മികച്ച സ്ഥാനാര്‍ത്ഥിക്കൊപ്പം സംഘടനാ പ്രവര്‍ത്തനവും ആരും നടത്തിയില്ലേ? എല്ലാം ആര്‍ എസ് എസ് ചെയ്യുമെന്ന് പ്രതീക്ഷയില്‍ വീട്ടിലുന്നവര്‍ ഒടുവില്‍ കരയുന്നു; മെട്രോ മാന്റെ വില അറിഞ്ഞ ഉപതിരഞ്ഞെടുപ്പ്; ശോഭയെ മാറ്റിനിര്‍ത്താന്‍ കളിച്ച കളി ബിജെപിയ്ക്ക് വോട്ടു ചോര്‍ച്ചയായി; പാലക്കാട് സുരന്ദ്രനെ ചതിച്ചത് പരിവാരമോ? മാങ്കൂട്ട വിജയം എങ്ങനെ സംഭവിച്ചു?
പാലക്കാട്: തിരഞ്ഞെടുപ്പ് ജയത്തിന് അനിവാര്യമായ രണ്ടു ഘടകങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കുകായണ് പാലക്കാട്ടെ ബിജെപിയുടെ തോല്‍വി. സംഘടനാ കരുത്തിനൊപ്പം മികച്ച സ്ഥാനാര്‍ത്ഥിയും അനിവാര്യമാണ്. തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് ഒ രാജഗോപാലും താമര വിരിയിച്ചത് ഈ രണ്ട് ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ്. എന്നാല്‍ ഇതും രണ്ടും പാലക്കാട് കൈമോശം വന്നു. ഗ്രൂപ്പിസമായിരുന്നു പാലക്കാട്ടെ ബിജെപിയിലെ തീരുമാനങ്ങളെ നിയന്ത്രിച്ചത്. ഇതു തോല്‍വിയായി മാറുകയും ചെയ്തു. ഇ ശ്രീധരനെ കഴിഞ്ഞ തവണ പാലക്കാട് മത്സരിപ്പിച്ചത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായതു കൊണ്ടാണ്. ഇതിന് പിന്നില്‍ കേന്ദ്ര നേതൃത്വമായിരുന്നു. ഈ തന്ത്രം ഇത്തവണ ബിജെപി കൈവിട്ടു.
നെയ്യാറ്റിന്‍കര-അരുവിക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ഒ രാജഗോപാല്‍ തന്നെ മത്സരിക്കണമെന്ന അന്നത്തെ ബിജെപി അധ്യക്ഷന്‍ വി മുരളീധരന്റെ വാശിയും മികച്ച സ്ഥാനാര്‍ത്ഥിയെ ഉറപ്പിക്കാനായിരുന്നു. പാലക്കാട് മികച്ച സ്ഥാനാര്‍ത്ഥിയെ ബിജെപി ആഗ്രഹിച്ചില്ല. ആദ്യമേ സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാര്‍ മതിയെന്ന് തീരുമാനിച്ചു. അതാണ് മികച്ചതെന്ന് പറഞ്ഞു വച്ചു. എന്നാല്‍ നിലവില സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രനായിരുന്നു പാലക്കാട് കത്തിക്കയറാന്‍ പറ്റിയ മികച്ച സ്ഥാനാര്‍ത്ഥി. രണ്ടാമത് സന്ദീപ് വാര്യരും. ഈ രണ്ടു പേരിനേയും വെട്ടി മൂന്നാമനെ സ്ഥാനാര്‍ത്ഥിയാക്കി. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടു പോയി. ഏറ്റവും മികച്ച ശോഭാ സുരേന്ദ്രനെ നിര്‍ത്തിയിരുന്നുവെങ്കില്‍ 'സന്ദീപ്' ഫാക്ടറിനെ പാലക്കാട് ബിജെപിക്ക് മറികടക്കാന്‍ കഴിയുമായിരുന്നുവെന്നതാണ് വസ്തുത. സംഘടനാ പ്രവര്‍ത്തനത്തിലും ബിജെപി പാലക്കാട് പിന്നോക്കം പോയി.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടുയര്‍ത്താന്‍ വേണ്ടി മുരളീധരന്‍ മുമ്പോട്ട് വച്ചത് ഗ്രൂപ്പുകള്‍ക്ക് അപ്പുറമുള്ള പ്രവര്‍ത്തനമായിരുന്നു. അന്ന് നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയുടെ ചുമതല കെ സുരേന്ദ്രനായിരുന്നു. ശോഭാ സുരേന്ദ്രനും പികെ കൃഷ്ണദാസിനും എഎന്‍ രാധാകൃഷ്ണനും അടക്കമുള്ള പ്രധാനികള്‍ക്കായിരുന്നു ഒരോ പഞ്ചായത്തിന്റെ ചുമതല. ഇത് അരുവിക്കരയിലും ആവര്‍ത്തിച്ചു. മുതിര്‍ന്ന നേതാക്കളെ വോട്ടുയര്‍ത്താന്‍ മത്സരിപ്പിക്കുന്ന ഈ തന്ത്രം രണ്ടിടത്തും ഗുണം ചെയ്തു. മുരളീധരന്‍ മാറിയ ശേഷം ഉപതിരഞ്ഞെടുപ്പിലൊന്നും ഈ മാതൃക ആവര്‍ത്തിച്ചില്ല. പാലക്കാടും സ്വന്തം ഗ്രൂപ്പുകാരെ വച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാനായിരുന്നു താല്‍പ്പര്യം. ഇതോടെ ഗ്രൂപ്പിസത്തിന്റെ അലയൊലികള്‍ ബിജെപിയെ ബാധിച്ചു.
നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും ഉപതിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബിജെപിക്ക് അവിടെ ഒരു വിജയ പ്രതീക്ഷയും ഉണ്ടായില്ല. എന്നിട്ടും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇതിലൂടെ അഞ്ചിരട്ടിയില്‍ അധികം വോട്ട് കൂടി. അവിടെ സംഘടനയും മെച്ചപ്പെട്ടു. ഇപ്പോഴും പതിനായിരത്തിന് മുകളില്‍ വോട്ട് രണ്ടിടത്തും ബിജെപിക്ക് ഉറപ്പായ അവസ്ഥ ആ മണ്ഡലങ്ങളിലുണ്ട്. ഒ രാജഗോപാലെന്ന മികച്ച സ്ഥാനാര്‍ത്ഥിയുടെ സംഭാവനയായിരുന്നു അത്. പാലക്കാട് ബിജെപിക്ക് നല്ല സംഘടനാ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെന്നത് അനിവാര്യതയായിരുന്നു. പാലക്കാട് ശോഭാ സുരേന്ദ്രന്‍ എത്തുന്നതിനെ കോണ്‍ഗ്രസ് പോലും ഭയന്നിരുന്നു. പക്ഷേ ചിലര്‍ കൃഷ്ണകുമാര്‍ മതിയെന്ന് തീരുമാനിച്ചതാണ് ഈ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം.
അസാധാരണ രീതിയില്‍ വോട്ടുയര്‍ത്തുന്ന ശോഭയ്ക്ക് ജയിക്കാനാകുമെന്ന വിലയിരുത്തല്‍ പരിവാര്‍ കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. പക്ഷേ ശോഭ ജയിച്ചാല്‍ മുന്നിലുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ ചിലര്‍ ശോഭയെ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ വെട്ടി. ചില കുടുംബ ബന്ധങ്ങള്‍ക്ക് മുന്നില്‍ ബിജെപി ദേശീയ നേതൃത്വവും മൗനത്തിലായി. അങ്ങനെ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി. സന്ദീപ് വാര്യര്‍ കലാപമുണ്ടാക്കിയപ്പോള്‍ തന്നെ പാര്‍ട്ടി വിട്ടു പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉറപ്പായിരുന്നു. സന്ദീപ് എന്ന ശല്യം സിപിഎമ്മില്‍ പോകട്ടേ എന്ന് ചിലര്‍ വിലയിരുത്തി. പക്ഷേ പോയത് കോണ്‍ഗ്രസിലാണ്. ഇവിടെയാണ് ബിജെപി ഞെട്ടിയത്.
ഇതിന് ശേഷം പരിവാര്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ ആര്‍ എസ് എസ് പ്രചരണത്തില്‍ സജീവമാണെന്ന് പറഞ്ഞു പരത്തി. യഥാര്‍ത്ഥത്തില്‍ അവരാരും പ്രചരണത്തിന് പോലും ഉണ്ടായിരുന്നില്ല. പരിവാര്‍ ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ച ഇതാണ് വ്യക്തമാക്കുന്നത്. ചേലക്കരയില്‍ ആര്‍ എസ് എസ് സംവിധാനം നിറയുകയും ചെയ്തു. ഇത് അവിടെത്തെ ബിജെപി സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്റെ വോട്ടുയര്‍ത്തലില്‍ വ്യക്തവുമാണ്. നാലായിരത്തോളം വോട്ടാണ് ബിജെപിക്ക് കൂടിയത്. പാലക്കാട് കഴിഞ്ഞ തവണ ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലം നിലനിര്‍ത്തിയത്. 18,724 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍മാങ്കൂട്ടം ജയിച്ചത്.
ബിജെപിയുടെ കോട്ടകളില്‍ നിന്നുപോലും രാഹുലിന് വേട്ടെത്തി. ബിജെപിയ്ക്ക് മേല്‍ക്കോയ്മയുള്ള നഗരമേഖലയില്‍ പോലും വലിയ വോട്ടുചോര്‍ച്ചയുണ്ടായതായിട്ടാണ് വിലയിരുത്തല്‍. 7000 വോട്ടുകളുടെ ചോര്‍ച്ച പാലക്കാട് നഗരസഭാ പരിധിയില്‍ ബിജെപിയ്ക്ക് നഷ്ടമായെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. ഇലക്ഷന് തൊട്ടുമുമ്പായി കോണ്‍ഗ്രസില്‍ നിന്നും ഇടതു പാളയത്തിലേക്ക് എത്തി സ്ഥാനാര്‍ത്ഥിയായ പി.സരിന്‍ ചിത്രത്തിലേ ഇല്ലായിരുന്നു. സരിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയി. എന്നിരുന്നാലും തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ഇടതുപക്ഷത്തിനായി. പക്ഷേ ബിജെപിക്ക് മാത്രാണ് അതിന് കഴിയാതെ പോയത്.