തന്നെ ഉള്‍പ്പെടുത്താതെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പാനല്‍ വച്ചതിനെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജന്‍ രൂക്ഷമായി ചോദ്യം ചെയ്തു; ശംഖുമുഖത്തെ ചിത്രവുമായി പഴയ സഹായങ്ങള്‍ ഓര്‍മ്മപ്പെടുത്തി കടകംപള്ളി; മറ്റു പലരും അതൃപ്തയിലെങ്കിലും ഒന്നും പുറത്തു കാണിക്കില്ല; സിപിഎമ്മില്‍ കലാപം ഉടനില്ല
തിരുവനന്തപുരം: തന്നെ ഉള്‍പ്പെടുത്താതെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പാനല്‍ വച്ചതിനെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി. ജയരാജന്‍ രൂക്ഷമായി ചോദ്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റ് രൂപീകരണത്തില്‍ തനിക്ക് ശക്തമായ അമര്‍ഷമുണ്ടെന്ന സന്ദേശവും നല്‍കി. ജയരാജന്റെ മകന്‍ ജയിന്‍രാജും 'ഇത് അനീതിയാണ്' എന്നു ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സംസ്ഥാനകമ്മിറ്റി യോഗത്തില്‍ തുറന്നടിച്ച ജെ.മേഴ്‌സിക്കുട്ടിയമ്മയും കടുത്ത പ്രതിഷേധത്തിലാണ്. എം വിജയകുമാറിനും അനീതിയുണ്ടായി എന്ന വിലയിരുത്തലുണ്ട്. സംസ്ഥാന സമിതിയിലുള്ള ഈ അസംതൃപ്തര്‍ നേതൃത്വത്തിനെ ഇനി അങ്ങോട്ട് ചോദ്യം ചെയ്‌തേയ്ക്കും. പിജെയെ മാറ്റിയത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലും പ്രതിഫലിക്കും. പക്ഷേ ഇതൊന്നും സിപിഎമ്മില്‍ കലാപമായി മാറില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഹാട്രിക്' വിജയ ചര്‍ച്ചയാണ് ഇതിനെല്ലാം കാരണം. 2026ല്‍ ഭരണം കിട്ടിയില്ലെങ്കില്‍ ഈ പൊട്ടിത്തെറിയെല്ലാം സിപിഎമ്മില്‍ വലിയ പ്രതിസന്ധിയായി മാറും.
സെക്രട്ടേറിയറ്റ് രൂപീകരണത്തില്‍ തഴയപ്പെട്ട മറ്റൊരു മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രന്‍ 'നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15' എന്ന കുറിപ്പുമായി അദ്ദേഹം ശംഖുമുഖം ബീച്ചിലെ ജനക്കൂട്ടത്തോടു സംസാരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു. ആദ്യമായി മുഖ്യമന്ത്രിയാകും മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിന്റെ തലസ്ഥാനത്തെ സമാപനസമ്മേളന വിജയത്തിന്റെ മുഖ്യശില്‍പി താനായിരുന്നുവെന്ന ഓര്‍മപ്പെടുത്തലിനാണ് കടകംപള്ളി മുതിര്‍ന്നത്. ഒരു കാലത്ത് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ പിണറായിക്ക് മേധാവിത്വം നേടി കൊടുത്തത് കടകംപള്ളിയാണ്. വിഎസ് അച്യുതാനന്ദന്റെ ശക്തികേന്ദ്രമായിരുന്നു ഒരു കാലത്ത് തലസ്ഥാനം. പത്തനംതിട്ടയിലെ എ പത്മകുമാറിന്റെ പ്രതിഷേധം സിപിഎമ്മിനെ ഞെട്ടിച്ചു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതിന്റെ പേരില്‍, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ഒഴിയാന്‍ നല്‍കിയ കത്ത് ഇത്തവണ പാര്‍ട്ടി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കെ.സുരേഷ്‌കുറുപ്പ് നേതൃനിരയില്‍നിന്ന് ഒഴിവായി. ഇതേ മാതൃക പത്മകുമാറും പിന്തുടര്‍ന്നു. സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതില്‍ അതൃപ്തിയില്ലെന്നും ദുര്‍വ്യാഖ്യാനം വേണ്ടെന്നുമുള്ള വിശദീകരണവുമായി കണ്ണൂരില്‍നിന്നുള്ള എന്‍ സുകന്യ രംഗത്തു വന്നു. അപ്പോഴും ജെയിംസ് ജോസഫിന്റെ ഭാര്യ അതൃപ്തിയിലാണെന്ന് കരുതുന്നവര്‍ ഏറെയാണ്. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ മന്ത്രി എംബി രാജേഷും അതൃപ്തിയിലാണ്. മന്ത്രി മുഹമ്മദ് റിയാസിന് വെല്ലുവിളിയാകാതിരിക്കാനാണ് ഇങ്ങനെ എല്ലാം ചെയ്തതെന്നാണ് എംബി രാജേഷിന്റെ ഒഴിവാക്കലില്‍ പാര്‍ട്ടി ചര്‍ച്ച. സ്പീക്കര്‍ എഎന്‍ ഷംസീറും തീരുമാനങ്ങളില്‍ തൃപ്തരല്ല.
പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാനായി 14ന് ചേരും. ഈ യോഗത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുമോ എന്ന് നേതൃത്വം വീക്ഷിക്കും. വിഎസ് അച്യുതാനന്ദന്റെ പേര് കമ്മറ്റിയില്‍ നിന്നും വെട്ടിക്കളഞ്ഞതുള്‍പ്പെടെ വിഷയമായി ഉയര്‍ന്നു വരാന്‍ സാധ്യത ഏറെയാണ്. കേരളത്തില്‍ സി.പി.എമ്മിനെ നയിക്കാന്‍ കപ്പിത്താനായി എം.വി. ഗോവിന്ദന്‍ തുടരുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം ഉറപ്പാക്കാനായി ക്യാപ്റ്റനായി പിണറായി വിജയന്‍ വരുമെന്നും ഉറപ്പായി. കൊല്ലത്തെ സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് 72 വയസുകാരനായ എം.വി. ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറായി തെരഞ്ഞെടുത്തത്.17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 89-അംഗ സി.പി.എം. സംസ്ഥാന സമിതിയേയും 17 അംഗ സെക്രട്ടേറിയറ്റിനേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, ടി.എം.തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, കെ.കെ.ജയചന്ദ്രന്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, പുത്തലത്തു ദിനേശന്‍, എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍ എന്നിവരാണു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍. 17 അംഗ സെക്രട്ടേറിയറ്റില്‍ അഞ്ചുപേര്‍ കണ്ണൂരില്‍നിന്നുള്ള പ്രതിനിധികളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍.
എം.വി. ജയരാജന്‍, സി.എന്‍. മോഹന്‍, കെ.കെ. ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍. 75 വയസെന്ന പ്രായപരിധി കണക്കിലെടുത്ത് ആനാവൂര്‍ നാഗപ്പന്‍, എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇവര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടാവില്ല. തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലയിലെ നേതാക്കള്‍ക്കും സെക്രട്ടേറിയറ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എം വിജയകുമാര്‍, എം.ബി. രാജേഷ്, പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.പി. ഉദയഭാനു, പി. ശശി എന്നീ നേതാക്കളെ സെക്രട്ടേറിയറ്റില്‍ പരിഗണിച്ചില്ല.
ജനുവരി ഒന്ന് കണക്കാക്കി പ്രായപരിധി മാനദണ്ഡം നടപ്പാക്കിയതിനാല്‍ മേയില്‍ 75 പൂര്‍ത്തിയാകുന്ന ഇ.പി.ജയരാജന്‍, ജൂണില്‍ 75-ലെത്തുന്ന ടി.പി. രാമകൃഷ്ണന്‍ എന്നിവരെ ഒരു തവണ കൂടി സെക്രട്ടേറിയറ്റ് അംഗങ്ങളായി തുടരാന്‍ അനുവദിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍നിന്നുള്ള നേതാക്കളുടെ അപ്രമാദിത്വം ഉറപ്പിക്കുമ്പോഴും ജില്ലയിലെ മുതിര്‍ന്ന നേതാവായ പി. ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചില്ല. ഇപ്പോള്‍ 72 വയസുള്ള പി. ജയരാജന് ഇനിയൊരു അവസരം കിട്ടുമോയെന്നും ഉറപ്പില്ല.