ഹൈക്കമാണ്ട് 'നോ' പറഞ്ഞിട്ടും സുധാകരന് 'കുത്ത്' നല്‍കി ഹസന്‍; ഷാഫി പ്രതിരോധത്തിന് വിഡി സതീശനൊപ്പം എ ഗ്രൂപ്പും അണിനിരക്കും; മാങ്കൂട്ടത്തിലിനെ കെപിസിസി നോമിനിയാക്കാത്തത് ഐ ഗ്രൂപ്പ് ചതി! ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയില്‍ ദേശീയ നേതാക്കള്‍; പ്രിയങ്ക ഫാക്ടര്‍ ആരും തിരിച്ചറിയുന്നില്ലേ?

Update: 2024-10-28 08:03 GMT

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. നല്‍കിയ കത്ത് പുറത്തുവന്നതില്‍ കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യമിട്ട് വിഡി സതീശന്‍ പക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വികാരമുണ്ടക്കാന്‍ സുധാകരന്‍ ശ്രമിച്ചുവെന്ന പരോക്ഷ സൂചനയുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. കോണ്‍ഗ്രസിലെ എ വിഭാഗവും വിഡി സതീശനും ഒരുമിക്കുന്നതിന്റെ സൂചന കൂടിയാണ് ഇത്. പാലക്കാട് ഷാഫിക്കെതിരെ ഐ വിഭാഗം ഒരുമിക്കുന്നുവെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ് പ്രത്യാക്രമണത്തിന് എത്തുന്നത്. ഏതായാലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനായി ഇതെല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. അനായാസ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

വിവാദത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു കടുത്ത അതൃപ്തിയും ഉണ്ട്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ ഈ വിവാദങ്ങളില്‍ കര്‍ശന നടപടികള്‍ക്ക് സാധ്യതയും ഉണ്ട്. ഗ്രൂപ്പുകളി അതിരുകള്‍ ലംഘിക്കുവെന്ന അഭിപ്രായം മുതിര്‍ന്ന നേതാവ് എകെ ആന്റണിയ്ക്കും ഉണ്ട്. തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍ നേരിട്ടാല്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറുപടി പറയേണ്ടി വരും. എല്ലാവരും ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ട സമയം ഉള്‍പോര് പാടില്ലെന്നാണ് ഹൈക്കമാണ്ടിന്റേയും പക്ഷം. വിവാദങ്ങളില്‍ കേരളത്തിലെ പ്രധാന നേതാക്കളെ എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷവും ഹസന്‍ പരസ്യ പ്രതികരണവുമായി എത്തി. ഇത് പോര് തുടരുമെന്നതിന്റെ സൂചനയാണ്.

സുധാകരനെതിരെ ഹസന്‍ പരസ്യ പ്രതികരണമാണ് നടത്തിയത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ നോമിനി ആണെന്ന് സുധാകരന്‍ പറയേണ്ടിയിരുന്നുവെന്ന് ഹസന്‍ പറഞ്ഞു. ''എഐസിസിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കത്തയക്കുന്നത് സാധാരണമാണ്. ഇലക്ഷന്‍ കമ്മിറ്റി ആരുടെ പേരാണ് നല്‍കിയത് എന്നാണ് എഐസിസി നോക്കുന്നത്. അതിനാല്‍ കത്തില്‍ അന്വേഷണം ആവശ്യമില്ല. കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇലക്ഷന്‍ കമ്മിറ്റി പേര് നല്‍കുന്നത്. ഇതില്‍ ഒരു വിവാദം വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് സ്ഥാനാര്‍ത്ഥി എന്നാണ് കെപിസിസി അധ്യക്ഷന്‍ പറയേണ്ടത്. ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒരു ഇലക്ഷന്‍ കമ്മറ്റി യോഗത്തില്‍ ഒരു നോമിനിയുടെ പേര് ആരെങ്കിലും പറഞ്ഞാല്‍ അത് അയാളുടെ നോമിനി ആകില്ലല്ലോ. എല്ലാ പാര്‍ട്ടിയിലും അങ്ങനെയാണ്.'' ഹസന്‍ പറഞ്ഞു. ഷാഫിക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നു ഹസന്‍. കരുതല്‍ വേണമെന്ന ഹൈക്കമാണ്ട് നിര്‍ദ്ദേശം ഹസന്‍ തള്ളിയെന്നതാണ് വസ്തുത.

കത്ത് ചോര്‍ത്തിയത് പാര്‍ട്ടിയിലെ ഉന്നതന്‍ ആണെന്ന വിവരമാണു പുറത്തുവരുന്നത്. കേരളത്തിലെ അനുകൂല രാഷ്ട്രീയ സാഹചര്യത്തെ ഗ്രൂപ്പ് കളിച്ച് നശിപ്പിക്കുന്നുവെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തല്‍. ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതും ഉള്‍പാര്‍ട്ടി പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തിരുത്തലുകള്‍ക്ക് സാധ്യത ഏറെയാണ്. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തുവന്നത്. ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അഞ്ചുനേതാക്കളാണ് ഒപ്പുവെച്ചിരിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് പുറമേ മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരായ വി.കെ. ശ്രീകണ്ഠന്‍ എം.പി, വി.എസ്. വിജയരാഘവന്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം സി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. തുളസി എന്നിവര്‍ ഒപ്പിട്ടിട്ടുണ്ട്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും കത്ത് അയച്ചിട്ടുണ്ട്. പാലക്കാട് ബി.ജെ.പിയുടെ വിജയം തടയാന്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നും സമൂഹത്തിലെ എല്ലാവിഭാഗത്തിന്റേയും ഇടതുമനസുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.

Tags:    

Similar News