ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് പരമാധികാരം നല്‍കുന്ന യുജിസി കരട് ചട്ടത്തെ അതിനിശിതമായി വിമര്‍ശിക്കാത്ത നയപ്രഖ്യാപനം; മീനിനോടുള്ള താല്‍പ്പര്യം മുഖ്യമന്ത്രി അറിയിച്ച് മടങ്ങിയ ഗവര്‍ണര്‍; ഇടതു കാല്‍മുട്ട് വേദന വകവയ്ക്കാതെ ഒരു മണിക്കൂര്‍ 56 മിനിട്ടും 29 സെക്കന്‍ഡും നീണ്ട പ്രസംഗം; പിണറായിയും രാജ്ഭവനും സമരസത്തിലേക്ക്; ആര്‍ലേക്കര്‍ നയതന്ത്രത്തിനോ?

Update: 2025-01-18 03:03 GMT

തിരുവനന്തപുരം: നയപ്രഖ്യാപനത്തിനിടെ മീന്‍വിഭവങ്ങളോടുള്ള പ്രിയം തുറന്നുപറഞ്ഞ് ഗോവക്കാരനായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ക്കാരിന് നല്‍കുന്ന ആശ്വാസ സന്ദേശം. നയപ്രഖ്യാപനത്തിന് ശേഷം മടങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കാല്‍മുട്ടുവേദനയെപ്പറ്റിയും പറഞ്ഞു. മുട്ടുവേദനയുണ്ടായിട്ടും രണ്ടുമണിക്കൂറോളം ഒറ്റനില്‍പ്പില്‍ത്തന്നെ ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ എഴുതി നല്‍കിയത് അതുപോലെ വായിച്ചു. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഗവര്‍ണര്‍ നല്‍കുന്നതെന്നതാണ് വിലയിരുത്തല്‍. അതുകൊണ്ട് പ്രകോപനത്തിന് സര്‍ക്കാര്‍ തല്‍കാലം പോകില്ല. അപ്പോഴും രാജ്ഭവനിലെ നീക്കങ്ങള്‍ നിരീക്ഷണ വിധേയമാക്കും. സര്‍വ്വകലാശാലാ വിഷയങ്ങളിലും ഗവര്‍ണറെ പ്രകോപിപ്പിക്കുന്നതൊന്നും സര്‍ക്കാര്‍ ഉടനൊന്നും ചെയ്യില്ല.

നയപ്രഖ്യാപനത്തിന് ശേഷം സന്തോഷത്തോടെയാണ് ഗവര്‍ണര്‍ മടങ്ങിയത്. ഗവര്‍ണറെ അലോസരപ്പെടുത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശം ഒഴിവാക്കി. വയനാട് ദുരന്ത പുനരധിവാസത്തില്‍ പോലും കേന്ദ്രത്തെ വിമര്‍ശിച്ചില്ല. പരോക്ഷ വിമര്‍ശനങ്ങള്‍ വായിക്കുന്നതില്‍ ഗവര്‍ണ്ണര്‍ക്കും പ്രശ്‌നമുണ്ടായില്ല. രാഷ്ട്രീയമുയര്‍ത്താതെ നയപരമായ സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞു വയ്ക്കുന്നതായി ആ വിമര്‍ശനങ്ങള്‍. അങ്ങനെ രാജ്ഭവനുമായി വീണ്ടും നല്ല ബന്ധത്തിലേക്ക് പിണറായി സര്‍ക്കാര്‍ കടക്കാനുള്ള ശ്രമം തുടങ്ങുകയാണ്. ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്ക് മാറ്റി പരിവാരുകാരനായ ആര്‍ലേക്കറിനെ കേരളം ഏല്‍പ്പിക്കുമ്പോള്‍ ഇനി എന്തെന്ന ആകാംഷ സജീവമായിരുന്നു. നയപ്രഖ്യാപനത്തിലെ സ്‌നേഹ സംഭാഷണങ്ങള്‍ താല്‍കാലിക വെടിനിര്‍ത്തിലേറ്റത് കൂടിയാകുന്നു. മത്സ്യമേഖലയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളിലാണ് ആര്‍ലേക്കര്‍ സന്തോഷം പ്രകടിപ്പിച്ചതും താനും മീന്‍കഴിക്കുന്നയാളാണെന്ന് പറഞ്ഞതും. ഗവര്‍ണറുടെ സന്തോഷപ്രകടനം ഭരണപക്ഷ അംഗങ്ങള്‍ കൈയടിയോടെ സ്വീകരിക്കുകയുംചെയ്തു. നയപ്രഖ്യാപനം പൂര്‍ത്തിയാക്കി പുറത്തേക്ക് പോകുന്നതിനിടെയാണ് ഇടതുകാല്‍മുട്ട് ചൂണ്ടിക്കാട്ടി വേദനയെപ്പറ്റി മുഖ്യമന്ത്രിയോട് പറഞ്ഞത്. സ്പീക്കറുടെ ഡയസില്‍നിന്ന് പടവുകളിറങ്ങാന്‍ അല്‍പ്പം പ്രയാസപ്പെടുകയും ചെയ്തു.

