേരോട്ടമുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ജോസഫ് ഗ്രൂപ്പും അത് പിന്തുടരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്ന് അപു മത്സരിച്ചേക്കും. അപു തൊടുപുഴയില്‍ മത്സരിച്ച് ജയിക്കുന്നതിനൊപ്പം യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പാര്‍ട്ടിയുടെ മന്ത്രിയായും അപു മാറും. അതിന് വേണ്ടിയാണ് സംസ്ഥാന കോ ഓര്‍ഡിനേറ്ററാക്കുന്നത്. പാര്‍ട്ടിയിലെ അഞ്ചാമനാണ് നിലവില്‍ അപുവെങ്കിലും മോന്‍സ് ജോസഫനും ഫ്രാന്‍സിസ് ജോര്‍ജിനും പിസി തോമസിനും കടുത്ത വെല്ലുവിളിയാകും ഇനി ജോസഫിന്റെ മകന്‍. ഈ മാസം തന്നെ ചരല്‍ക്കുന്നില്‍ ചേരുന്ന പാര്‍ട്ടി ക്യാംപില്‍ പാര്‍ട്ടിയിലെ തലമുറമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും.

കോട്ടയത്തും മലബാറിലും കര്‍ഷക ഐക്യ റാലികളും മലയോര മേഖലയിലെ വന്യജീവി ആക്രമങ്ങള്‍ക്കെതിരായ സമരങ്ങളിലുടെയും ശ്രദ്ധേയനായ അപ്പു ജോണ്‍ ജോസഫിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയിലേക്ക് പരിഗണിച്ചിരുന്നു. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ മോന്‍സ് ജോസഫുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അപു നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്നോടിയായാണ് താക്കോല്‍ സ്ഥാനത്തേക്ക് എത്തുന്നത്. ഇത് മോന്‍സിനെ അടക്കം എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അടുക്കുന്നവരോടൊപ്പം അവരുടെ സ്‌നേഹ ബഹുമാനങ്ങള്‍ പിടിച്ചുപറ്റാനുള്ള അനിതര സാധാരണ കഴിവാണ് പി ജെ ജോസഫിന്റെ മകനുണ്ടെന്നാണ് വിലയിരുത്തല്‍. രോഗം മൂര്‍ച്ഛിച്ച് ഇളയ സഹോദരന്‍ മരിച്ചപ്പോള്‍ ആ സഹോദരന്റെ കുടുംബ വിഹിതം വിറ്റ് ആ തുക ബാങ്കിലിട്ട്, തൊടുപുഴയിലെ കിടപ്പ് രോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപാ അവരുടെ ഭവനങ്ങളില്‍ എത്തിക്കുന്ന പരിപാടി തുടങ്ങി. കേരളാ കോണ്‍ഗ്രസിന്റെ ഐ ടി സെല്ലിന്റെ ചുമതലക്കാരനായിരുന്നപ്പോള്‍ തൊടുപുഴയില്‍ നടത്തിയ സമൂഹ മാധ്യമങ്ങളെ എങ്ങനെ പാര്‍ട്ടിക്ക് ഉപയുക്തമാക്കാം എന്ന വിഷയത്തില്‍ നിരന്തര ഇടപെടല്‍ നടത്തുകയും ചെയ്തു.

83 കാരനായ ജോസഫിന്റെ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ അപു മാറുകയാണ്. കെ. എം. മാണിയുടെ മരുമകന്‍ എം. പി ജോസഫിനെ വൈസ് ചെയര്‍മാനായി നിയമിച്ചതും നിര്‍ണ്ണായകമാണ്. പി.സി തോമസ് വര്‍ക്കിംഗ് ചെയര്‍മാനായി തുടരും. 1978 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എം.പി. ജോസഫ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പാര്‍ട്ടി നിയോഗിച്ചത്. എം. പി. ജോസഫ് ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അകലം പാലിക്കുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ പദവി നല്‍കല്‍.

Tags:    

Similar News