പ്രായപരിധിയെന്നത് പാര്‍ട്ടി നയം; അത് തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി കോണ്‍ഗ്രസിന് മാത്രം; എന്നിട്ടും എല്ലാം നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പാര്‍ട്ടി ദേശീയ കോ ഓര്‍ഡിനേറ്റര്‍; സിപിഎമ്മില്‍ എല്ലാം ഇനി കേരളം തീരുമാനിക്കും; സമ്പൂര്‍ണ്ണ കീഴടങ്ങല്‍ കാരാട്ട് പ്രഖ്യാപിക്കുമ്പോള്‍

Update: 2025-03-05 09:59 GMT

കൊല്ലം: എല്ലാ അര്‍ത്ഥത്തിലും കേരളാ ഘടകത്തിന് സിപിഎം സമ്പൂര്‍ണ്ണ മേധാവിത്വം നല്‍കുകയാണ് പ്രകാശ് കാരാട്ട്. സിപിഐഎമ്മില്‍ 75 വയസ്സ് പൂര്‍ത്തിയായവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിര്‍ത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് എത്തുമ്പോള്‍ കേരള ഘടകത്തിന് മുന്നില്‍ സമ്പൂര്‍ണ്ണമായി കേന്ദ്ര നേതൃത്വം കീഴടങ്ങിയെന്നാണ് വ്യക്തമാകുന്നത്. സാധാരണ കേന്ദ്ര കമ്മറ്റിയാണ് നയ വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത്. ആദ്യമായി പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ തിരുത്തി സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുകയാണ് സിപിഎം കേന്ദ്ര നേതൃത്വം.

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന നേതൃത്വമാണ്. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലും കേരളത്തിലും എല്ലാം പ്രായപരിധി വ്യത്യസ്തമാണ്. തമിഴ്നാട്ടില്‍ പ്രായപരിധി 72 ആണെങ്കില്‍, ആന്ധ്രയില്‍ 70 ഉം കേരളത്തില്‍ 75 ആണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. അതാത് സംസ്ഥാനത്തിലെ കേഡര്‍മാരുടെ പാര്‍ട്ടി നേതൃത്വത്തിന്റെ ആരോഗ്യശേഷിയും കാര്യശേഷിയും കണക്കിലെടുത്താണ് പാര്‍ട്ടി ഈ തീരുമാനം കൈക്കൊണ്ടതെന്ന് കരാട്ട് പറയുന്നു. ആ തീരുമാനങ്ങളെല്ലാം എടുത്തത് പാര്‍ട്ടി കോണ്‍ഗ്രസാണ്. കേരളത്തിലെ 75 വയസ്സ് മാറ്റണമെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം വേണം. എന്നാല്‍ ഇത് മറന്ന് എല്ലാം സംസ്ഥാനത്തിന് വിട്ടുകൊടുക്കുകയാണ് പ്രകാശ് കാരാട്ട്.

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരില്‍ മദ്യപിക്കുന്നവരുണ്ടാകുമെന്നും എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്, മദ്യപിക്കുന്ന ആളുകള്‍ അല്ല പാര്‍ട്ടി ആഗ്രഹിക്കുന്ന കേഡര്‍മാര്‍, പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്ളതാണ് പറഞ്ഞതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളനം നേതൃതലത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്കു വേദിയാകും. 75 വയസ്സ് എന്ന പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെ എ.കെ.ബാലന്‍, പി.കെ.ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ഒഴിവാകുകയാണ്. പ്രായപരിധി പിന്നിടുന്നവര്‍ സംസ്ഥാന കമ്മിറ്റിയിലുമുണ്ട്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80 ല്‍ നിന്ന് 75 ആയി കുറച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവ് അനുവദിക്കാനുള്ള അധികാരം സംസ്ഥാന ഘടകങ്ങള്‍ക്കില്ലെന്നതാണ് വസ്തുത. എന്നാല്‍ മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പുനഃപരിശോധനയ്ക്കു മുതിര്‍ന്നാല്‍ കേരള നേതാക്കള്‍ക്കടക്കം ഇളവു കിട്ടും. സാധാരണഗതിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കാതെ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം നിശ്ചയിക്കുന്നതാണ് സിപിഎമ്മിലെ പതിവ്. എന്നാല്‍ എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. ഇത്തവണയും ആ മാതൃക തുടരും.

75 പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ പാര്‍ട്ടിഘടകങ്ങളില്‍ തുടരും. പൊളിറ്റ്ബ്യൂറോയില്‍ തുടരാന്‍ അനുവദിക്കുമോ എന്നു പാര്‍ട്ടി കോണ്‍ഗ്രസിലെ വ്യക്തമാകൂ. ഏക മുഖ്യമന്ത്രി എന്നനിലയില്‍ അക്കാര്യം പരിഗണിക്കുമെന്ന സൂചനയാണ് കേന്ദ്രസംസ്ഥാന നേതാക്കള്‍ നല്‍കുന്നത്. അതേസമയം, ദീര്‍ഘകാലമായി സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള എ.കെ.ബാലനും പി.കെ.ശ്രീമതിയും ഒഴിവാകും. കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന് പ്രായപരിധി ബാധകമാകുമോ എന്നതാണ് സമ്മേളനവുമായി ബന്ധപ്പെട്ട് ആകാംക്ഷ.

അദ്ദേഹത്തിന് ഈ മേയില്‍ 75 ആകും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് ജൂണിലും. സമ്മേളനഘട്ടത്തില്‍ 75 ആയില്ല എന്നതിന്റെ പേരില്‍ ഇളവു ലഭിച്ചാല്‍ 3 വര്‍ഷം കൂടി ഇവര്‍ക്ക് ഉയര്‍ന്നഘടകങ്ങളില്‍ തുടരാനാകും. ഇതുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News