പ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ 'അത്മഹത്യാ പ്രേരണ' ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്‍; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?

Update: 2024-11-23 10:14 GMT

തിരുവനന്തപുരം: വയനാട് ലോക്‌സഭയില്‍ പ്രിയങ്കാ ഗാന്ധി നേടിയത് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ്. വോട്ടിംഗ് ശതമാനം കുറഞ്ഞതോടെ ഭൂരിപക്ഷം കുറയുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് നാലു ലക്ഷത്തിന് മുകളില്‍ അധിക വോട്ട് നേടിയ പ്രിയങ്കയുടെ കരുത്തുള്ള വിജയം. ഭൂരിപക്ഷം കുറഞ്ഞിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കാണ്ടും വടിയെടുക്കുമായിരുന്നു. ഇതിന്റെ സൂചനകള്‍ എഐസിസി നല്‍കുകയും ചെയ്തു. അതുകൊണ്ട് പാലക്കാന്‍ വിജയത്തേക്കാള്‍ കെപിസിസിയ്ക്ക് നിര്‍ണ്ണായകമാകുന്നത് വയനാട്ടിലെ മിന്നും വിജയമാണ്. പ്രിയങ്കാ ഇഫക്ട് കേരളത്തിലുണ്ടെന്ന് തെളിഞ്ഞു.

വയനാടിന്റെ മുക്കിലും മൂലയിലും അവര്‍ മുന്നേറി. ഇതിനൊപ്പമാണ് പാലക്കാട്ടെ മിന്നും വിജയം. പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. എന്നാല്‍ അതും കടന്ന് പതിനെട്ടായിരത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലെത്തി. അങ്ങനെ കെപിസിസിയുടെ യോജിച്ച പ്രവര്‍ത്തനം അവിടെ വിജയിച്ചു. ചേലക്കരയിലെ യുആര് പ്രദീപിന്റെ ക്രിസ്റ്റല്‍ ക്ലിയര്‍ വിജയം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ആശ്വാസമാണ്. പാലക്കാട് മൂന്നമാതായിരുന്നു സിപിഎം ഇതിന് മുമ്പും. ഇവിടെ വോട്ടും ഇടതു സ്വതന്ത്രനായ പി സരിന് കൂടി. അങ്ങനെ സിപിഎമ്മിനും ആശ്വസിക്കാന്‍ വകയുണ്ട്. പക്ഷേ ബിജെപിയ്ക്കാണ് പ്രതിസന്ധി. പാലക്കാട് തകര്‍ന്നു. വയനാട് വോട്ടു കുറഞ്ഞു. അവകാശ വാദങ്ങളെല്ലാം തകര്‍ന്നു. അതായത് യുഡിഎഫിനും എല്‍ഡിഎഫിനും ആശ്വാസമാണ് ഈ ഫലങ്ങള്‍.

തൃശ്ശൂര്‍ ലോക്സഭാ സീറ്റിലെ കുതിപ്പിന് പിന്നാലെ തൃശ്ശൂരില്‍ നടത്തിയതിന് സമാനമായ പ്രവര്‍ത്തനമാണ് ബിജെപി പാലക്കാട്ടും നടത്തിയത്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കലും വീടുകയറി വോട്ട് ചോദിക്കലുമുള്‍പ്പെടെ കൃത്യമായി നടപ്പിലാക്കി. എന്നിട്ടും 2021ലെ പരാജയത്തിന് പകരം വീട്ടാന്‍ കഴിയാതെ പോയത് സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനുമേല്‍പ്പിക്കുന്ന തിരിച്ചടി വലുതാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് ആകെ വിജയ പ്രതീക്ഷ വാനോളമുണ്ടായിരുന്നത് പാലക്കാടായിരുന്നു. ആ പ്രതീക്ഷയാണ് യുഡിഎഫ് തല്ലിക്കെടുത്തിയത്. 2021ല്‍ ഇ ശ്രീധരന്‍ നേടിയ 50,220 വോട്ടിന്റെ അടുത്തെത്താന്‍ കൃഷ്ണകുമാറിന് സാധിച്ചില്ല. പാലക്കാടും വയനാട്ടിലും ഇടതു പക്ഷം തോല്‍ക്കുമ്പോള്‍ പോലും ഈ നാണക്കേട് അവര്‍ക്കില്ല.

