എകെ ബാലനെ നിരാശനാക്കി ടിപി രാമകൃഷ്ണനെ ഇടതു കണ്‍വീനറാക്കിയതില്‍ പ്രായ പരിധിയില്‍ ഇളവ് പിണറായിയ്ക്ക് മാത്രമെന്ന സൂചനയുണ്ടായിരുന്നു; കണ്ണൂരിലെ സങ്കീര്‍ണ്ണത രൂക്ഷമാകാതിരിക്കാന്‍ ഇപിയെ സംരക്ഷിക്കും; വിമര്‍ശനങ്ങള്‍ അതിരുവിട്ടുയര്‍ത്തുന്നവര്‍ക്ക് 'ഉയര്‍ച്ച' ഉണ്ടാവില്ല; സിപിഎമ്മില്‍ നവകേരള നയരേഖ മുഖ്യം

Update: 2025-03-06 01:33 GMT

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി ചര്‍ച്ചയില്‍ അതിരുവിട്ട വിമര്‍ശനം അനുവദിക്കില്ല. നേതാക്കളെ വിമര്‍ശിക്കാം. എന്നാല്‍ അതിന് അപ്പുറത്തേക്ക് എന്തും പറയാമെന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കില്ല. ഇത്തരം ചര്‍ച്ചകളില്‍ വ്യക്തമായ ഇടപെടല്‍ നേതൃത്വം നടത്തും. അതിരുവിട്ടുയരാന്‍ ശ്രമിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ ഉയര്‍ച്ചയും ഉണ്ടാകില്ല. ഈ സന്ദേശം എല്ലാ സമ്മേളന പ്രതിനിധികളിലേക്കും എത്തിക്കഴിഞ്ഞു. നവകേരള നയരേഖയാകും പ്രധാന അജണ്ട. ഇതിനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളിലേക്ക് ചര്‍ച്ച മാറും. പ്രായ പരധിയിലെ ഇളവ് പിണറായിയ്ക്ക് മാത്രമാകും. നേരത്തെ ഇപി ജയരാജന്‍ ഇടതു കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ഈ ഘട്ടത്തില്‍ എകെ ബാലനെ ആ പദവിയില്‍ നിയോഗിക്കണമെന്ന ചര്‍ച്ച സജീവമായി. എന്നാല്‍ ടി പി രാമകൃഷ്ണനാണ് കണ്‍വീനറായത്. ഈ സമ്മേളത്തില്‍ 75 കഴിയുന്ന ബാലനെ ഇടതു കണ്‍വീനറായി നിയോഗിക്കാത്തത് തന്നെ പ്രായ പരിധിയിലെ കര്‍ശന സ്വഭാവത്തിലെ സന്ദേശം ന ല്‍കാനാണ്. സിപിഎമ്മിന് തുടര്‍ഭരണം സമ്മാനിച്ചതു കൊണ്ട് മാത്രമാകും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കിയെന്ന വാദം സമ്മേളനത്തില്‍ ഉയരും. ഈ സമ്മേളന കാലത്ത് 75 വയസ്സാകാത്ത ഇപിയെ നേതൃത്വത്തില്‍ നിലനിര്‍ത്തും. കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കലുഷിതമാകാതിരിക്കാന്‍ കൂടിയാണ് ഇത്.

പിണറായി വിജയനെ നായകനായി അംഗീകരിച്ച്, പ്രായപരിധി കര്‍ശനമായി നടപ്പാക്കാനാണ് സി.പി.എം. തീരുമാനം. പിണറായി വിജയനൊഴികെ 75 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ഇളവു നല്‍കേണ്ടതില്ലെന്നാണ് ധാരണ. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പാര്‍ട്ടി കമ്മിറ്റിയില്‍നിന്ന് പുറത്താകില്ല. ജയരാജന് മേയിലും രാമകൃഷ്ണന് ജൂണിലുമാണ് 75 വയസ്സ് പൂര്‍ത്തിയാകുന്നത്. അതിനാല്‍, 2025 ജനുവരിയില്‍ 75 വയസ്സ് പൂര്‍ത്തിയായവരെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന ധാരണയാണ് സി.പി.എം. നേതൃത്വത്തിലുള്ളത്. തുടര്‍ച്ചയായി പാര്‍ലമെന്ററി രംഗത്ത് മത്സരിക്കുന്നത് വിലക്കിക്കൊണ്ട് രണ്ടു ടേം വ്യവസ്ഥ കൊണ്ടുവന്നത് പിണറായിയുടെ നേതൃത്വത്തിലാണ്. ഈ വ്യവസ്ഥകള്‍ തനിക്കും ബാധകമാണെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. രണ്ടുടേം വ്യവസ്ഥ മാറ്റണമെന്ന തീരുമാനം ഈ സമ്മേളനത്തിലുണ്ടാകാനിടയില്ല. അതിനാല്‍, പിണറായി വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചും ഒരു തീരുമാനം സമ്മേളനത്തിന്റെ ഭാഗമായി വരില്ല. പക്ഷേ തിരഞ്ഞെടുപ്പ് കാലത്ത് ഇളവ് നല്‍കും.

മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറിയതിനുശേഷം, പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന ഇ.പി.ജയരാജന്‍ ഈ സമ്മേളനകാലത്ത് സജീവമായി രംഗത്തുണ്ട്. പാര്‍ട്ടി സംഘടനാതലത്തിലേക്ക് ജയരാജന്‍ ശക്തനായി തിരിച്ചുവരുമെന്ന സൂചന ചില നേതാക്കളും പങ്കുവെക്കുന്നത് അതുകൊണ്ടാണ്. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് ടി.പി.രാമകൃഷ്ണനെ നിലനിര്‍ത്തിത്തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് സി.പി.എം. ആലോചിക്കുന്നത്.ഇപി പോളിറ്റ് ബ്യൂറോയിലെത്താന്‍ പോലും സാധ്യതയുണ്ട്. മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗമെന്ന പരിഗണന ഇതില്‍ നിര്‍ണ്ണായകമാകും. പി.കെ.ശ്രീമതിയ്ക്ക് നേതൃത്വത്തില്‍ നിന്നും മാറേണ്ടി വരും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രായപരിധിയില്‍ പുറത്തുപോകേണ്ട മൂന്നുപേരില്‍ ഒരാള്‍ പി.കെ.ശ്രീമതിയാണ്. ആനാവൂര്‍ നാഗപ്പനും എ.കെ.ബാലനുമാണ് മറ്റ് രണ്ടുപേര്‍. അതിനിടെ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ പി.കെ.ശ്രീമിതിക്ക് തുടര്‍ച്ച നല്‍കാനും സാധ്യതയുണ്ട്. ഇതും കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ്. കെകെ ശൈലജയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കലാകും ഇതിന്റെ ലക്ഷ്യം.

അതിനിടെ 75 വയസ്സ് പൂര്‍ത്തിയായവരെയെല്ലാം ചുമതലകളില്‍നിന്ന് നീക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം 75 വയസ്സ് പൂര്‍ത്തിയാകുന്നവരുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോള്‍, 'അതൊന്നും കണക്കാക്കുന്നില്ല. 75 വയസ്സ് പൂര്‍ത്തിയായവര്‍ വേണ്ടെന്നാണ് തീരുമാന'മെന്ന് അദ്ദേഹം പറഞ്ഞു. അതായത് ഇപിയ്ക്ക് കാര്യങ്ങള്‍ അനുകൂലമെന്ന് സാരം. നവകേരളത്തിലേക്കുള്ള ജനകീയ ബദലിനും വികസനക്കുതിപ്പിനും പുതിയ പ്രതീക്ഷ പകര്‍ന്നാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് രക്തപതാക ഉയര്‍ന്നത്. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ ചെങ്കൊടി ഉയരങ്ങളിലേക്ക് പാറിച്ച ധീരരക്തസാക്ഷികളുടെ സ്മരണകള്‍ ജ്വലിച്ച് നില്‍ക്കുകയാണ് കൊല്ലത്ത്. ഇടതുപക്ഷ പ്രസ്ഥാനത്തിനു പുതിയ കാലത്തിന്റെ ദിശാബോധം പകര്‍ന്ന സീതാറാം യെച്ചൂരിയുടെ പേരില്‍ ആശ്രാമം മൈതാനിയില്‍ ഒരുക്കിയ പൊതുസമ്മേളന നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി. വ്യാഴം രാവിലെ ഒമ്പതിന് ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പൊളിറ്റ്ബ്യൂറോ അംഗവും കോ-ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തും.

ഐതിഹാസിക സമരഭൂമിയായ ശൂരനാട്ടുനിന്ന് സി എസ് സുജാതയുടെയും ജന്മിത്ത-സാമ്രാജ്യത്വവിരുദ്ധ പോരാട്ടസ്മരണയിരമ്പുന്ന കയ്യൂര്‍ രക്തസാക്ഷികുടീരത്തില്‍നിന്ന് എം സ്വരാജിന്റെയും വീരവയലാറില്‍നിന്ന് പി കെ ബിജുവിന്റെയും നേതൃത്വത്തില്‍ യഥാക്രമം കൊടിമരവും ചെമ്പതാകയും ദീപശിഖയും പൊതുസമ്മേളന നഗറില്‍ എത്തിച്ചു. എളമരം കരീം, പി കെ ശ്രീമതി, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ജാഥകള്‍ സംഗമിച്ചപ്പോള്‍ ആവേശം അണപൊട്ടി. മൈതാനമാകെ നിറഞ്ഞ ചെങ്കൊടികള്‍ക്കും തോരണങ്ങള്‍ക്കുമിടയിലൂടെ വര്‍ണബലൂണുകളുടെ നൃത്തം. മുദ്രാവാക്യങ്ങള്‍ക്കൊപ്പം കരിമരുന്ന് വര്‍ണംവിതറി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുള്‍പ്പെടെ നേതാക്കളും ചുവപ്പുസേനാംഗങ്ങളുമടക്കം ആയിരങ്ങള്‍ ചെമ്പതാകയെ അഭിവാദ്യംചെയ്തു. കൊല്ലം ജില്ലയില്‍നിന്നുള്ള 23 ദീപശിഖകളും പ്രതിനിധിസമ്മേളന നഗറില്‍ എത്തിച്ചു.

വ്യാഴാഴ്ച പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വികസനരേഖ 'നവകേരളത്തിനുള്ള പുതുവഴികള്‍ ' അവതരിപ്പിക്കും. പ്രതിനിധിസമ്മേളനം ഞായര്‍ ഉച്ചയ്ക്ക് സമാപിക്കും. വൈകിട്ട് ചുവപ്പുസേനാമാര്‍ച്ചും ബഹുജനറാലിയും നടക്കും.

Tags:    

Similar News