പരമ്പരാഗത ഈഴവ വോട്ടുകള്‍ ചേര്‍ത്തു പിടിക്കണം; റിയാസ് മുഖ്യമന്ത്രിയാകുമെന്ന 'ഭയം' പൊതു സമൂഹത്തില്‍ ഉയരാനും പാടില്ല; രണ്ടാം ഭരണം നേടിക്കൊടുത്ത നായകനെന്ന നിലയില്‍ പിണറായി അടുത്ത തവണയും നയിക്കട്ടെ എന്ന് കാരാട്ട് തന്നെ പ്രഖ്യാപിച്ചേക്കും; കൊല്ലത്ത് ചര്‍ച്ച 'ക്യാപ്ടനില്‍' മാത്രം; സിപിഎമ്മില്‍ എതിര്‍സ്വരം ഉയരില്ല

Update: 2025-03-06 01:02 GMT

കൊല്ലം: കേരളത്തിലെ സിപിഎമ്മിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. നേതാവായി പിണറായി തന്നെ വേണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര കമ്മറ്റി തന്നെ നിര്‍ദ്ദേശിക്കും. മൂന്നാംതവണയും എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കിയാകും ക്യാപ്ടനായി പിണറായിയെ കേന്ദ്ര കമ്മറ്റി ഉയര്‍ത്തിക്കാട്ടുക. കൊല്ലം സമ്മേളനത്തില്‍ സിപിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് തന്നെ തീരുമാനം പ്രഖ്യാപിക്കും.

രണ്ടാം ഭരണം നേടിക്കൊടുത്ത നായകനെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ അടുത്ത തവണയും നയിക്കട്ടെ എന്ന് തന്നെയാണ് കാരാട്ടിന്റേയും നിലപാട്. സിപിഎമ്മിനെ സംബന്ധിച്ച് തുടര്‍ച്ചയായ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള രാഷ്ട്രീയസാഹചര്യം ഒരുക്കുന്നതില്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന 'നവകേരളത്തിനായി പുതുവഴികള്‍' എന്ന നയരേഖ സുപ്രധാനമാണ്. ഇത് പിണറായിയെ കൊണ്ട് അവതരിപ്പിക്കുന്നത് തന്നെ നായകനില്‍ പൊതു സമൂഹത്തിന് വ്യക്തത വരാന്‍ വേണ്ടിയാണ്. ഈ പ്രമേയ ചര്‍ച്ചയുടെ പൊതു വികാരം പിണറായിയ്ക്ക് അനുകൂലമായി മാറും. പൊതു ചര്‍ച്ചയില്‍ തന്നെ പ്രകാശ് കാരാട്ട് തന്റെ അഭിപ്രായം അറിയിക്കാനും സാധ്യതയുണ്ട്. ആരും ഇതിനെ എതിര്‍ക്കാനും സാധ്യതയുണ്ട്. സമ്മേളന പ്രതിനിധിയായി എത്തുന്നവരെല്ലാം പിണറായി തന്നെ വരട്ടേ എന്ന അഭിപ്രായക്കാരാണ്. മറിച്ച് സമ്മേളന വേദിയില്‍ നിന്ന് ആരെങ്കിലും എതിര്‍പ്പ് പറഞ്ഞാലും അത് പാര്‍ട്ടി കേട്ടഭാവം നടിക്കില്ല.

ഈ സാഹചര്യത്തില്‍ പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കും. ഇതൊരു പ്രത്യേക സാഹചര്യമായി കണ്ട് ഇളവ് നല്‍കുന്നത് ക്യാപ്ടനായി പാര്‍ട്ടിയെ നയിക്കാനാണെന്ന് കാരാട്ട് തന്നെ വിശദീകരിക്കും. 80-ാം വയസ്സിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കും ഇളവ്. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ട എന്ന തീരുമാനം കഴിഞ്ഞ തവണ അവതരിപ്പിച്ചപ്പോള്‍ അടുത്ത തവണ ഇത് തനിക്കും ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. അതുകൊണ്ട് ഈ സമ്മേളനത്തിലും താന്‍ മാറാമെന്ന നിലപാട് പിണറായി എടുക്കും. എന്നാല്‍ ആരും അത് സമ്മതിക്കുകയും അനുവദിക്കുകയും ചെയ്യില്ല. പിണറായി വിജയന്‍ മത്സരിക്കാതിരുന്നാല്‍ പല ഊഹാപോഹങ്ങളുണ്ടാകും. അതിലൊന്ന് മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയാകുമെന്ന പ്രചരണമായിരിക്കും. ഇത് സിപിഎമ്മിന്റെ പരമ്പരാഗത വോട്ടിനെ ബാധിക്കും. ബിജെപി അത് മുതലെടുക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ അകലാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ഈഴവ വോട്ടുകളെ ചേര്‍ത്ത് നിര്‍ത്താന്‍ പിണറായി തന്നെ ക്യാപ്ടനാകണമെന്ന വിലയിരുത്തലാണ് ഉള്ളത്.