ചേലക്കരയില്‍ മികച്ച വിജയം നേടുകയും ചെയ്തു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപതിരഞ്ഞെടപ്പുകളുണ്ടായി. കോന്നിയും വട്ടിയൂര്‍ക്കാവും അരൂരും എറണാകുളത്തും തിരഞ്ഞെടുപ്പ് വന്നു. ഇതില്‍ കോന്നിയും വട്ടിയൂര്‍ക്കാവും സിപിഎം പിടിച്ചു. എറണാകുളം കോണ്‍ഗ്രസ് നിലനിര്‍ത്തി. അരൂരില്‍ കോണ്‍ഗ്രസ് ഷാനിമോളിലൂടെ അട്ടിമറിയും നടത്തി. ഇത്തരം അട്ടിമറികളൊന്നും ഇത്തവണ ഉണ്ടാകുന്നില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ആ നേട്ടം അവര്‍ക്കില്ല. ചേലക്കരയില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയെന്ന വസ്തുതയുമുണ്ട്. ചുരുക്കത്തില്‍ ബിജെപിയുടെ അവസ്ഥ ഉള്ളി തൊലിച്ചതു പോലെയായി എന്നാണ് കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും സൈബര്‍ ഗ്രൂപ്പുകള്‍ പറഞ്ഞു വയ്ക്കുന്നത്.

ചേലക്കരയില്‍ സിപിഎം തോറ്റിരുന്നുവെങ്കില്‍ അത് അവര്‍ക്ക് വലിയ തിരിച്ചടിയായി മാറുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം പോലും ചോദ്യം ചെയ്യുമായിരുന്നു. അതാണ് ഒഴിവാക്കപ്പെടുന്നത്. കെപിസിസിയില്‍ കെ സുധാകരനും പ്രതിപക്ഷ നേതാവായ വിഡി സതീശനും ആശ്വാസമാണ് വിജയങ്ങള്‍. പ്രിയങ്കാ ഗാന്ധിയുടെ ഉയര്‍ന്ന ഭൂരിപക്ഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും തുണയായി. ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്റെ പൊന്നാപുരം കോട്ട കാത്ത് യു.ആര്‍. പ്രദീപ് പിണറായിയേയും രക്ഷിച്ചു 28 വര്‍ഷം നീണ്ടുനിന്ന ഇടതുതേരോട്ടത്തിനു കടിഞ്ഞാണ്‍ ഇടാന്‍ ചേലക്കരയിലെ ആദ്യഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനായില്ല.

1996ല്‍ കെ. രാധാകൃഷ്ണന്‍ കോണ്‍ഗ്രസില്‍നിന്നും പിടിച്ചെടുത്ത ചേലക്കരയില്‍ ഇത്തവണ അദ്ദേഹം ലോക്‌സഭയിലേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഇതോടെ മണ്ഡലം നിലനിര്‍ത്താന്‍ മുന്‍ എംഎല്‍എയായ യു.ആര്‍. പ്രദീപിനെ സിപിഎം കളത്തിലിറക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിന്റെയും ബിജെപിയുടെ കെ. ബാലകൃഷ്ണന്റെയും അന്‍വറിന്റെ ഡിഎംകെയുടെയും വെല്ലുവിളികളെ മറികടന്നാണ് പ്രദീപിന്റെ തേരോട്ടം. മണ്ഡലത്തില്‍ സിപിഎമ്മിന്റെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്.

2019-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുകോട്ടകളെ വിറപ്പിച്ച ചരിത്രം രമ്യക്ക് ആവര്‍ത്തിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ചുവപ്പുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ രമ്യയ്ക്കും സാധിച്ചില്ല. ഇത് സിപിഎമ്മിന് ആശ്വാസമാണ്. പാര്‍ട്ടി സമ്മേളന കാലത്ത് പിണറായി വിജയന് ഇത് തുണയായി മാറും. പിപി ദിവ്യ അടക്കമുണ്ടാക്കിയ വിവാദങ്ങള്‍ ചേലക്കരയില്‍ വോട്ടായി മാറുമോ എന്ന സംശയം സിപിഎമ്മിനുണ്ടായിരുന്നു. ഇതടക്കം സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ഉയരുമോ എന്ന ഭയം നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ചേലക്കരയിലെ വിജയത്തിലൂടെ പിണറായിയ്ക്ക് കഴിയും.

പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും സംഘടനാ കരുത്തില്‍ ഇനി വാദങ്ങളുയര്‍ത്താം. യുഡിഎഫില്‍ പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും മുമ്പോട്ട് പോവുകയും ചെയ്യാം. അതായത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലായത് ബിജെപി സംസ്ഥാന നേതൃത്വം മാത്രമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയം സംസ്ഥാന നേതൃത്വത്തിനെതിരെ നിലകൊള്ളുന്നവര്‍ക്ക് ഊര്‍ജമായി മാറും. പാലക്കാട് സീറ്റിന് വേണ്ടി ശോഭാ സുരേന്ദ്രനെ പിന്തുണച്ചിരുന്നവര്‍ സംസ്ഥാന നേതൃത്വത്തിനെതിരേ തിരിയും. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടുയര്‍ത്തുന്ന ശോഭാ സുരേന്ദ്രന്‍ നിന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നു പാലക്കാടെന്നാണ് ഒരുവിഭാഗം വാദിച്ചിരുന്നത്. ഇതെല്ലാം ഇനി നേതൃത്വത്തിനെതിരെ ഉയരും.

Tags:    

Similar News