സെല്‍വരാജ് വോട്ട് ചോദിച്ച് നടക്കുമ്പോള്‍ ടിപിയെ വെട്ടിക്കൊന്ന കൊടി സുനി; വോട്ടെടുപ്പ് ദിനം രമയെ ആശ്വസിപ്പിക്കാന്‍ എത്തിയ വിഎസ് സിപിഎമ്മിന് നല്‍കിയത് വമ്പന്‍ പണി; കഴിഞ്ഞ ലോക്‌സഭയില്‍ ഇപിയുടെ 'ബിജെപി' നമ്പറും ജനവിധിയെ സ്വാധീനിച്ചു; ഇലക്ഷന്‍ ടൈംമില്‍ ചീറ്റുമോ ഇപി ബോംബ്? പിന്നിലാരെന്ന ചോദ്യം സിപിഎമ്മില്‍ ഉയരുമ്പോള്‍
കണ്ണൂര്‍: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ മുതിര്‍ന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥയെന്ന തരത്തില്‍ പ്രസക്ത ഭാഗങ്ങള്‍ പുറത്ത് വിട്ടത് ആസുത്രിത ഗുഡാലോചനയാണെന്ന ആരോപണം ശക്തമാകുന്നു. പാര്‍ട്ടി മുഖ്യധാരയിലില്ലാത്ത ഇ.പിയെ കേന്ദ്രീകരിച്ച് ചില ഒളിയുദ്ധങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ആത്മകഥയിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്ത് വന്നതിലൂടെ സൂചന നല്‍കുന്നത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തില്ലാതിരുന്ന ഇ.പി ഇപ്പോള്‍ പോളിങ് ദിനത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഇ.പി.ജയരാജന്റെ പ്രതികരണം ഇങ്ങനെയാണ്: '' ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തില്‍. പുറത്തുവന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങള്‍ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും''. അതേസമയം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പുസ്തകത്തിന്റെ പ്രകാശനം കുറച്ചു ദിവസത്തേക്ക് നീക്കിവച്ചിരിക്കുന്നതായി പ്രസാധകര്‍ അറിയിച്ചു. അപ്പോഴും ഇതിനെല്ലാം പിന്നില്‍ ആരാണെന്ന ചോദ്യം സിപിഎമ്മില്‍ സജീവമാണ്.
പോളിങ് ദിനത്തില്‍ അസാധാരണ രാഷ്ട്രീയ നീക്കങ്ങള്‍ കേരളത്തില്‍ തുടങ്ങുന്നത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കാലത്താണ്. അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു അംഗത്തിന്റെ മാത്രമേ പിന്തുണയുള്ളൂ. ആ പിന്തുണ ഉയര്‍ത്താനെന്ന തരത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജ് സിപിഎമ്മുമായി യുദ്ധം പ്രഖ്യാപിച്ച് രാജിവച്ചു. ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വിജയം അനിവാര്യതയായിരുന്നു. എന്നാല്‍ ആ പ്രചരണത്തിനിടെ ടിപി ചന്ദ്രശേഖരനെ 51 വെട്ടിന് കൊടിസുനിയും കൂട്ടരും കൊന്നു. വേദനയറിയിക്കാന്‍ ടിപിയുടെ വീട്ടിലേക്ക് പോകാന്‍ സഖാവ് വിഎസ് അച്യുതാനന്ദന്‍ പോയത് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിലായിരുന്നു. അന്ന് കെകെ രമയെ വിഎസ് ആശ്വസിപ്പിക്കുന്ന ചിത്രവും വീഡിയോയും ആരുടേയും കണ്ണ് നയിപ്പിക്കുന്നതാണ്. അങ്ങനെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെല്‍വരാജ് ജയിക്കുകയും ചെയ്തു. അതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപിയുടെ ബിജെപി ബോംബും എത്തി. അപ്പോഴും സിപിഎം തകര്‍ന്നടിഞ്ഞു. അതിന് സമാനമായിരുന്നു ഇന്ന് ചര്‍ച്ചയായ വെളിപ്പെടുത്തലും. എന്നാല്‍ ഇപിയുടെ നിഷേധം കാര്യങ്ങള്‍ മാറ്റിമറിച്ചു. ഇത് സിപിഎമ്മിന് ആശ്വാസവുമായി.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസി ലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ 'കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിക്കാഴ്ച്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമര്‍ശം. പാലക്കാടെ സ്ഥാനാര്‍ത്ഥി പി സരിന്‍ അവസരവാദിയാണെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ടെന്നാണ് വാര്‍ത്ത. ഇതുടന്‍ തന്നെ ഇപി നിഷേധിച്ചു. ഡിസി പുസ്തക പ്രകാശനവും നീട്ടിവച്ചു. ഈ സാഹചര്യത്തിലും പുസ്തകത്തിലെ ഭാഗങ്ങള്‍ ചര്‍ച്ചയില്‍ തുടരുകയാണ്.
ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയില്‍ തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അതു വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രന്‍ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്'. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിനെതിരെ കടുത്ത വിമര്‍ശനവും പുസ്തകത്തില്‍ ഇപി ഉന്നയിക്കുന്നു. പി. സരിന്‍ അവസര വാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലിയാകുന്നത് ''ഓര്‍ക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നതെന്നും വാര്‍ത്ത എത്തി.
ദേശാഭിമാനി ബോണ്ട് വിവാദവും ഇപി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനുമായി ഞാന്‍ ഒരു ചര്‍ച്ചയും നടത്തിയില്ല. ചര്‍ച്ച ചെയ്തത് മാര്‍ക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി രണ്ടുകോടി മുന്‍കൂര്‍ വാങ്ങിയത്. പക്ഷേ പ്രശ്‌നം വഷളാക്കിയത് അന്ന് പാര്‍ട്ടിക്കുളളില്‍ നിലനിവന്ന വിഭാഗീയതയാണ്. വി എസ് അച്യുതാനന്ദന്‍ ഇത് ആയുധമാക്കി. താന്‍ മരിക്കും വരെ സിപിഎമ്മായിരിക്കുമെന്നും പാര്‍ട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ ഞാന്‍ മരിച്ചുവെന്നര്‍ത്ഥമെന്നും ഇപി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടെത്തി.
ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളെന്ന തരത്തിലാണ് ഇതെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം താന്‍ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി മകന്റെ ആക്കുളത്തെ ഫ്‌ളാറ്റില്‍ നിന്നും കണ്ടിരുന്നുവെന്ന് ഇപി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
അന്ന് എല്‍.ഡി.എഫ് കണ്‍വീനറായിരുന്നു ഇപി ജയരാജന്‍. ഇതിന് ശേഷം നടക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ പദവിയില്ലെങ്കിലും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പിയുടെ ആത്മകഥയും വിവാദമായി എന്നതാണ് വസ്തുത.