സിവില്‍ സര്‍വീസില്‍ 555ാം റാങ്ക്; രാജിവെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍; കന്നിയങ്കത്തില്‍ പ്രവര്‍ത്തകരുടെ പ്രിയങ്കരന്‍; പാര്‍ട്ടിക്കായി സൈബറിടവും സജ്ജമാക്കി; ഒടുവില്‍ സമനില തെറ്റിയ പോലൊരു വാര്‍ത്താസമ്മേളനവും; 'നെപ്പോട്ടിസം' ആരോപിച്ചു മാധ്യമങ്ങള്‍ക്ക് മുന്നിലും കുടുങ്ങി; പി സരിന്‍ നിരാശപ്പെടുത്തുമ്പോള്‍

'നെപ്പോട്ടിസം' ആരോപിച്ചു മാധ്യമങ്ങള്‍ക്ക് മുന്നിലും കുടുങ്ങി; പി സരിന്‍ നിരാശപ്പെടുത്തുമ്പോള്‍

Update: 2024-10-16 13:07 GMT

പാലക്കാട്: ഇന്നത്തെ യുവതലമുറ ഏറെ ആവേശത്തോടെ നോക്കിക്കാണുന്ന മേഖലയാണ് സിവില്‍ സര്‍വീസ് മേഖല. പ്ലസ്ടു പഠനകാലം മുതല്‍ക്കെ തന്നെ അതിനായുള്ള പരിശീലനത്തിലേക്ക് കടക്കും. ഇത്തരത്തില്‍ മികച്ച അധ്വാനത്തിലൂടെ സിവില്‍ സര്‍വീസില്‍ എത്തിപ്പെട്ട് അവിടെ നിന്നും രാഷ്ട്രീയ മോഹം കൊണ്ട് പുറത്തിറങ്ങി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന വ്യക്തിയാണ് പി സരിന്‍. കോണ്‍ഗ്രസില്‍ വേഗത്തില്‍ നിയമസഭയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച വ്യക്തി കൂടിയാണ് സരിന്‍. അങ്ങനെയുള്ള സരിന്‍ ഇന്ന് പാലക്കാട് നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ചതില്‍ ഏറെ നിരാശയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ബാലികേറാമലയെന്ന് സിവില്‍ സര്‍വീസ് ആദ്യ പരിശ്രമത്തില്‍ മറികടന്ന വ്യക്തിയാണ് സരിന്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തായാക്കിയ സരിന്‍ 2008ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ആദ്യമായി എഴുതുന്നത്. ആദ്യവസരത്തില്‍ തന്നെ 555ാം റാങ്ക് നേടിയ സരിന് മുന്നില്‍ ഇന്ത്യന്‍ അക്കൗണ്ടസ് & ഓഡിറ്റ് സര്‍വീസിലേക്കുള്ള വഴിയാണ് തുറന്നത്. ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ 4 വര്‍ഷം കര്‍ണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ എന്ന കസേരയില്‍ ഇരുന്നു.

2016ലാണ് സരിന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യയും ഡോക്ടറുമായി സൗമ്യയുടെ പിന്തുണയും ലഭിച്ചതോടെ രാജി ഉറപ്പിച്ചു. മൂന്ന് മാസത്തെ നോട്ടീസ് കാലയളവിന് ശേഷം ഐ.എ.എ.എസില്‍ നിന്നും പടിയിറങ്ങി കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഈ തീരുമാനമെന്നാണ് സരിന്‍ അന്ന് പറഞ്ഞത്. തുടര്‍ന്ന് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണവിഭാഗത്തിലും ഐ.ടി സെല്ലിലും പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സംസ്ഥാന സെക്രട്ടറിയായി.

പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം സീറ്റില്‍ സരിനെ പാര്‍ട്ടി നിയോഗിക്കുകയും ചെയ്തു. മികച്ച മത്സരം തന്നെയാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. സിപിഎം കുത്തകയാക്കിയ മണ്ഡലത്തല്‍ പതിനായിരത്തിലേക്ക് സിപിഎം സ്ഥാനാര്‍ഥിയുടെ ലീഡ് കുറച്ചു. അതിന് ശേഷം ഇത്രയും കാലം ഒറ്റപ്പാലത്തെ പ്രവര്‍ത്തന മണ്ഡലമാക്കി അദ്ദേഹം. കൂടാതെ കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അതേ നാണയത്തില്‍ നേരിട്ടതില്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതിലും സരിന്‍ വിജയിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സരിന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സ്ഥിതിയില്‍ നിന്നുമാണ് ഇപ്പോള്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണായത്ത ചോദ്യം ചെയ്ത് സരിന്‍ വിമതനാകുന്നത്.


 



പാലക്കാട് ജില്ലയിലെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു സാധ്യത വന്നപ്പോള്‍ സരിനും ആ സീറ്റ് മോഹിച്ചിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും മറ്റൊരു ആളെ കൊണ്ടുവരേണ്ട ആവശ്യം എന്തായിരുന്നു എന്നതായിരുന്നു സരിന്റെ ചോദ്യം. എന്നാല്‍, അത് പരസ്യമായി പറഞ്ഞതിലൂടെ പാര്‍ട്ടിയില്‍ അദ്ദേഹം അച്ചടക്ക ലംഘനം നടത്തുകയാണ് ചെയ്തത്. ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലും തപ്പിത്തടയുന്ന സരിനെയാണ് കണ്ടത്.

സമനില തെറ്റിയതു പോലൊരു വാര്‍ത്താസമ്മേളനമായിരുന്നു സരിന്റേത്. പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നെപ്പോട്ടിസമുണ്ടെന്ന വിധത്തിലായിരുന്നു സരിന്റെ ആരോപണം. അതേസമയം ആ ചോദ്യം അദ്ദേഹത്തിന് തന്നെ തിരിച്ചടി ആകുകയും ചെയ്തു. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എങ്ങനെ മത്സരിക്കാന്‍ എത്തിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും സരിന് ഉത്തരംമുട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. തീരുമാനം പുന:പരിശോധിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സരിന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സരിന്‍ ഇടഞ്ഞതോടെ സി.പി.എം സരിനുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ടും ചോദ്യമുയര്‍ന്നു. പാലക്കാട് സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍, 'ആദ്യം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനം ഉറക്കട്ടെ' എന്നാണ് സരിന്‍ ഇതിന് മറുപടി നല്‍കിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്നും പാലക്കാട് കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണെന്നും സരിന്‍ പറഞ്ഞു. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമായിരുന്നു. പാലക്കാട്ടെ യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയണം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തോറ്റ് പോയേക്കാം. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്. ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. യാഥാര്‍ഥ്യം മറന്ന് കണ്ണടച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുന:രാലോചനക്ക് ഇനിയും അവസരം ഉണ്ടെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 



തങ്ങളുടെ തീരുമാനം അംഗീകരിക്കാതെ വൈകാരിക പ്രതികരണം നടത്തിയ സരിന് മുന്നില്‍ ഇനിയുള്ളത് അച്ചടക്കത്തിന്റെ വാളാണ്. തര്‍ക്കത്തില്‍ പ്രതികരണവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സരിന് വാണിംഗ് നല്‍കി കഴിഞ്ഞു. പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുക എന്നതാണ് സരിന്റെ ഉത്തരവാദിത്തം. അതിനെ മറികടന്ന് സരിന്‍ പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സരിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി അദ്ദേഹം പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറിയത് എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.

Tags:    

Similar News