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ല എന്നതിലേക്കുള്ള പരിവര്‍ത്തനവും കരട് നയരേഖയില്‍ കടന്നുകൂടിയത് ദിശാമാറ്റത്തിന്റെ സൂചകമായി. യെച്ചൂരിയുടെ വിടവാങ്ങലിന് ശേഷം സിപിഎമ്മില്‍ കാരാട്ട് ലൈന്‍ കരുത്താര്‍ജിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന സമ്മേളനം അടുത്ത തിരഞ്ഞെടുപ്പിനെ നയിക്കുന്ന ക്യാപ്റ്റനെ കൂടി നിശ്ചയിക്കും. ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളര്‍ന്നുകഴിഞ്ഞ പിണറായിക്ക് കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് കൊല്ലത്ത് തെളിയുന്നത്. 75 വയസ്സ് എന്ന പ്രായപരിധിയില്‍ കഴിഞ്ഞതവണ തന്നെ ഇളവ് ലഭിച്ച പിണറായിക്ക് ഭരണത്തുടര്‍ച്ചയ്ക്ക് ഒരു തുടര്‍ച്ച തേടുമ്പോള്‍ സ്വാഭിവകമായും ഇത്തവണയും ഇളവ് നല്‍കേണ്ട സാഹചര്യം സിപിഎം നേതാക്കളെല്ലാം തിരിച്ചറിയുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ മണിക് സര്‍ക്കാരിന് ത്രിപുര ഘടകം ഇളവ് നല്‍കി സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തി. അദ്ദേഹത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിലാണ് ഇതെന്ന സൂചന ശക്തമാണ്. എന്നാല്‍ പ്രായം കഴിഞ്ഞ മണിക് സര്‍ക്കാരിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന നിര്‍ദ്ദേശത്തെ കേരളം അനുകൂലിക്കുമോ എന്നതാണ് നിര്‍ണ്ണായകം. അതിനിടെ കേന്ദ്രകമ്മിറ്റി, പി.ബി അംഗത്വത്തിന് 75 വയസ്സ് പരിധി തുടരുമെന്നും കാരാട്ട് വ്യക്തമാക്കുകയുണ്ടായി. 'ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ പ്രായപരിധിയാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. കേന്ദ്രകമ്മിറ്റിയിലേക്കുള്ള പ്രായപരിധി കേന്ദ്രകമ്മിറ്റി തീരുമാനിക്കും. കേരളത്തില്‍ പരിധി 75 ആണ്, തമിഴ്നാട്ടില്‍ 72 ആണ്, മധ്യപ്രദേശില്‍ 70 ആണ്', എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കാരാട്ടിന്റെ പ്രതികരണം. മധ്യപ്രദേശിന്റെയും തമിഴ്‌നാടിന്റെയും കാര്യം ഉദാഹരണമായി പറഞ്ഞെങ്കിലും അവിടെ രണ്ടിടത്തും 75 വയസ്സില്‍ താഴെയാണ് പ്രായപരിധി. എന്നാല്‍ ഇതെല്ലാം നിശ്ചയിച്ചത് പാര്‍ട്ടി കോണ്‍ഗ്രസാണ്.

നിയമസഭയിലേക്ക് രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മത്സരിക്കേണ്ട എന്ന തീരുമാനം അടുത്തതവണയും തുടരണോ എന്നതും നിര്‍ണ്ണായകമാണ്. അങ്ങനെ വന്നാല്‍ 22 സിറ്റിങ് എം.എല്‍.എമാര്‍ മാറിനില്‍ക്കേണ്ടി വരും. ഇത് തുടര്‍ഭരണ സാധ്യതകളെ ബാധിക്കുമോ എന്നും പരിശോധിക്കും. ഇതില്‍ മന്ത്രിമാരായ വീണാ ജോര്‍ജും ഒ.ആര്‍ കേളുവും ഈ മാനദണ്ഡം ബാധകമാകുന്നവരാണ്. സ്പീക്കര്‍ എ.എന്‍ ഷംസീറും മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എം.എം മണിയും കെ.കെ ശൈലജയും എ.സി മൊയ്തീനും രണ്ട് ടേം പൂര്‍ത്തിയാകുന്നവരിലുണ്ട്.

50 ശതമാനം വോട്ട് ഒറ്റയ്ക്ക് നേടാനാകുന്ന കരുത്ത് കൈവരിക്കുക എന്ന ലക്ഷ്യമാണ് സിപിഎം കുറേക്കാലമായി ആഗ്രഹിക്കുന്നത്. കീഴ്ഘടകങ്ങളുടെ പുനഃസംഘടന പൂര്‍ത്തിയായപ്പോള്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 564,895 ആയി വര്‍ധിച്ചു. എറണാകുളം സമ്മേളനത്തില്‍ നിന്ന് കൊല്ലത്തേക്ക് എത്തുമ്പോള്‍ 37,517 അംഗങ്ങളുടെ വര്‍ധന. ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം 3247 കൂടി 38,426 ബ്രാഞ്ചുകളായി. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പാര്‍ട്ടി വനിതാ പ്രാതിനിധ്യം കൂട്ടുമോ എന്ന ചോദ്യത്തിനും ഈ സമ്മേളനം ഉത്തരം നല്‍കും. 486 സമ്മേളന പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരും അടക്കം 530 പേരാണ് കൊല്ലം സമ്മേളനത്തില്‍ ആദ്യവസാനം പങ്കെടുക്കുക.

Tags:    

Similar News