2025-ല്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ സൗഹൃദമത്സരത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ വായിച്ചപ്പോള്‍ പ്രതിപക്ഷനിരയില്‍നിന്ന് ചോദ്യമുയര്‍ന്നു: 'മെസി വരുമോ?' അര്‍ജന്റീന ടീം വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ അടുത്തിടെ പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്ഥിരീകരണമൊന്നുമുണ്ടായില്ല. ഇംഗ്ലീഷില്‍ തയ്യാറാക്കിയ നയപ്രഖ്യാപനമാണ് വായിച്ചതെങ്കിലും പദ്ധതികളുടെയും സ്ഥലങ്ങളുടെയുമൊക്കെ മലയാളത്തിലുള്ള പേരുപറയാന്‍ ഗവര്‍ണര്‍ പാടുപെട്ടു. വാക്കുകളില്‍ 'സംരംഭകസഭ'യായിരുന്നു കഠിനം. ആചാരസ്ഥാനീയര്‍, കോലധികാരികള്‍, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയും ഗവര്‍ണറെ ബുദ്ധിമുട്ടിച്ചു. ഉച്ചാരണപ്പിശകില്‍ അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തു. ഇടയ്ക്ക് സ്പീക്കറുടെ സഹോയത്തോടെ ചില തെറ്റുകള്‍ തിരുത്തി വായിക്കുകയും ചെയ്തു ഗവര്‍ണര്‍. അങ്ങനെ സര്‍ക്കാരും സ്പീക്കറുമായി സഹകരിക്കുന്ന ഗവര്‍ണറാണ് താനെന്ന സന്ദേശമാണ് നിയമസഭയില്‍ എത്തിയ ആദ്യ ദിനം പുതിയ ഗവര്‍ണര്‍ നല്‍കുന്നത്.

എഴുതിക്കൊടുത്ത നയ പ്രഖ്യാപനം അതേപടി നീരസമോ,പ്രതിഷേധമോ പ്രകടിപ്പിക്കാതെ നിയമസഭയില്‍ വായിച്ചതോടെ പുതിയ ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഗുഡ്ബുക്കില്‍ കയറി എന്നതാണ് വസ്തുത. ശേഷിക്കുന്ന ഭരണകാലം ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. മുഖം വീര്‍പ്പിക്കലിന് പകരം നിറഞ്ഞ ചിരിയോടെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന്റെ സഭയിലേക്കുള്ള വരവ്. തികഞ്ഞ സൗഹൃദ ഭാവം. മുഖ്യമന്ത്രിയുടെ കരം ഗ്രഹിച്ച് സ്‌നേഹ പ്രകടനം ,കൈകള്‍ കൂപ്പി സ്പീക്കര്‍ക്കും സഭാംഗങ്ങള്‍ക്കും നമസ്‌കാരം പറഞ്ഞ് മടക്കം.കേന്ദ്രത്തെ വിമര്‍ശിക്കുന്നതില്‍ മിതത്വം പാലിക്കാന്‍ നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയും ചെയ്തു. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് പരമാധികാരം നല്‍കുന്ന യു.ജി.സി കരട് ചട്ടത്തെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍, നയപ്രഖ്യാപനത്തില്‍ അതേക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.

സ്വപ്ന പദ്ധതിയായി ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന സില്‍വര്‍ലൈന്‍ കടന്നുവന്നതേയില്ല. വയനാട് പുനരുദ്ധാരണത്തിന് കേന്ദ്രം സഹായം കിട്ടാത്തതിനെ കുറിച്ചും മിണ്ടിയില്ല. അഞ്ചേകാല്‍ വര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്ന ആരിഫ് മുഹമ്മദ് ഖാനുമായി നിരന്തരം ഏറ്റുമുട്ടേണ്ടിവന്ന സാഹചര്യത്തില്‍, ഗവര്‍ണറോട് സമരസപ്പെടുക എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഒരു മണിക്കൂര്‍ 56 മിനിട്ടും 29 സെക്കന്‍ഡും നീണ്ട പ്രസംഗം മലയാളത്തില്‍ നമസ്‌കാരം എന്ന് പറഞ്ഞാണ് ഗവര്‍ണര്‍ തുടങ്ങിയത്.

നയപ്രഖ്യാപനത്തിലെ കേന്ദ്ര സര്‍ക്കാരിനെ കുറിച്ചുള്ള പരാമര്‍ശം ചുവടെ

വരുമാനം കൂട്ടാനും ചെലവു കുറയ്ക്കാനും സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതത്തിലെ കുറവാണു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതെന്നു ഗവര്‍ണര്‍ വായിച്ചു. കേന്ദ്ര വിഭജന പൂളില്‍നിന്നുള്ള കേരളത്തിന്റെ വിഹിതം പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നത് പതിനഞ്ചാം കമ്മിഷന്റെ കാലത്ത് 1.925 ശതമാനമായി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ നിയന്ത്രണ വ്യവസ്ഥകളുമായി കൂട്ടിയോജിപ്പിച്ച് നിര്‍ത്തലാക്കിയതും പുതിയ വായ്പാനിയന്ത്രണവും സര്‍ക്കാരിനു സാരമായ സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പൂര്‍ണശേഷി പ്രയോജനപ്പെടുത്തുന്നതിന് 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തികസഹായം കേന്ദ്രത്തോടു തേടിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത അടിച്ചേല്‍പിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവു നിബന്ധന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ റെയില്‍ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരുന്നുവെന്നും പ്രസംഗത്തിലുണ്ട്.

Similar News